ജൂൺ 23ന് 1563 വിദ്യാർഥികൾക്കായി നടത്തിയ പുനഃപരീക്ഷയുടെ പുതുക്കിയ സ്കോർ കാർഡ് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്. നേരത്തേ പ്രസിദ്ധീകരിച്ച ഈ പട്ടിക പുതിയതാണെന്നു തെറ്റിദ്ധരിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. പുതുക്കിയ പരീക്ഷാഫലം രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്നു കഴിഞ്ഞദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
ജൂണ്‍ നാലിനാണ് നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചത്. ആദ്യ റാങ്ക് പട്ടികയിൽ 67 വിദ്യാര്‍ഥികള്‍ക്ക് 720ൽ 720 മാർക്കും നേടി ഒന്നാം സ്ഥാനത്തെത്തി. പരീക്ഷാ നടത്തിപ്പുകാരുടെ പിഴവുമൂലം പരീക്ഷയ്ക്കിടെ നഷ്‌ടമായ സമയത്തിന് പകരമായി ഗ്രേസ് മാർക്ക് ലഭിച്ചതോടെയാണ് ആറ് പേർ ഒന്നാമതെത്തിയത്. അതിനുപുറമെ ഫിസിക്‌സിലെ ഒരു ചോദ്യത്തിനുള്ള ഉത്തരം സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. എൻസിഇആർടിയുടെ ടെക്സ്റ്റ് ബുക്കിലുണ്ടായിരുന്ന ഉത്തരമല്ല എൻടിഎ പ്രസിദ്ധീകരിച്ച ഉത്തര സൂചികയിൽ ഉണ്ടായിരുന്നത്. പരാതി ഉയർന്നതോടെ എൻടിഎ നൽകിയ ഗ്രേസ് മാർക്ക് പ്രകാരം 44 പേർ ഒന്നാം സ്ഥാനത്തെത്തി. എന്നാൽ ശരിയുത്തരം ഒന്നേയുള്ളൂവെന്നും മറ്റേതെങ്കിലും ഉത്തരത്തിന് മാർക്ക് ലഭിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇതിനർത്ഥം ഈ 44 പേരുടെ മാർക്ക് 720ൽ 715 ആകും. നേരത്തെയുള്ള റാങ്ക് ലിസ്റ്റ് പ്രകാരം 720 ൽ 716 മാർക്ക് നേടിയ 70 പേരുണ്ട്. ഗ്രേസ് മാർക്ക് നഷ്ടമായ 44 പേരുടെ റാങ്ക് ഇവർക്ക് പിന്നിലാകും.
advertisement