വളരെ ചെറുപ്രായത്തിലേ വിരമിക്കാമെന്നും ഇന്ത്യയിലേക്ക് തിരിച്ചു പോയി ജീവിക്കണം എന്നുമൊക്കെയാണ് ആദ്യം താൻ കരുതിയിരുന്നതെന്ന് ഡാനിയേൽ പറയുന്നു. "ഗൂഗിളിൽ ജോലി ചെയ്യുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. പിംഗ്-പോങ് ടേബിളുകൾ, വീഡിയോ-ഗെയിം റൂമുകൾ, സോക്കർ ഫീൽഡുകൾ, ജിം, ടെന്നീസ് കോർട്ടുകൾ, പരിധിയില്ലാത്ത ഭക്ഷണം, സൗജന്യ മസാജ് അങ്ങനെ അതിശയകരമായ സൗകര്യങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഗൂഗിളിൽ ജോലിക്കു കയറി ഒരു വർഷത്തിനു ശേഷം, ഞാൻ സാമ്പത്തിക വിഷയങ്ങളെക്കുറിച്ചും സേവിംങ്സിനെക്കുറിച്ചും നികുതികളെക്കുറിച്ചും കൂടുതൽ പഠിക്കാൻ തുടങ്ങി. ഞാൻ കൂടുതൽ പണം സമ്പാദിക്കുന്നുണ്ടായിരുന്നു, പക്ഷേ ഏകദേശം 50 ശതമാനം നികുതിയും അടയ്ക്കുന്നുണ്ടായിരുന്നു", ഡാനിയേൽ പറഞ്ഞു.
advertisement
നികുതി ബാധ്യത കുറയ്ക്കുന്നതിന് റിട്ടയർമെന്റ് അക്കൗണ്ടുകൾ എങ്ങനെ ഉണ്ടാക്കാമെന്നും കൈകാര്യം ചെയ്യാമെന്നും ഡാനിയേൽ പഠിച്ചു. തന്റെ റിട്ടയർമെന്റ് അക്കൗണ്ടുകളിലേക്ക് കഴിയുന്നത്ര പണം നിക്ഷേപിക്കാനും തുടങ്ങി. "ഗൂഗിളിൽ ജോലി ചെയ്തിരുന്നപ്പോൾ, എന്റെ വരുമാനത്തിന്റെ 10 ശതമാനത്തിൽ താഴെ മാത്രമാണ് ഞാൻ ചെലവുകൾക്കായി മാറ്റിവെച്ചത്", ഡാനിയേൽ ബിസിനസ് ഇൻസൈഡറിനോട് പറഞ്ഞു.
"ഞാൻ ജോലിസ്ഥലത്തേക്ക് നടക്കുകയോ അല്ലെങ്കിൽ ബൈക്കിന് പോകുകയോ ആണ് ചെയ്തിരുന്നത്. കാർ വാങ്ങിയിരുന്നില്ല. കമ്പനിയിൽ നിന്നും ദിവസവും മൂന്ന് നേരം ഭക്ഷണം കഴിച്ചു. പുറത്തു നിന്നും ഭക്ഷണം കഴിക്കാൻ അപൂർവമായാണ് പണം ചെലവഴിച്ചത്. സുഹൃത്തുക്കളോടൊപ്പം വാടക ഷെയർ ചെയ്ത് താമസിച്ചിരുന്നതിനാൽ ആ ചെലവും കുറവായിരുന്നു'', ഡാനിയേൽ പറഞ്ഞു. ചെലവു കുറച്ചാണ് ജീവിച്ചിരുന്നതെങ്കിലും തന്റേത് ഒരു അറുബോറൻ ജീവിതം അല്ലായിരുന്നു എന്നും ഗൂഗിളിലെ ജോലിയും ജീവിതവും ഏറെ ആസ്വദിച്ചിരുന്നതായും അദ്ദേഹം ഓർക്കുന്നു.
"എനിക്കറിയാവുന്ന പലരും വിലകൂടിയ കാറുകളും വീടുകളും വാങ്ങി. പക്ഷേ എന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും നിക്ഷേപിക്കാനായാണ് ഞാൻ മാറ്റിവെച്ചത്. ആദ്യം ചെലവു കുറഞ്ഞ നഗരങ്ങളിൽ ജീവിക്കുകയും പിന്നീട് നല്ല വീട് വാങ്ങുകയും ചെയ്യുക", ഡാനിയേൽ പറയുന്നു. ഗൂഗിളിൽ ജോലി ചെയ്തിരുന്നപ്പോൾ അദ്ദേഹം എല്ലാ വർഷവും 75,000 ഡോളറിലധികമാണ് (ഏകദേശം 62 ലക്ഷം രൂപ) നിക്ഷേപിച്ചിരുന്നത്.
2020-ഓടെ, ജോലിയിൽ നിന്ന് വിരമിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ മാത്രം സമ്പാദ്യമുണ്ടായിരുന്നെങ്കിലും ഡാനിയേൽ അത് ചെയ്തില്ല. അദ്ദേഹം വീണ്ടും തന്റെ സമ്പത്ത് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. അതിനിടെ തന്റെ ജീവിതപങ്കാളിയെയും അദ്ദേഹം കണ്ടുമുട്ടിയിരുന്നു. 2020 ജൂണിൽ, ഡാനിയേലിന് ജെപി മോർഗനിൽ ജോലി ലഭിച്ചു. 2023 ഓഗസ്റ്റിൽ, 29-ആം വയസിൽ, അദ്ദേഹം ജെപി മോർഗനിൽ നിന്ന് രാജിവെച്ച് ഒരു സ്റ്റാർട്ടപ്പ് സ്ഥാപിച്ചു. ഇന്നും താൻ ആഡംബര ജീവിതം നയിക്കാറില്ലെന്നും ഡാനിയേൽ പറയുന്നു.
"ഞാനും എന്റെ ഭാര്യയും ഒരിടത്തു സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. കുട്ടികൾ വേണമെന്നും താത്പര്യമുണ്ട്. കുടുംബത്തിന്റെ ചെലവുകൾ നിറവേറ്റാൻ ആവശ്യമായ സമ്പാദ്യം ഞങ്ങൾക്ക് ഉണ്ട്. ഞാൻ നേരത്തെ തന്നെ നിക്ഷേപിച്ചു തുടങ്ങി, കാരണം ഭാവിയിൽ അതോർത്ത് എനിക്ക് വിഷമിക്കേണ്ടി വരില്ല", ഡാനിയേൽ കൂട്ടിച്ചേർത്തു.