വണ്ടിക്ക് ഇതുവരെ ആർസി ബുക്ക് പോലും ലഭിച്ചില്ലെന്നും സർവീസ് കെയർ എക്‌സിക്യൂട്ടീവ് വാഹനം പരിശോധിച്ചുവെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്നും ജയിൻ പറയുന്നു. പുതിയ ടെക്നോളജിയുടെ ഒരു ആരാധകനായതിനാലാണ് തന്റെ പിതാവ് ഒല വാങ്ങിയതെന്നും പക്ഷെ അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്ക് വിപരീതമായിരുന്നു വാഹനത്തിന്റെ പ്രവർത്തനമെന്നും ജയിൻ പറഞ്ഞു. കൂടാതെ ഒലയുടെ സർവീസ് സെന്റർ അടുത്ത് ഉണ്ടെങ്കിലും ഓൺ ആകാത്ത ഒരു വണ്ടി എങ്ങനെ സർവീസ് സെന്ററിൽ എത്തിക്കുമെന്നും ജയിൻ ചോദിക്കുന്നു.
ജയിന്റെ പോസ്റ്റ് വൈറലായതോടെ സമാന ആരോപണങ്ങളുമായി മറ്റ് പലരും രംഗത്തെത്തി. താൻ 2022 ഡിസംബറിലാണ് ഒല വാങ്ങിയതെന്നും അതിന്റെ ബാറ്ററി പ്രവർത്തിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ ഒരു മാസമായി സ്‌കൂട്ടർ സർവീസ് സ്റ്റേഷനിലാണെന്നും ഒരാൾ പറഞ്ഞു. തന്റെ ഒല എസ് 1 പ്രോ ജെൻ 2 പലവിധ പ്രശ്നങ്ങൾ നേരിടുന്നുവെന്നും സ്‌കൂട്ടറിന്റെ ബിൽഡ് ക്വാളിറ്റി ഏറെ മോശമാണെന്നും മറ്റൊരാൾ പ്രതികരിച്ചു.
അതേസമയം ജയിന്റെ പോസ്റ്റിനെത്തുടർന്ന് നടപടിയുമായി ഒലയും രംഗത്ത് എത്തിയിരുന്നു. സ്‌കൂട്ടർ സർവീസിനായി അധികൃതർ കൊണ്ട് പോവുകയും ഒരു താൽക്കാലിക സ്‌കൂട്ടർ കമ്പനി ജയിന് നൽകുകയും ചെയ്തെന്ന വിവരം ജയിൻ തന്നെ പങ്ക് വച്ചിരുന്നു. തന്റെ വാഹനം നന്നാക്കി കമ്പനി തിരികെ എത്തിച്ചതായും തുടർന്ന് ഒലയുടെ സെയിൽസ് ഹെഡായ ജിതേഷും സിഎംഒയായ അൻഷുലും തന്നെ നേരിൽ ബന്ധപ്പെട്ട് തനിക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ചുവെന്നും ജയിൻ പറഞ്ഞു. കമ്പനിയുടെ നടപടി അഭിനന്ദനാർഹമാണെന്നും ജയിൻ കൂട്ടിച്ചേർത്തു.