മാസം ഒരു ആഴ്ചയില്‍ മാത്രമാണ് ഈ യുവാവ് ജോലി ചെയ്യുന്നത്. ഒരു മാസത്തെ ജോലി ഒരാഴ്ചകൊണ്ട് തീര്‍ക്കും. വാര്‍ഷിക വരുമാനമായി നേടുന്നത് 80,000 ഡോളറാണെന്നും യുവാവ് റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഏതാണ്ട് 66 ലക്ഷം ഇന്ത്യന്‍ രൂപ വരുമിത്. എന്നാല്‍ തനിക്ക് ഇപ്പോഴും സന്തോഷം കണ്ടെത്താനായിട്ടില്ലെന്നും സംതൃപ്തനല്ലെന്നുമാണ് യുവാവിന്റെ വെളിപ്പെടുത്തല്‍.
എല്ലാവരും സ്വപ്‌നം കാണുന്ന ഒരു ജീവിതമാണ് അദ്ദേഹത്തിന്റേത് എന്ന് തോന്നും. ഇങ്ങനെയൊരു തൊഴില്‍-ജീവിത സന്തുലിതാവസ്ഥയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ ജീവിതത്തില്‍ താന്‍ അതൃപ്തനാണെന്ന് യുവാവ് പറയുന്നു. ഒരാഴ്ച ജോലി ചെയ്താല്‍ ബാക്കിയുള്ള ദിവസങ്ങള്‍ ടിവി കാണാനും പോഡ്കാസ്റ്റ് കേള്‍ക്കാനും ഇന്റര്‍നെറ്റിലുമായാണ് ചെലവഴിക്കുന്നതെന്നും യുവാവ് അവകാശപ്പെടുന്നുണ്ട്.
advertisement
ഈ പോസ്റ്റ് വളരെ വേഗത്തില്‍ വൈറലായി. ജോലിയിലെ നിലനില്‍പ്പിന്റെ ഭാഗമായി ഒരു മികച്ച പെര്‍ഫോമറായി മാറിയ അദ്ദേഹത്തിന്റെ യാത്രയെ കുറിച്ചും പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്. ജോലിയില്‍ താന്‍ വളരെ കാര്യപ്രാപ്തിയോടെ പ്രവര്‍ത്തിക്കുന്നതായി യുവാവ് പറയുന്നുണ്ട്. എല്ലാ മാസവും ഒരാഴ്ച മാത്രമാണ് ജോലിക്കായി എടുക്കുന്നതെന്നും ബാക്കി സമയം ടിവി കാണാനും ഗെയിം കളിക്കാനും മറ്റ് വിനോദങ്ങള്‍ക്കുമായാണ് ഉപയോഗിക്കുന്നതെന്നും യുവാവ് വിശദമാക്കി.
ആദ്യം ജോലി തുടങ്ങിയപ്പോള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവ് കാരണം ഈ രംഗത്ത് മുന്നിലെത്താന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ ഇപ്പോൾ മിനുറ്റില്‍ 75 വാക്കുകള്‍ എന്ന നിരക്കില്‍ വളരെ കൃത്യതയോടെ ടൈപ്പ് ചെയ്യാനാകുമെന്നും എക്‌സല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കാര്യക്ഷമമായും വേഗത്തിലും റിപ്പോര്‍ട്ടുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി താന്‍ നേടിയിട്ടുണ്ടെന്നുമാണ് യുവാവിന്റെ അവകാശ വാദം.
തനിക്കെതിരെ കമ്പനിയില്‍ ആരും പരാതിപ്പെടുന്നില്ലെന്നും കമ്പനിയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് താനാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ക്ലൈന്റുകളുമായി മികച്ച ബന്ധമാണ് തനിക്കുള്ളതെന്നും യുവാവ് വെളിപ്പെടുത്തുന്നു. ജോലിയില്‍ എല്ലാ സമയപരിധികളും പാലിക്കുന്നുണ്ടെന്നും വളരെ ആത്മാര്‍ത്ഥതയോടെ കളങ്കമില്ലാതെയാണ് ജോലി ചെയ്യുന്നതെന്നും യുവാവ് പറയുന്നുണ്ട്. സത്യം പറഞ്ഞാല്‍ മാസത്തില്‍ ഒരാഴ് മാത്രമാണ് ജോലി ചെയ്യുന്നതെന്നും മറ്റ് മൂന്ന് ആഴ്ചകളിലും വെറുതെയിരിപ്പാണെന്നും അദ്ദേഹം പോസ്റ്റില്‍ വിശദീകരിക്കുന്നു.
എന്നാല്‍, ജോലിയില്‍ മികച്ച വിജയം നേടാനായിട്ടും സമ്പത്ത് ഉണ്ടായിട്ടും ഒഴിവു സമയം ധാരാളമായി കിട്ടിയിട്ടും ആ യുവാവിന് ജീവിതത്തില്‍ വിരസതയും അതൃപ്തിയും അനുഭവപ്പെടുന്നു. വായനാശീലത്തെ കുറിച്ചും അയാള്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ധാരാളം പുസ്തകങ്ങള്‍ വായിക്കുമായിരുന്നുവെന്നും ഒരു വര്‍ഷം 200 പുസ്തകങ്ങള്‍ വരെ വായിച്ചിട്ടുണ്ടെന്നും അയാള്‍ പറയുന്നുണ്ട്.
താല്‍പ്പര്യമുള്ള വിഷയങ്ങളെ കുറിച്ചും ആഴത്തില്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ബോറടിക്കുന്നുവെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. "എല്ലാം കൃത്യമായും മികച്ച രീതിയിലും ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് കരുതി. ഞാന്‍ അമിതമായി നേട്ടങ്ങള്‍ കൈവരിക്കുകയും ജോലി കുറയുകയും ചെയ്യുന്നു. എന്നാല്‍, ഞാന്‍ ബുദ്ധിമുട്ട് നേരിട്ട സമയത്തേക്കാള്‍ ഏറ്റവും മോശമായി തോന്നുന്നു", യുവാവ് കുറിച്ചു.
"നിശബ്ദമായി ജോലി ഉപേക്ഷിക്കുക" എന്ന ജനപ്രിയ നിര്‍ദേശത്തെ മറികടക്കുന്നതാണ് സാഹചര്യം എന്ന് സൂചിപ്പിച്ചുകൊണ്ടാണ് യുവാവ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിശബ്ദമായി ജോലി ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ ജോലികള്‍ മാത്രമാണ് ചെയ്യുന്നത്. ഈ പദം തന്നെ ശരിയല്ലെന്നും "നിശബ്ദമായ നീറ്റല്‍" പോലെയാണിതെന്നും യുവാവ് കുറിച്ചു.
പോസ്റ്റ് വൈറലായതോടെ നിരവധി പ്രതികരണങ്ങള്‍ വന്നു. പലരും ജോലിക്കുറവും ഉയര്‍ന്ന ശമ്പളവും കേട്ട് അസൂയ പ്രകടിപ്പിച്ചു. ചിലര്‍ സമയവും പണവും പരമാവധി പ്രയോജനപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. സാമനമായ സാഹചര്യമാണെന്നായിരുന്നു ഒരാളുടെ മറുപടി. ഒരു വാക്കിങ് പാഡ് വാങ്ങിയെന്നും കരിയർ മെച്ചപ്പെടുത്താനായി സര്‍ട്ടിഫിക്കേഷനുകളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നും അയാള്‍ നിര്‍ദേശിച്ചു.
വിശ്രമ സമയത്ത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്താനായിരുന്നു ഒരു നിര്‍ദ്ദേശം, സമയം പണമാണെന്നും നിങ്ങളുടെ സമയം നിങ്ങള്‍ക്കായി പ്രയോജനപ്പെടുത്തൂ എന്നും ഒരാള്‍ ഉപദേശിച്ചു. "നിങ്ങള്‍ എന്റെ സ്വപ്‌നമാണ് ജീവിക്കുന്നത്" എന്നായിരുന്നു മറ്റൊരു പ്രതികരണം. ജോലിക്ക് പുറത്ത് അഭിനിവേശം കണ്ടെത്താനും ഈ സൗകര്യം ഉപേക്ഷിക്കരുതെന്നും ആ ഉപയോക്താവ് നിര്‍ദ്ദേശിച്ചു.
വിരമിക്കലിനായി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചുള്ളതായിരുന്നു മറ്റൊരു കമന്റ്. രണ്ടാമത്തെ ജോലിയില്‍ നിന്നും കൂടുതല്‍ സമ്പാദിക്കുകയും അതെല്ലാം മാറ്റിവെക്കാനും ഇയാള്‍ നിര്‍ദ്ദേശിച്ചു. സാമ്പത്തിക ഉപദേഷ്ടാവിനെ കണ്ടെത്തി നിക്ഷേപം നടത്താനും ഇയാള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാലിയിലും പാരിസിലും വിരമിക്കല്‍ ജീവിതം ആസ്വദിക്കുന്നവരില്‍ ഒരാളാകാനും ആ കമന്റിൽ പറയുന്നുണ്ട്.നിങ്ങളാണ് ആ യുവാവിന്റെ സ്ഥാനത്തെങ്കില്‍ എന്തായിരിക്കും ചെയ്യുക?