കേസിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പ്രതികളെയും കുറ്റവിമുക്തരാക്കിയാണ് പ്രത്യേക സിബിഐ കോടതി വിധി. ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്ന് നിരീക്ഷിച്ച കോടതി മസ്ജിദ് പൊളിക്കാൻ പ്രതികൾ മുൻകൂട്ടി ആസൂത്രണം നടത്തിയില്ലെന്നും വിലയിരുത്തിയാണ് വിധി പ്രസ്താവിച്ചത്.
You may also like: ബാബറി മസ്ജിദ് തകര്‍ത്ത കേസ്; മൂന്ന് പതിറ്റാണ്ട് നീണ്ട നാൾവഴികൾ
advertisement
മുൻകൂട്ടി ആസൂത്രണം ചെയ്ത് പള്ളി തകർക്കപ്പെട്ടതല്ല. അവിടെ സ്വയമേവ സംഭവിച്ചതാണ്. കല്ലേറ് തുടങ്ങിയത് തകർക്കപ്പെട്ട കെട്ടിടത്തിന്റെ പുറകിൽ നിന്നാണ്. മുതിർന്ന നേതാക്കൾ അവരെ തടയാനാണ് ശ്രമിച്ചത്.
വെള്ളവും പൂക്കളും കൊണ്ടുവരാനാണ് കർസേവകരോട് ആവശ്യപ്പെട്ടത്. ഹിന്ദുക്കളുടെ ആരാധനാ വിഗ്രഹം സ്ഥിതി ചെയ്യുന്നതിനാൽ കെട്ടിടം സുരക്ഷിതമായി നിലനിൽക്കണമെന്നാണ് അശോക് സിംഗാൾ ആഗ്രഹിച്ചിരുന്നതെന്നും കോടതി വിലയിരുത്തി. മസ്ജിദ് തകർത്തതിന് പിന്നിലെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികൾക്കെതിരായ ഗൂഢാലോചനാ കുറ്റം 2001ൽ വിചാരണ കോടതി എടുത്തുകളഞ്ഞിരുന്നു. 2010ൽ അലഹബാദ് ഹൈക്കോടതി ഈ വിധി ശരിവെച്ചു. എന്നാൽ 2017 ഏപ്രില്‍ 19ന് സുപ്രീംകോടതി ഗൂഢാലോചന കുറ്റം പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടു. 2 വർഷം കൊണ്ടു വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ആദ്യം ഈ വർഷം ഓഗസ്റ്റ് 31 വരെയും തുടർന്ന് ഇന്നേക്കും തീയതി നീട്ടിക്കൊടുത്തു.