വര്‍ക്ക് ഫ്രം ഹോം എന്നാല്‍ ഒരു മണിക്കൂര്‍ ജോലിയും എട്ട് മണിക്കൂറിലെ ശമ്പളവുമല്ലെന്ന് അദ്ദേഹം പറയുന്നു. ജീവനക്കാരുടെ പ്രകടനം ട്രാക്ക് ചെയ്യാന്‍ എഐ സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തിയതിലൂടെയാണ് വര്‍ക്ക് ഫ്രം ഹോമിലെ കള്ളത്തരം കണ്ടെത്തിയത്. ട്രാക്കിങ്ങിന് എഐ ഉപയോഗിച്ചതിലൂടെ ഒരു ജീവനക്കാരി 'മൂണ്‍ലൈറ്റിങ്' നടത്തുന്നതായി കണ്ടെത്തിയതായി രാമാനുജ് മുഖര്‍ജി പറയുന്നു.
വര്‍ക്ക് ഫ്രം അനുവദിച്ചുകൊണ്ട് കമ്പനി നിയമനം നടത്താറുണ്ട്. എന്നാല്‍ ടൈം ട്രാക്കിങ്ങിനായി ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ജീവനക്കാരിയോട് നിര്‍ദേശിച്ചപ്പോള്‍ അവര്‍ അതിന് തയ്യാറായില്ല. മാത്രമല്ല, അവര്‍ ദേഷ്യപ്പെട്ട് ജോലി ഉപേക്ഷിച്ച് പോകുകയും ചെയ്തുവെന്ന് രാമാനുജ് പറയുന്നു. കമ്പനിക്കെതിരെ മോശമായി പ്രതികരിക്കുകയും ജോലി സംസ്‌കാരം ടോക്‌സിക്കാണെന്നും യുവതി ലിങ്ക്ഡ് ഇന്നില്‍ ആരോപിച്ചു.
advertisement
എന്നാല്‍ ഇതിനെതിരെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മുഖര്‍ജി പ്രതികരിച്ചത്. "ആരോ മൂണ്‍ലൈറ്റിങ് ചെയ്യുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ ഞങ്ങള്‍ എഐക്ക് നല്‍കി. അതിന്റെ റിസല്‍ട്ട് അവര്‍ക്ക് കാണിച്ചുകൊടുത്തു. ടൈം ട്രാക്കിങ്, ആക്ടിവിറ്റി ട്രാക്കിങ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഞങ്ങള്‍ ആ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ ജോലി ഉപേക്ഷിക്കുകയും ലിങ്ക്ഡ് ഇന്നില്‍ കമ്പനിയെക്കുറിച്ച് മോശമായി പ്രതികരിക്കുകയും ചെയ്തു. വര്‍ക്ക് ഫ്രം ഹോം എന്നാല്‍ നിങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് അര്‍ത്ഥമില്ല. ഒരു മണിക്കൂര്‍ ജോലിയും എട്ട് മണിക്കൂറിലെ ശമ്പളവുമല്ല", രാമാനുജ് എക്‌സില്‍ കുറിച്ചു.
കമ്പനിയുടെ സഹസ്ഥാപകനായ യാഷ് വിജയ്‌വര്‍ഗിയയും രാമാനുജിന്റെ വാദങ്ങളെ അനുകൂലിച്ചു. നവംബറിലാണ് അവസാനം ആ ജീവനക്കാരി ടാര്‍ജറ്റ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് യാഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് മാസമായി 30 ശതമാനം ടാര്‍ജറ്റ് മാത്രമാണ് അവര്‍ക്ക് നേടാനായിട്ടുള്ളതെന്നും യാഷ് പറയുന്നു.
ജീവനക്കാരിയെ കുടുക്കിയ എഐ ടൂള്‍സ് റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ടും അവര്‍ പങ്കുവെച്ചിട്ടുണ്ട്. അവര്‍ റെസ്യുമെയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ചെന്നും മുഖര്‍ജി പറയുന്നുണ്ട്. ജീവനക്കാരിയുടെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ടും പോസ്റ്റില്‍ മുഖര്‍ജി പങ്കുവെച്ചു.
ലോ സികോയില്‍ ജോലിയില്‍ കയറും മുമ്പ് രണ്ട് വര്‍ഷം സുരാസ എന്ന കമ്പനിയില്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് മധുമിതയെന്ന ആ ജീവനക്കാരി പ്രൊഫൈലില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ സുരാസയിലെ ഋഷഭ് ഖന്നയുമായി സംസാരിച്ചപ്പോഴാണ് അവരെ അവിടെ നിന്നും ആറ് മാസം മുമ്പ് പറഞ്ഞുവിട്ടതാണെന്ന് അറിഞ്ഞതെന്ന് മുഖര്‍ജി വ്യക്തമാക്കി. തങ്ങളുടെ കമ്പനിയില്‍ ജോലി ലഭിക്കുന്നതിനായി വ്യാജ രേഖകള്‍ ഉണ്ടാക്കിയതായും കമ്പനി സ്ഥാപകര്‍ ആരോപിക്കുന്നുണ്ട്.
ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇതുപോലുള്ള ജീവനക്കാരാണ് ഓഫീസിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നതിലേക്ക് കമ്പനികളെ കൊണ്ടെത്തിക്കുന്നതെന്ന് ഒരാള്‍ പ്രതികരിച്ചു. എല്ലാവരുടെയും വര്‍ക്ക് ഫ്രം ഹോം അവസരം ഇല്ലാതാക്കിയത് ഇവരാണെന്നായിരുന്നു മറ്റൊരു പ്രതികരണം. പലരും വര്‍ക്ക് ഫ്രം ഹോം ദുരുപയോഗം ചെയ്യുന്നതായി മറ്റൊരാള്‍ പ്രതികരിച്ചു. ഇത്തരം പ്രവൃത്തികള്‍ ഈ സംവിധാനത്തോടുള്ള വിശ്വാസം കെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.