അടുത്തറിയാം നീറ്റിനെ
രാജ്യത്തെ നൂറുകണക്കിനു വരുന്ന മെഡിക്കൽ, ഡെൻ്റൽ, ആയുഷ് കോഴ്സുകളിലെയ്ക്കും കാർഷിക സർവ്വകലാശാലയും വെറ്റിറിനറി യൂണിവേഴ്സിറ്റിയുൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലെയും പ്രവേശനത്തിനു ബാധകമായ യോഗ്യതാ പരീക്ഷ എന്ന നിലയിൽ നീറ്റു പരീക്ഷയും നീറ്റു റാങ്കും വലിയ പ്രാധാന്യമുള്ളതാണ്. രാജ്യത്തെ വിവിധയിടങ്ങളിലുള്ള 170000 ത്തിൽ പരം മെഡിക്കൽ സീറ്റുകളിലെ പ്രവേശന ലക്ഷ്യം മുന്നിൽ കണ്ട്, ഏകദേശം 20 ലക്ഷത്തോളം വിദ്യാർത്ഥികളാണ്, വിവിധ കേന്ദ്രങ്ങളിൽ ഈ വർഷം നീറ്റ് പരീക്ഷ എഴുതുന്നത്.
advertisement
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേയ്ക്കും (എയിംസ്), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (ജിപ്മർ) മെഡിക്കൽ ബിരുദപ്രവേശനവും ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് പ്രവേശനവും വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര, കല്പിത സർവകലാശാലകൾ എന്നിവയിലെ എം.ബി.ബി.എസ്. പ്രവേശനത്തിനും ഉയർന്ന നീറ്റ് (യു.ജി.) പരീക്ഷാ സ്കോർ ബാധകമാണ്. ഇതോടൊപ്പം, വെറ്ററിനറി കൗൺസിൽ, ബി.വി.എസ്.സി. ആൻഡ് എ.എച്ച്. പ്രോഗ്രാമിലെ 15 ശതമാനം സീറ്റ് നികത്തുന്നതിനും കുറച്ചു വർഷങ്ങളായി നീറ്റ് റാങ്ക് തന്നെയാണ് പരിഗണിക്കുന്നത്. ഇതിനു പുറമെ നമ്മുടെ സംസ്ഥാനത്ത് മെഡിക്കൽ, ഡെൻ്റൽ, ആയുഷ് തുടങ്ങിയ മെഡിക്കൽ കോഴ്‌സുകൾക്കു പുറമേ മെഡിക്കൽ അനുബന്ധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനും മാനദണ്ഡമാക്കി വെച്ചിരിക്കുന്നത്, നീറ്റ് റാങ്കു പട്ടിക തന്നെയാണ്. മാത്രവുമല്ല; വിദേശരാജ്യങ്ങളിലെ മെഡിക്കൽ സർവ്വകലാശാലകളിൽ, ഇന്ത്യൻ വിദ്യാർത്ഥികളുടെ മെഡിക്കൽ പഠനത്തിനും നീറ്റ് എക്സാം യോഗ്യത നേടിയിരിക്കേണ്ടത്, അനിവാര്യതയാണ്.
കേരളത്തിൽ/ ഇന്ത്യയിൽ വിവിധ സർക്കാർ/ അർദ്ധസർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ എംബിബിഎസ്/ ബിഡിഎസ്, ആയുർവേദ, ഹോമിയോപ്പതി സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്സുകളിലോ അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്റിറിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലോ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും, നിർബന്ധമായും നീറ്റ് (യു.ജി) പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കേണ്ടതാണ്.
നീറ്റ് ഓൾ ഇന്ത്യാ ക്വാട്ട
ഏതൊരു സാധാരണ വിദ്യാർത്ഥിക്കും ഏറ്റവും
മിതമായ ഫീസൊടുക്കി കൊണ്ട്, നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സർക്കാർ മെഡിക്കൽ കോളേജുകൾ, സർക്കാർ മേഖലയിലെ ഡെൻ്റൽ കോളേജുകൾ എന്നിവയിലെ മെഡിക്കൽ ബിരുദം, ഡെൻ്റൽ ബിരുദം(എം.ബി.ബി.എസ്.,ബി.ഡി.എസ്.) തുടങ്ങിയവയിലെ പഠനത്തിന് അഖിലേന്ത്യാ ക്വാട്ടയിൽ 15% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷാ ക്രമം
ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിദ്യാർത്ഥികൾക്ക് മാർച്ച് 9ന് വൈകിട്ട് 5 വരെ അപേക്ഷ നൽകാനവസരമുണ്ട്. ഓൺലൈൻ അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ അപ് ലോഡ് ചെയ്യേണ്ടതുണ്ട്.
1. പാസ്പോർട്ട് സൈസ് ഫോട്ടോ (പേരും തീയതി വെച്ചത്, വെള്ള ബാക്ക് ഗ്രൗണ്ട്)
2. ഒപ്പ്
3. പോസ്റ്റ്കാർഡ് (4x6) വലുപ്പമുള്ള ഫോട്ടോ (പേരും തീയതി വെച്ചത്, വെള്ള ബാക്ക് ഗ്രൗണ്ട്)
4. ഇടതും വലതും കൈകളുടെ വിരലടയാളങ്ങൾ.
5. ആധാർ കാർഡ്
6. എസ് എസ് എൽ സി സർട്ടിഫിക്കറ്റ്
7. പ്ലസ്ടു സർട്ടിഫിക്കറ്റ്
അപേക്ഷാ ഫീസ്
ജനറൽ/NRI വിഭാഗത്തിന്, 1700/- രൂപയും ജനറൽ-EWS/ ഒബിസി-NCL വിഭാഗങ്ങൾക്ക് 1600/- രൂപയും എസ്‌സി/ എസ്ടി/ഭിന്നശേഷിക്കാർ/ട്രാൻസ് ജെൻഡർ എന്നീ വിഭാഗങ്ങൾക്ക്, 1000/- രൂപയുമാണ്, അപേക്ഷാഫീസ്. മാർച്ച് 9ന് രാത്രി 11.50 വരെ, ഫീസ് അടയ്ക്കാനുള്ള അവസരമുണ്ട്.
പരീക്ഷ ക്രമം
ഹയർസെക്കൻഡറി തലത്തിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് (MCQ)ആണ് ഈ പരീക്ഷയിൽ ചോദിക്കുന്നത്. മൂന്ന് മണിക്കൂർ 20 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയാണിത്. ഇംഗ്ലീഷും ഹിന്ദിയും കൂടാതെ രാജ്യത്തെ പ്രാദേശിക ഭാഷകളിൽ കൂടി നീറ്റ് നടത്തുന്നു.നീറ്റ് എക്സാം സിലബസും എക്സാം പാറ്റേണിൽ മാറ്റങ്ങളൊന്നും പറഞ്ഞിട്ടില്ല. മൾട്ടിപ്പിൾ ടൈപ്പ് ചോദ്യങ്ങൾക്ക്, ഒ.എം.ആർ.ഷീറ്റുകളിൽ ഉത്തരങ്ങൾ നൽകണം.
ശ്രദ്ധിക്കേണ്ട കാര്യം
പരീക്ഷയുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയിരിക്കുന്ന മൊബൈലിലേക്കും ഇ-മെയിലേക്കും വരുന്ന സന്ദേശങ്ങളും അതാതു സമയങ്ങളിൽ എൻ.ടി.എ. വെബ് സൈറ്റിൽ വരുന്ന അറിയിപ്പുകൾ ശ്രദ്ധിക്കുകയും വേണം. ഈ വർഷം മുതൽ അപേക്ഷ സമർപ്പണത്തിനായി, പുതിയ വെബ്സൈറ്റ് ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)