എളിമയുള്ള തുടക്കം, ശക്തമായ ഒരു സ്വപ്നം
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിലെ അംഗമാണെങ്കിലും , അദീബയുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ചക്ക് അവളുടെ മാതാപിതാക്കൾ തയാറായിരുന്നില്ല. പിതാവ് അഷ്ഫാഖ് അഹമ്മദിന് പഠനം തുടരാൻ കഴിഞ്ഞില്ല. കുടുംബം പോറ്റാൻ ഓട്ടോറിക്ഷ ഓടിക്കുന്നതിലേക്ക് തിരിഞ്ഞെങ്കിലും വിദ്യാഭ്യാസത്തിലുള്ള വിശ്വാസം കുടുംബത്തിൽ ആഴത്തിൽ പകർന്നു.
സഫർനഗർ ജില്ലാ പരിഷത്ത് ഉറുദു പ്രൈമറി സ്കൂളിൽ നിന്നാണ് അദീബ തന്റെ അക്കാദമിക് യാത്ര ആരംഭിച്ചത്. യവത്മാലിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധസ്കൂളുകളില്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട്, പൂനെയിലെ ഇനാംദാർ സീനിയർ കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിഎസ്‌സി നേടി. അവിടെ തന്നെ സിവിൽ സർവീസിനുള്ള തയ്യാറെടുപ്പും ആരംഭിച്ചു.
advertisement
തിരിച്ചടികൾക്ക് ശേഷമുള്ള വിജയം
അദീബയുടെ യുപിഎസ്‌സി യാത്രയിൽ ഒട്ടേറെ തിരിച്ചടികളുണ്ടായി. ആദ്യ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടു. ഒരു തവണ ഇന്റർവ്യൂ റൗണ്ടിൽ എത്തിയെങ്കിലും അവസാന ഘട്ടത്തിൽ പരാജയപ്പെട്ടു. എന്നിട്ടും, അദീബ നിരാശയിലാണ്ടില്ല. ഏകാഗ്രമായ മനസ്സോടെ, നാലാമത്തെ ശ്രമത്തിനായി അവർ കൂടുതൽ കഠിനമായി തയ്യാറെടുത്തു. ഇത്തവണ സ്വപ്ന വിജയം നേടുകയും ചെയ്തു.
ഹജ് ഹൗസ് ഐഎഎസ് പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ജാമിയ റെസിഡൻഷ്യൽ കോച്ചിംഗ് അക്കാദമിയുടെയും മാർഗ്ഗനിർദ്ദേശവും അവരുടെ വിജയത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
മുൻ മഹാരാഷ്ട്ര മന്ത്രിയും യവത്മാലിൽ നിന്നുള്ളയാളുമായ മണിക്‌റാവു താക്കറെ സോഷ്യൽ മീഡിയയിൽ അദീബയെ പ്രശംസിച്ചു. ജില്ലയ്ക്കും സംസ്ഥാനത്തിനും അഭിമാനകരമായ ഒരു നിമിഷമാണിതെന്ന് വിശേഷിപ്പിച്ചു.
ധൈര്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിശ്വാസത്തിന്റെയും വിജയകഥയാണ് അദീബയുടേത്. നിരന്തരമായ പരിശ്രമത്തിന്റെയും ശരിയായ പിന്തുണയുടെയും പിൻബലത്തോടെ ഒരു സ്വപ്നവും വളരെ അകലെയല്ല എന്നതിന്റെ തെളിവാണ് അദീബയുടെ യാത്ര.