പെയ്ഡ് ഇന്റേൺഷിപ്പിന് രണ്ട് വേക്കൻസികൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ നൂറോളം അപേക്ഷകൾ ലഭിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് അപേക്ഷകൾ പരിശോധിച്ച് റിയ റിജക്ഷൻ ഇമെയിലുകൾ അയക്കാൻ ആരംഭിച്ചത്. ഏകദേശം എൺപതോളം റിജക്ഷൻ ഇമെയിലുകൾ റിയ അയച്ചു. “എന്റെ അപേക്ഷ അവലോകനം ചെയ്യാനും ഏറ്റവും മനോഹരമായ രീതിയിൽ റിജക്ഷൻ ഇമെയിൽ അയക്കാനും സമയമെടുത്തതിന് വളരെ നന്ദി. നിങ്ങളോടൊപ്പം എപ്പോഴെങ്കിലും പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു”, എന്നാണ് റിയയുടെ ഇമെയിലിന് ഒരാൾ അയച്ച മറുപടി.
മുൻപ്, ഒരു ഫ്രീലാൻസ് എഴുത്തുകാരിയായി ജോലി ചെയ്തിരുന്ന സമയത്ത് തനിക്ക് നിരവധി റിജക്ഷൻ ഇമെയിലുകൾ ലഭിച്ചിട്ടുണ്ടെന്ന് റിയ മണി കൺട്രോളിനോട് പറഞ്ഞു. ഇപ്പോൾ തന്റെ റോളും സ്ഥാനവും മാറിയെങ്കിലും താൻ അയക്കുന്ന റിജക്ഷൻ ഇമെയിലുകൾ ആരെയും വേദനിപ്പിക്കുന്നത് ആകരുതെന്ന് റിയക്ക് ആഗ്രഹമുണ്ട്. മറുവശത്ത് താനായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടാണ് ഈ ഇമെയലുകൾ അയച്ചതെന്നും റിയ പറയുന്നു.
advertisement
“നിങ്ങൾ ക്രിയേറ്റീവ് മേഖലയിൽ ജോലി ചെയ്യുന്ന ഒരാളാണെങ്കിൽ, നിങ്ങളുടെ ആപ്ലിക്കേഷനുകളിൽ പോലും നിങ്ങളുടെ ഹൃദയവും ആത്മാവും എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടാകും. കാരണം ഇത് നിങ്ങൾക്ക് ഒരു ബിസിനസ് ഇടപാടോ ജോലിയോ മാത്രമല്ല. പലരും നല്ല രീതിയിൽ പരിശ്രമിച്ചും ഡ്രാഫ്റ്റ് ചെയ്തുമാണ് ഞങ്ങൾക്ക് ആപ്ലിക്കേഷനുകൾ അയച്ചത്”, റിയ ചോപ്ര മണി കൺട്രോളിനോട് പറഞ്ഞു. “ഞങ്ങൾക്ക് രണ്ട് ഇന്റേണുകളെ മാത്രമേ നിയമിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്റെ റിജക്ഷൻ ഇമെയിലുകളിലൂടെ അപേക്ഷകർക്ക് തങ്ങളെക്കുറിച്ചു തന്നെ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാനോ അവർക്ക് വേണ്ടത്ര കഴിവില്ലെന്ന് തോന്നാനോ പാടില്ലെന്ന് ഞാൻ ആഗ്രഹിച്ചു. തങ്ങൾ പൂർണമായും നിരസിക്കപ്പെട്ടുവെന്നും വേണ്ടത്ര കഴിവുള്ളവർ അല്ലെന്നും ചില റിജക്ഷൻ ഇമെയിലുകൾ കാണുമ്പോൾ ചിലർക്ക് തോന്നിയേക്കാം. ഇത് ശരിയാണ്, പ്രത്യേകിച്ച് കരിയർ ആരംഭിച്ചു വരുന്ന ഇന്റേണുകൾക്ക്. എനിക്കതറിയാം, അത്തരം ഇമെയിലുകൾ എനിക്കും ലഭിച്ചിട്ടുണ്ട്”, റിയ കൂട്ടിച്ചേർത്തു.
നിരവധി പേരാണ് റിയയുടെ പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. “ഇത് എന്നെ വളരെയധികം ചിന്തിപ്പിക്കുന്നു. ഈ റിജക്ഷൻ ഇമെയിൽ ലഭിക്കുന്ന വ്യക്തികളിൽ പല മാറ്റങ്ങളും ഉണ്ടാകും”, എന്ന് എക്സ് ഉപയോക്താവായ ഹെർമിന ക്രിസ്റ്റഫർ കുറിച്ചു. “നിങ്ങളുടെ പ്രതികരണം എത്ര മനോഹരമാണ്. നിങ്ങളുടെ ഹൃദയം കൊണ്ടാണ് ഇത് എഴുതിയത്”, എന്നാണ് മറ്റൊരാളുടെ കമന്റ്.