മെയ് 15 നും 31 നും ഇടയിലാകും പരീക്ഷ നടത്തുക. ഇത്തവണത്തെ പരീക്ഷാ ഫോർമാറ്റ് മുതൽ വിഷയങ്ങളുടെ എണ്ണത്തിൽ വരെ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് എൻടിഎയിലെയും യുജിസിയിലെയും മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കൂടുതൽ രജിസ്ട്രേഷനുകൾ ലഭിക്കുന്ന വിഷയങ്ങൾക്ക് കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി) ഫോർമാറ്റിന് പകരം ഒഎംആർ ഷീറ്റ് ഉപയോഗിച്ചാകും പരീക്ഷ നടത്തുകയെന്ന് യുജിസി ചെയർമാൻ എം ജഗദേഷ് കുമാർ അറിയിച്ചു.
advertisement
“കൂടുതൽ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുന്ന വിഷയങ്ങൾക്ക്, ഞങ്ങൾ ഒഎംആർ ഷീറ്റ് (മൾപ്പിൾ ചോയ്സ് ചോദ്യ ഫോർമാറ്റ്) അവതരിപ്പിക്കും. ഈ രീതി സ്വീകരിക്കുന്നതിലൂടെ ഒരേ ദിവസം, ഒരു ഷിഫ്റ്റിൽ എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതാൻ സാധിക്കും. നീറ്റ് (NEET) പോലുള്ള മറ്റ് പരീക്ഷകൾക്കായി ഞങ്ങൾ സ്വീകരിക്കുന്ന ചില രീതികൾ ഇവിടെയും സ്വീകരിക്കും നിരവധി സ്കൂളുകളും കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പരീക്ഷാ ഹാളുകളായി ഉപയോഗപ്പെടുത്തും. അതുവഴി ഗ്രാമപ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനായി വിദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകില്ല”, ജഗദേഷ് കുമാർ കൂട്ടിച്ചേർത്തു.
ഹൈബ്രിഡ് മോഡ് സ്വീകരിക്കുന്നതിലൂടെ പരീക്ഷാ ദിവസങ്ങളുടെ എണ്ണം കുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം, ഏകദേശം 28 ലക്ഷം പേരാണ് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജുവേറ്റ് പരീക്ഷ എഴുതിയത്. ഇതിൽ, ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത് ഉത്തർപ്രദേശിൽ നിന്നും ആയിരുന്നു. ഓരോ ദിവസവും മൂന്ന് ഷിഫ്റ്റുകളിലായായാകും ഇത്തവണ പരീക്ഷ നടത്തുക. രാവിലെ 9 മുതൽ 11 വരെ, 12.30 മുതൽ 2 വരെ, 4. വൈകിട്ട് 5.30 വരെ എന്നിങ്ങനെയാകും ഷിഫ്റ്റുകൾ. പരീക്ഷയെഴുതേണ്ട വിദ്യാർത്ഥികൾ തിരഞ്ഞെടുക്കേണ്ട വിഷയങ്ങളുടെ എണ്ണം പത്തിൽ നിന്ന് ആറായി കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും ജഗദേഷ് കുമാർ പറഞ്ഞു.