32 കാരിയായ സിബോംഗിലെ മണി എന്ന യുവതിയുടെ അക്കൗണ്ടിൽ ആണ് അബദ്ധത്തിൽ ഏകദേശം 6 കോടിയോളം രൂപ (768363.26 ഡോളർ ) എത്തിയത്. ദക്ഷിണാഫ്രിക്കയിലെ വാൾട്ടർ സിസുലു സർവകലാശാലയിലെ (ഡബ്ല്യുഎസ്‌യു) വിദ്യാർത്ഥിയായിരുന്നപ്പോൾ മണിയ്ക്ക് പ്രതിമാസം 100 ഡോളർ (ഏകദേശം 8,300 രൂപ) സ്‌റ്റൈപ്പന്റ് ലഭിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുമൂലം സ്‌റ്റൈപ്പന്റ് തുകയ്ക്ക് പകരം ആറുകോടി രൂപ നിക്ഷേപിച്ചത്. എന്നാൽ അബദ്ധത്തിലാണ് ഈ തുക അക്കൗണ്ടിലെത്തിയത് എന്ന് അറിഞ്ഞിട്ടും യുവതി ഇക്കാര്യം ബാങ്കിനെ അറിയിക്കാൻ കൂട്ടാക്കിയില്ല.
advertisement
പകരം ആ പണം പരമാവധി ചെലവഴിക്കാൻ തീരുമാനിച്ചു. അങ്ങനെ തന്റെ അക്കൗണ്ടിൽ നിന്ന് ഏകദേശം 33 ലക്ഷത്തോളം ചെലവഴിച്ച് മണി വിലകൂടിയ വസ്ത്രങ്ങളും ഐഫോണും മദ്യവുമെല്ലാം വാങ്ങി ആഘോഷിച്ചു. ഇതിനുപുറമെ സുഹൃത്തുക്കൾക്ക് ആഡംബര പാർട്ടിയും ഒരുക്കിയിരുന്നു. എന്നാൽ മണിയുടെ ഈ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അസാധാരണമായ ഇടപാട് ബാങ്കിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ ഈ വിവരം പോലീസിനെ അറിയിക്കുകയും മോഷണവും വഞ്ചന കുറ്റവും ചുമത്തി യുവതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. സൂപ്പർമാർക്കറ്റിൽ ഉപേക്ഷിച്ച ബാങ്ക് രസീത് വഴിയാണ് യുവതിയെ പോലീസ് പിടികൂടിയത്.
2017 ലായിരുന്നു അറസ്റ്റ് നടന്നത്. ശേഷം 2022 ൽ ഇവർക്ക് അഞ്ചുവർഷത്തെ തടവ് ശിക്ഷയും വിധിച്ചു. എന്നാൽ തന്റെ അക്കൗണ്ടിലെത്തിയ പണം ദൈവത്തിന്റെ സമ്മാനമായി കരുതിയെന്നും അതുകൊണ്ടാണ് ചെലവഴിക്കുന്നതിനു മുൻപ് മറ്റൊന്നും ആലോചിക്കാതിരുന്നതെന്നും യുവതി കോടതിയിൽ വാദിച്ചു. അങ്ങനെ ഒടുവിൽ ഒരു തരത്തിലുള്ള മോഷണമോ വഞ്ചനയോ യുവതി ചെയ്തിട്ടില്ലെന്ന വ്യവസ്ഥയിൽ ജയിൽ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കാനും ജഡ്ജിമാർ നിർദ്ദേശിച്ചു. ഇതിന് പകരം യുവതിയോട് 14 ആഴ്ച കൗൺസിലിങ്ങിന് വിധേയയാകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും ചെലവഴിച്ച പണം തിരികെ നൽകാൻ ഉത്തരവിട്ടില്ല.