നാലുവർഷ ബിരുദത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ കൗൺസിലും തമ്മിൽ തർക്കം ഉണ്ടായതോടെയാണ് വി.സി.മാരുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി തീരുമാനിച്ചത്. പരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പാക്കണമെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഊന്നൽ നൽകുന്നതിനെക്കുറിച്ച് വിശദമാക്കി.കോൺസ്റ്റിറ്റ്യുവന്റ് കോളേജുകൾ ആരംഭിക്കുന്നതടക്കമുള്ള നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.
ഈ വർഷം തന്നെ നാലുവർഷബിരുദം നടപ്പാക്കാനുള്ള പ്രായോഗിക പ്രശ്നങ്ങൾ കേരള, കാലിക്കറ്റ് സർവകലാശാലാ വി.സി.മാർ യോഗത്തിൽ വിവരിച്ചു. ഈ രണ്ടു സർവകലാശാലകൾക്കു കീഴിലുമാണ് സംസ്ഥാനത്തെ 60 ശതമാനം കോളേജുകൾ. കണ്ണൂർ, സംസ്‌കൃത സർവകലാശാലകളും ഈ വർഷം കോളജുകളിൽ നടപ്പാക്കാനുള്ള ബുദ്ധിമുട്ടറിയിച്ചു. എന്നാൽ, സർവകലാശാലാ സെന്ററുകളിൽ സാധ്യമായ കോഴ്‌സുകളിൽ പരിഷ്‌കാരം നടപ്പാക്കുന്നത് ആലോചിക്കാമെന്നും അവർ പറഞ്ഞു. എം.ജി. ഉൾപ്പെടെയുള്ള സർവകലാശാലാ പ്രതിനിധികളും മതിയായ മുന്നൊരുക്കമില്ലാതെ ഈ വർഷം പരിഷ്‌കാരം സാധ്യമല്ലെന്ന നിലപാടെടുത്തു.
advertisement
എന്നാൽ മൂന്നോ നാലോ നാലുവര്‍ഷ കോഴ്‌സുകള്‍ ഈ വര്‍ഷം തുടങ്ങാമെന്ന് കേരള സര്‍വകലാശാല വി.സി. ഡോ. മോഹനന്‍ കുന്നുമ്മേല്‍ താല്പര്യം പ്രകടിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരത്തിനായി നേരത്തേതന്നെ സർവകലാശാലകൾക്ക് നിർദേശം നൽകിയതടക്കമുള്ള നടപടികൾ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. രാജൻ ഗുരുക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. പരിഷ്‌കാരത്തിനായി സർക്കാർ ഇതുവരെ കൈക്കൊണ്ട നടപടികൾ വിവരിച്ച മന്ത്രി ആർ. ബിന്ദു, ആവശ്യമായ തയ്യാറെടുപ്പോടെ മാത്രം നാലുവർഷബിരുദം നടപ്പാക്കിയാൽ മതിയെന്ന മുൻ നിലപാട് ആവർത്തിച്ചു.
അതേസമയം, സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള നയപരമായ തീരുമാനം സർക്കാർ ഉടൻ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കല്പിത സർവകലാശാല, സ്വകാര്യ സർവകലാശാല എന്നിവയിൽ ഏതുവേണമെന്ന് യോഗത്തിൽ ചർച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം.