ഫീസ് ഘടനയിൽ വ്യത്യാസമുള്ള വിവിധ കോളേജുകൾ
ഓരോ സ്ട്രീമിലും ഫീസ് ഘടനയിൽ വ്യത്യാസമുള്ള വിവിധ കോളേജുകൾ ഉണ്ടെന്ന കാര്യം ശ്രദ്ധിക്കുമല്ലോ. പ്രധാനമായും മൂന്നുതരം കോളേജുകളാണ് ഉള്ളത്. സർക്കാർ/സർക്കാർ എയ്ഡഡ് കോളേജുകൾ, കാർഷിക/വെറ്ററിനറി/ഫിഷറീസ് സർവകലാശാല കോളേജുകൾ എന്നിവ ഗവൺമെൻറ് (ജി) വിഭാഗത്തിൽപ്പെടും. ഇതു കൂടാതെ സർക്കാർ കോസ്റ്റ് ഷെയറിങ് (പഴയ സർക്കാർ നിയന്ത്രിത സ്വാശ്രയസ്ഥാപനങ്ങൾ) കോളേജുകൾ (എൻ) സ്വകാര്യ സ്വാശ്രയ കോളേജുകൾ (എസ്) കാറ്റഗറിയിലും ഉൾപ്പെടുന്നു.
ഓപ്ഷൻ രജിസ്ട്രേഷൻ
താൻ ഉൾപ്പെട്ടിട്ടുള്ള നിർദ്ദിഷ്ട സ്ട്രീമിലെ/സ്ട്രീമുകളിലെ എല്ലാ ഓപ്ഷനുകളും പരിഗണിച്ച്, അവയ്ക്ക് ആപേക്ഷിക മുൻഗണന വ്യക്തിപരമായി നിശ്ചയിക്കുകയും, ആ താത്‌പര്യങ്ങൾ ഓൺലൈനായിതന്നെ പ്രവേശനപരീക്ഷാ കമ്മിഷണറെ അറിയിക്കുന്ന പ്രക്രിയയാണ് ഓപ്ഷൻ രജിസ്ട്രേഷൻ എന്ന പേരിൽ അറിയപെടുന്നത്. അലോട്മെന്റ് പ്രക്രിയയിൽ വിവിധ സ്ട്രീമുകൾ ഉൾപ്പെടുത്തിയാലും ഓപ്ഷൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ഏകദേശം ഒന്നുതന്നെയാണ്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖാന്തിരം താൽപ്പര്യമുള്ള കോഴ്സിന്റെ വിവിധ ബ്രാഞ്ചുകൾ, അവയുള്ള സർക്കാർ / ഏയ്ഡഡ്/ സർക്കാർ നിയന്ത്രണ/സ്വാശ്രയ കോളേജുകൾ, അവിടങ്ങളിലെ ഫീസ് ഘടന എന്നിവ പരിഗണിച്ചാണ് അപേക്ഷകർ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടത്.എൻജിനിയറിങ് അലോട്മെൻറ് മാത്രമാണ് ഈ വർഷം നടക്കുന്നതെന്നതിനാൽ, അതിലെ ഓപ്ഷനുകൾ മാത്രമാകും പരിഗണിക്കപ്പെടുക.
advertisement
എൻജിനിയറിങ്ങിന് കോളേജുകളിൽ ടൈപ്പ് (ജി/എൻ/എസ്) വിഭാഗത്തിൽ, ഒരുനിശ്ചിത കോളേജും ആ കോളേജിലെ ഒരു ബ്രാഞ്ചും ചേരുന്നതാണ് , സാധാരണ ഗതിയിൽ ഒരു ഓപ്ഷൻ . വാർഷിക ഫീസും ഓപ്ഷനിൽ ഒരുഘടകമാകാൻ ഇടയുണ്ട്. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, സർക്കാർ കോസ്റ്റ് ഷെയറിങ് കോളേജ് വിഭാഗത്തിൽ (എൻ) ഒരേ കോളേജിൽ തന്നെ സർക്കാർസീറ്റും മാനേജ്മെന്റ് സീറ്റും ഉള്ളതിനാൽ ശ്രദ്ധിക്കണം. ഇവ ഓരോന്നും ഓരോ ഓപ്ഷനായാണ്, പരിഗണിക്കപ്പെടുന്നത്.
"എൻ" വിഭാഗത്തിൽ ഒരു ബ്രാഞ്ചിലെ ഗവൺമെന്റ് സീറ്റ്, മാനേജ്മെന്റ് സീറ്റ് എന്നിവയിലേക്കു പരിഗണിക്കപ്പെടാൻ രണ്ട് ഓപ്ഷനുകളും നൽകണം. ഗവൺമെൻറ് സീറ്റിലേക്കുമാത്രം പരിഗണിച്ചാൽ മതിയെങ്കിൽ ആ ഓപ്ഷൻമാത്രം നൽകുക. രണ്ടിലും താത്‌പര്യമുണ്ടെങ്കിൽ, കുറഞ്ഞ ഫീസുള്ള ഗവൺമെന്റ്സീറ്റ് ഓപ്ഷനായി തിരഞ്ഞെടുത്തശേഷം മാത്രമേ കൂടിയ ഫീസുള്ള മാനേജ്മെൻറ് സീറ്റ് ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയൂ. സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ (എസ്), കോളേജിനനുസരിച്ച് ഫീസ് ഘടനയിൽ മാറ്റം ഉണ്ടെന്ന വസ്തുത മനസ്സിലാക്കി മാത്രം ഓപ്ഷൻ നൽകുക. ഫീസിനു പുറമെ ചില സ്ഥാപനങ്ങളിൽ തിരികെ ലഭിക്കാവുന്ന പലിശരഹിത നിക്ഷേപം നൽകേണ്ടതുണ്ടെന്ന കാര്യം ശ്രദ്ധിക്കുമല്ലോ.
ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ് സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽ അപേക്ഷാർഥിയുടെ ഹോംപേജ് വഴിയാണ് ഓപ്ഷനുകൾ നൽകേണ്ടത്. ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ്, അക്സസ് കോഡ് എന്നിവ നൽകിയാൽ സ്വാഭാവികമായി ഹോംപേജിൽ പ്രവേശിക്കാം. തുടർന്ന് ഓപ്ഷൻ രജിസ്ട്രേഷൻ പേജിൽ എത്താം. അവിടെ, ലഭ്യമായ ഓപ്ഷനുകൾ, അർഹതയ്ക്കു വിധേയമായി സ്ട്രീം അനുസരിച്ച് ഒന്നിനുതാഴെ അപേക്ഷകർക്കു മറ്റൊന്നായി കാണാൻകഴിയും. അതിലെ വിവരങ്ങൾ പരിശോധിച്ച്, അവയിൽനിന്ന് മുൻഗണനാക്രമത്തിൽ സെലക്ട് ബട്ടൺ ക്ലിക്കുചെയ്ത് ഒന്നിനുപിറകെ മറ്റൊന്നായി ഇഷ്ടമുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കണം. അപേക്ഷാർത്ഥി, ആദ്യം പരിഗണിക്കപ്പെടേണ്ട ഓപ്ഷനാണ് ഒന്നാമത്തെ ഓപ്ഷനായി തിരഞ്ഞെടുക്കേണ്ടത്. ഒന്നാമത്തെ ഒപ്ഷൻ ലഭിക്കാതെ പോയാൽ, പരിഗണിക്കേണ്ടത് ഏത് ഓപ്ഷനാണോ, അതാണ് രണ്ടാം ഓപ്ഷനായി നൽകേണ്ടത്. ഈ ശൈലിയിൽ മുന്നേ കൂട്ടി നിശ്ചയിച്ച് തയ്യാറാക്കിയ ക്രമം വെച്ച് , അപേക്ഷാർത്ഥിക്ക് ഓപ്ഷനുകൾ രജിസ്റ്റർചെയ്യാവുന്നതാണ്.
അലോട്ട്മെൻറിന്റെ സമയത്ത് ലഭിക്കുന്ന ഓപ്ഷൻ സ്വീകരിക്കാത്തപക്ഷം, അലോട്മെന്റ് നഷ്ടപ്പെടുന്നതിനൊപ്പം ആ സ്ട്രീമിൽ നിന്നും പുറത്താവുകയും ചെയ്യുമെന്ന കാര്യം മറക്കരുത്.രജിസ്റ്റർ ചെയ്യുന്ന ഓപ്ഷനുകൾ ഇടയ്ക്കിടെ, ‘സേവ്’ ചെയ്യാനും ഓപ്ഷൻ നൽകിക്കഴിഞ്ഞ്, പ്രിൻ്റ്ഔട്ട് എടുത്തുവെക്കാനും ശ്രദ്ധിക്കണം. അതായിരിക്കും ഓപ്ഷൻ പട്ടിക. അതിൽ കോളേജ് ടൈപ്പ്, കോഴ്‌സ്/ബ്രാഞ്ച്, കോളേജിന്റെ പേര് മുതലായവ, ഓപ്ഷന്റെ മുൻഗണനയനുസരിച്ച് കാണാൻകഴിയും. ഓരോ തവണയും പേജിൽ കയറിയശേഷം പുറത്തുവരാൻ ‘ലോഗ് ഔട്ട്’ ക്ലിക്ക് ചെയ്യണം. ഇത് ചെയ്യാൻ മറന്നുപോകരുത്.പ്രവേശനസാധ്യതകൾ വിലയിരുത്താൻ മുൻവർഷത്തെ ലാസ്റ്റ് റാങ്ക്പട്ടിക പരിശോധിക്കാവുന്നതാണ്.
ലഭ്യമായ ഓപ്ഷനുകളിൽ എല്ലാത്തിലേക്കും പരിഗണിക്കപ്പെടണമെങ്കിൽമാത്രം മുൻഗണനാക്രമം നിശ്ചയിച്ച് എല്ലാ ഓപ്ഷനുകളും നൽകാം. എന്നാൽ, ചിലതിലേക്കുമാത്രം പരിഗണിച്ചാൽ മതിയെങ്കിൽ, അവ മാത്രമാണ്, നൽകേണ്ടത്. എത്ര ഓപ്ഷനുകൾ നൽകണമെന്ന് അപേക്ഷാർഥിയുടെ സ്വാതന്ത്ര്യമാണ്. എന്നാൽ അനുവദിക്കുന്ന ഒപ്ഷൻ സ്വീകരിക്കാനുള്ള ബാധ്യത അപക്ഷാർത്ഥിക്കുണ്ട്. അലോട്‌മെൻറിൽ ഏതെങ്കിലും ഒരു ഓപ്ഷൻ അനുവദിച്ചാൽ, അതിനു താഴെയുള്ളവ (ലോവർ ഓപ്ഷനുകൾ) പരിഗണിക്കുകയേ ഇല്ല. അതിനാൽ കൂടുതൽ താത്‌പര്യമുള്ളവയ്ക്ക് ഉയർന്ന പരിഗണന നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു റൗണ്ടിൽ ലഭിച്ച ഓപ്ഷനെക്കാൾ ഉയർന്ന മുൻഗണനയുള്ളവ (ഹയർ ഓപ്ഷനുകൾ) മാത്രമേ തുടർന്നുള്ള റൗണ്ടിൽ/റൗണ്ടുകളിൽ പരിഗണിക്കൂ.
കോളേജും ബ്രാഞ്ചും
ഓപ്ഷൻ ക്രമം നിശ്ചയിക്കുന്നതിൽ, കോളേജിനോടാണോ താത്‌പര്യം ബ്രാഞ്ചിനോടാണോ താത്‌പര്യം എന്നതും അപേക്ഷാർത്ഥി, പരിഗണിക്കേണ്ടതുണ്ട്. ഒരു വിദ്യാർഥിയുടെ ആഗ്രഹം തിരുവനന്തപുരം സി.ഇ.ടി.യിൽ പഠിക്കുകയെന്നതാണെങ്കിൽ ആ വിദ്യാർഥി തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ എല്ലാ ബ്രാഞ്ചുകളും പരിഗണിച്ച് മുൻഗണന നിശ്ചയിച്ച് അവ ആദ്യം രജിസ്റ്റർചെയ്യണം. തുടർന്ന് മറ്റു കോളേജുകളിലെ ഓപ്ഷനുകൾ നൽകണം. എന്നാൽ അപേക്ഷാർത്ഥി ചേരാനുദ്ദേശിക്കുന്നത് മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചാണെങ്കിൽ വിവിധ ഗവൺമെന്റ് / എയ്ഡഡ് കോളേജുകളിലെ മെക്കാനിക്കൽ ബ്രാഞ്ചുകൾ മുൻഗണന നിശ്ചയിച്ച് ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്തിയശേഷം മാത്രം , മറ്റു ബ്രാഞ്ചുകൾ ഓപ്ഷൻ നൽകിയാൽ മതി. ഒരിക്കൽ തിരഞ്ഞെടുത്ത ഓപ്ഷനുകൾ നിശ്ചിത സമയപരിധിക്കകം എത്രതവണ വേണമെങ്കിലും പുനഃക്രമീകരിക്കാനവസരമുണ്ട്. മാത്രവുമല്ല; ഉൾപ്പെടുത്തിയ ഓപ്ഷനുകൾ ഒഴിവാക്കുകയും ഉൾപ്പെടുത്താത്തവ ഉൾപ്പെടുത്താവുന്നതുമാണ്. ഓപ്ഷനുകളുടെ മുൻഗണനാക്രമം/സ്ഥാനം മാറ്റാനും സൗകര്യമുണ്ട്. ഓപ്ഷൻ രജിസ്ട്രേഷൻ സമയപരിധി തീരുമ്പോൾ അപേക്ഷാർഥിയുടെ പേജിൽ സേവ് ചെയ്തിരിക്കുന്ന ഓപ്ഷൻ ക്രമമാകും അലോട്മെന്റിനായി പരിഗണിക്കുക.
അപേക്ഷാർത്ഥിയുടെ സംവരണ സാധ്യതകൾ
അപേക്ഷാർത്ഥി, പ്രവേശനം തേടുമ്പോൾ സംവരണ ആനുകൂല്യങ്ങൾക്കായി പരിഗണിക്കുന്നതിന് ജാഗ്രത പുലർത്തേണ്ടതുണ്ട്. എന്നാൽ സംവരണസീറ്റിലേക്ക് പരിഗണിക്കപ്പെടാൻ ഓപ്ഷൻ രജിസ്ട്രേഷൻ വേളയിൽ പ്രത്യേകിച്ച് ഒന്നുംചെയ്യണ്ടതില്ല. സ്പെഷ്യൽ റിസർവേഷന് അർഹതയുള്ളവർ ആ റിസർവേഷൻ സീറ്റുള്ള ഓപ്ഷനുകൾ താത്‌പര്യമുള്ള പക്ഷം, പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
ട്രയൽ അലോട്ട്മെന്റ്
അപേക്ഷാർത്ഥികൾക്ക്, അവരുടെ അലോട്‌മെൻറ് സാധ്യതകൾ വിലയിരുത്താൻ, പ്രവേശന പരീക്ഷാ കമ്മീഷണൽ ട്രയൽ അലോട്മെന്റ് നടത്തുന്നതാണ്. നൽകിയ ഓപ്ഷനുകൾ ഒരു അലോട്‌മെൻറ് ലഭിക്കാൻ പര്യാപ്തമാണോ എന്നറിയുകയും അതിന്റെ അടിസ്ഥാനത്തിൽ ഓപ്ഷൻ പട്ടികയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയും ചെയ്യുന്നത് പ്രവേശന സാധ്യത വർദ്ധിപ്പിക്കും.
വെബ്സൈറ്റ്
www.cee.kerala.gov.in/
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)