രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്) ഒരു പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചിട്ടുണ്ട്. അതിൽ 1,254 കേന്ദ്രീയ വിദ്യാലയ സ്കൂളുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ച് 10 ദിവസത്തിന് ശേഷം 11-ാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിക്കും.
രജിസ്റ്റർ ചെയ്ത കുട്ടികളുടെ പട്ടിക, യോഗ്യരായ കുട്ടികളുടെ പട്ടിക, താൽക്കാലികമായി തിരഞ്ഞെടുത്ത കുട്ടികളുടെ വിഭാഗം തിരിച്ചുള്ള പട്ടിക, വെയിറ്റിംഗ് ലിസ്റ്റ് എന്നിവ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കുമെന്ന് അഡ്മിഷൻ ബോർഡ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. പുതുതായി ആരംഭിച്ച എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളോടും ഒന്നാം ക്ലാസ് പ്രവേശനം OLA പോർട്ടൽ വഴിയും മറ്റ് ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ഓഫ്‌ലൈൻ മോഡിൽ മാത്രം നടത്താനും അഡ്മിഷൻ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.
advertisement
അഡ്മിഷൻ ലിസ്റ്റ് പുറത്തു വിടുന്നത് എന്ന്?
ഒന്നാം ക്ലാസിലെ ആദ്യ സെലക്ഷൻ ലിസ്റ്റ് ഏപ്രിൽ 19നും രണ്ടാം ലിസ്റ്റ് ഏപ്രിൽ 29 നും മൂന്നാം ലിസ്റ്റ് മെയ് 8നും പുറത്തിറക്കും. രണ്ടാം ക്ലാസ് മുതൽ 11-ാം ക്ലാസു വരെയുള്ള സെലക്ഷൻ ലിസ്റ്റ് ഏപ്രിൽ 15ന് പ്രസിദ്ധീകരിക്കും. 2 മുതൽ 11 വരെ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികൾ ഏപ്രിൽ 29 വരെ തുടരും. പ്രവേശനത്തിനായുള്ള അവസാന തീയതി ജൂൺ 29 ആണ്.
പ്രായപരിധി
ഒന്നാം ക്ലാസ് പ്രവേശനത്തിനായി കുട്ടിയ്ക്ക് മാർച്ച് 31ന് 6 വയസ്സ് പൂർത്തിയായിരിക്കണം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരിഗണിക്കുന്ന പരമാവധി പ്രായം 8 വയസ്സാണ്. കെവിഎസ് 11, 12 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്, പത്താം ക്ലാസ് ബോർഡ് പരീക്ഷ പാസാകുന്ന വർഷത്തിൽ തന്നെ വിദ്യാർത്ഥി പ്രവേശനം തേടുകയാണെങ്കിൽ 11-ാം ക്ലാസിലെ പ്രവേശനത്തിന് പ്രായപരിധിയില്ല. അതുപോലെ, 11-ാം ക്ലാസ് പാസായതിനുശേഷം ഗ്യാപില്ലാതെ 12-ാം ക്ലാസ് പ്രവേശനത്തിന് ചേരുന്നതിനും പ്രായപരിധി ബാധകമല്ല.