മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ശങ്കർ നഗർ സ്വദേശിയാണ് ഇദ്ദേഹം. മാതാപിതാക്കളായ വീരേന്ദ്രയുടെയും ഛായ ചന്ദക്കിന്റെയും ഏക മകൻ. ഇരുവരും നാഗ്പൂർ ടെക്‌നോ മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരാണ്. ഭാവൻസ് ബിപി വിദ്യാ മന്ദിറിലാണ് അർച്ചിത് ചന്ദക് തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2012-ൽ ജെഇഇ പരീക്ഷ പാസായ അർച്ചിത് ഡൽഹി ഐഐടിയിൽ ചേർന്നു.
ഐഐടിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ അർച്ചിതിന് കോളേജ് പഠനകാലത്ത് തന്നെ സർക്കാർ ജോലിയിൽ പ്രവേശിക്കണമെന്നും തന്റെ രാജ്യത്തെ സേവിക്കണമെന്നുമായിരുന്നു മോഹം. എന്നാൽ ഇന്റേൺഷിപ്പ് സമയത്ത് ഒരു ജാപ്പനീസ് കമ്പനി അർചിതിന് 35 ലക്ഷം രൂപ വരെ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തന്റെ വഴി മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ആ ജോലി നിരസിക്കുകയും സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുകയുമായിരുന്നു.
advertisement
ബിരുദം പൂർത്തിയാക്കിയ ശേഷം 2016-ൽ ആണ് അർച്ചിത് ചന്ദക് യുപിഎസ്സി പരീക്ഷയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചത്. അങ്ങനെ 2018-ൽ യു.പി.എസ്.സിക്ക് വേണ്ടി ആദ്യമായി ഹാജരായ അർച്ചിത് തന്റെ ആദ്യ ശ്രമത്തിൽ തന്നെ അഖിലേന്ത്യാ റാങ്ക് 184 കരസ്ഥമാക്കുകയും ചെയ്തു. അന്ന് മഹാരാഷ്ട്രയിലെ ഭുസാവലിലെ ബസാർപേത്ത് പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായാണ് അദ്ദേഹം ആദ്യം നിയമിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ നാഗ്പൂരിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറാണ് (ഡിസിപി ) അർച്ചിത് ചന്ദക് ഐപിഎസ്.
യുപിഎസ്സിക്കായി തയ്യാറെടുക്കുന്നവർക്ക് അദ്ദേഹം തന്റെ വാക്കുകളിലൂടെ ആത്മവിശ്വാസം പകരാറുമുണ്ട്.സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ് ഇദ്ദേഹം. തന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ 92.2K ഫോളോവേഴ്‌സും അദ്ദേഹത്തിന് ഉണ്ട്. ജില്ലാ പരിഷത്ത് നാഗ്പൂർ സിഇഒ ആയി ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥയായ സൗമ്യ ശർമ്മയെയാണ് അർച്ചിത് ചന്ദക് വിവാഹം കഴിച്ചിരിക്കുന്നത്. യുപിഎസ്‌സി പഠന കാലത്തെ സഹപാഠികളായിരുന്നു ഇരുവരും.