സോഫ്റ്റ്‌വെയർ, ബഹിരാകാശ സാങ്കേതികവിദ്യകൾ എന്നീ രംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി യോഗത്തിൽ സംസാരിച്ചു. പല കാര്യങ്ങളിലും മറ്റു ലോകരാജ്യങ്ങൾ ഇന്ത്യയോട് മത്സരിക്കാൻ ബുദ്ധിമുട്ടുകയാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ സാങ്കേതികവിദ്യയുടെ കാര്യം പരിശോധിച്ചാൽ, ഏറ്റവും കുറഞ്ഞ ചെലവിലും ഉയർന്ന ഗുണനിലവാരത്തിലുമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വ്യാവസായിക രംഗത്ത് രാജ്യത്തിന്റെ വളർച്ചയെക്കുറിച്ചും സ്റ്റാർട്ടപ്പ് രംഗങ്ങളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ആഗോളതലത്തിലുള്ള പല റാങ്കിംഗിലും ഇന്ത്യയിലെ വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാനം പിടിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ടാൻസാനിയയിലെ സാൻസിബാറിലും അബുദാബിയിലും രണ്ട് ഐഐടി ക്യാമ്പസുകൾ സ്ഥാപിക്കുമെന്നും മോദി അറിയിച്ചു. ഇന്ത്യയിൽ തങ്ങളുടെ ക്യാമ്പസുകൾ സ്ഥാപിക്കാൻ ലോകമെമ്പാടുമുള്ള പല സർവകലാശാലകളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ രണ്ട് ഓസ്‌ട്രേലിയൻ സ്ഥാപനങ്ങൾ ക്യാമ്പസുകൾ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
advertisement
2024-ഓടെ അബുദാബിയിൽ ഒരു പുതിയ അന്താരാഷ്ട്ര ക്യാമ്പസ് തുറക്കുമെന്ന് ജൂലൈ 16 ന് ഐഐടി ഡൽഹി അറിയിച്ചിരുന്നു. ജൂലൈ 15 ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇരു സർക്കാരുകളും തമ്മിലുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ രണ്ടാമത്തെ അന്താരാഷ്ട്ര കാമ്പസായിരിക്കും ഇത്. അബുദാബിയിൽ ഒരു പുതിയ കാമ്പസ് സ്ഥാപിക്കുമെന്നും ഇതു സംബന്ധിച്ച ചർച്ചകൾ കഴിഞ്ഞ വർഷം മുതൽ നടന്നു വരികയാണെന്നും ഇക്കഴിഞ്ഞ ജനുവരിയിൽ ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ ഐഐടി ഡൽഹി തലവൻ പ്രൊഫസർ രംഗൻ ബാനർജി പറഞ്ഞിരുന്നു.
ഈ വർഷം ഒക്ടോബറിൽ ഐഐടി മദ്രാസ് തങ്ങളുടെ അന്താരാഷ്ട്ര ക്യാമ്പസ് ടാൻസാനിയയിലെ സാൻസിബാറിൽ ആരംഭിക്കും. ഇന്ത്യയ്‌ക്ക് പുറത്തുള്ള ആദ്യ ഐഐടി ക്യാമ്പസാണിത്. കിഴക്കന്‍ ആഫ്രിക്കയുടെ തീരത്തുള്ള ദ്വീപാണ് സാന്‍സിബാര്‍. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആദ്യത്തെ അന്താരാഷ്ട്ര ക്യാമ്പസാണിത്. ഐഐടി ഖരഗ്പൂർ മലേഷ്യയിലെ ക്വാലാലംപൂരിൽ ഒരു അന്താരാഷ്ട്ര ക്യാമ്പസ് ആരംഭിക്കാനുള്ള ചർച്ചകൾ നടത്തി വരികയാണ്.