പൊതുവിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ രൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന്റേതായി ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ശബ്ദരേഖ അധ്യാപകരുടെ യോഗത്തിലേത് എന്നാണ് വിലയിരുത്തൽ. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല എന്നും മന്ത്രി പറഞ്ഞു.
advertisement
പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്ന് അദ്ദേഹം പറഞ്ഞു. കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുൻപന്തിയിലാണ്. യുണിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണ്. കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് എന്നും മന്ത്രി വ്യക്തമാക്കി.
എസ്എസ്എൽസി ചോദ്യപ്പേപ്പർ തയാറാക്കലിനായുള്ള ശിൽപശാലയ്ക്കിടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉന്നയിച്ച വിമർശനത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ രൂക്ഷ വിമർശനത്തോടെ വാരിക്കോരി മാർക്ക് വിതരണം വേണ്ടെന്ന വാക്കാൽ നിർദ്ദേശത്തോടെയാണ് നവംബറിൽ നടന്ന ശിൽപശാല അവസാനിപ്പിച്ചത്.