എന്താണ് അപാര്‍ ഐഡി?
ഒരു രാഷ്ട്രം, ഒരു വിദ്യാര്‍ഥി ഐഡി എന്ന പദ്ധതിക്ക് കീഴിലുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രധാന സംരംഭമാണ് അപാര്‍ ഐഡി. ഇത് ദേശീയ വിദ്യാഭ്യാസ നയം 2020(എന്‍ഇപി 2020), ദേശീയ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക്(എന്‍സിആര്‍എഫ്) എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
വിദ്യാര്‍ഥികളുടെ ഡിജിറ്റൽ വിദ്യാഭ്യാസ യാത്രയിലേക്കുള്ള ഒരു കവാടമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇത് അവര്‍ക്ക് വിദ്യാഭ്യാസ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്നു. തുടര്‍ വിദ്യാഭ്യാസം നേടുന്നതിനായി സ്ഥാപനങ്ങള്‍ക്കിടയില്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നു.
advertisement
അപാര്‍ ഐഡിയുടെ ഗുണങ്ങള്‍ എന്തൊക്കെ?
വിദ്യാര്‍ഥികളുടെ പഠനമേഖലയിലെ പുരോഗതി നിരീക്ഷിക്കാനും അക്കാദമിക് റെക്കോഡുകള്‍ സൂക്ഷിക്കാനും അപാര്‍ സഹായിക്കുന്നു. ഇതിലൂടെ വിദ്യാഭ്യാസമേഖലയില്‍ ഉത്തരവാദിത്വവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നു. ഇത് കാര്യക്ഷമത മെച്ചപ്പെടുത്തുകയും വഞ്ചിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഇരട്ടിപ്പ് ഒഴിവാക്കുകയും സമഗ്രമായ വിദ്യാര്‍ഥി വികസനത്തിനായി സഹായിക്കുകയും ചെയ്യുന്നു.
അപാറിലൂടെ ഇനിപ്പറയുന്ന കാര്യങ്ങളും സാധ്യമാക്കുന്നു
- വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമുള്ളതാക്കുന്നു
- വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള പഠനപാതകള്‍ തിരഞ്ഞെടുക്കാന്‍ പ്രാപ്തരാക്കുന്നു
- പഠനനേട്ടങ്ങള്‍ അംഗീകരിക്കുകയും അത് സാധൂകരിക്കുകയും ചെയ്യുന്നു
വിദ്യാര്‍ഥികളുടെ എല്ലാ യോഗ്യതാ പത്രങ്ങളും സൂക്ഷിക്കുന്ന അപാര്‍ ഐഡി പങ്കിടുമ്പോള്‍ അധിക സര്‍ട്ടിഫിക്കറ്റുകളൊന്നും ആവശ്യമില്ല. അതിനാല്‍ നമ്മുടെ കയ്യില്‍ നിന്ന് യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളൊന്നും നഷ്ടപ്പെടാനും സാധ്യതയില്ല. സ്‌കൂള്‍ ട്രാന്‍സ്ഫറുകള്‍, പ്രവേശന പരീക്ഷകള്‍, സ്‌കൂള്‍ പ്രവേശനം, ജോലി അപേക്ഷകള്‍, നൈപുണ്യ വികസന അവസരങ്ങള്‍ തുടങ്ങിയ ഉപയോഗങ്ങള്‍ക്ക് ഇത് പ്രയോജനകരമാകുന്നു.
വിദ്യാര്‍ഥികള്‍ക്ക് അപാര്‍ ഐഡി ലഭിക്കുന്നത് എങ്ങനെ?
യുഡൈസ്(UDISE), യുണീക്ക് സ്റ്റുഡന്റ് ഐഡന്റിഫയര്‍(PEN), വിദ്യാര്‍ഥിയുടെ പേര്, ജനനത്തീയതി, ലിംഗം, മൊബൈല്‍ നമ്പര്‍, അമ്മയുടെ പേര്, പിതാവിന്റെ പേര്, ആധാര്‍ പ്രകാരമുള്ള പേര്, വിദ്യാര്‍ഥിയുടെ ആധാര്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചാണ് അപാര്‍ ഐഡി തയ്യാറാക്കുന്നത്. താഴെപ്പറയുന്ന ഘട്ടങ്ങളിലൂടെയാണ് അപാര്‍ ഐഡി തയ്യാറാക്കേണ്ടത്.
ഘട്ടം 1 -സ്ഥിരീകരണം: ജനസംഖ്യാ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ സ്‌കൂള്‍ സന്ദര്‍ശിക്കുക
ഘട്ടം 2- രക്ഷിതാവിന്റെ സമ്മതം: വിദ്യാര്‍ഥിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കില്‍ രക്ഷിതാവിന്റെ സമ്മതം വാങ്ങുക
ഘട്ടം 3-ഒതന്റിഫിക്കേഷന്‍: സ്‌കൂള്‍ വഴി ഒതന്റിഫിക്കേഷന്‍ നടത്തുക
ഘട്ടം 4- ഐഡി നിര്‍മിക്കല്‍ : മറ്റ് ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം സുരക്ഷിതമായ ഓണ്‍ലൈന്‍ ആക്‌സസ് നേടുന്നതിനായി അപാര്‍ ഐഡി നിര്‍മിക്കുകയും ഡിജിലോക്കറില്‍ ചേര്‍ക്കുകയും ചെയ്യുന്നു.
അപാര്‍ ഐഡി സൃഷ്ടിച്ചു കഴിഞ്ഞാല്‍ അത് വിദ്യാര്‍ഥിയുടെ ഡിജിലോക്കര്‍ അക്കൗണ്ടിലേക്ക് സ്വയമേവ അപ്‌ലോഡ് ചെയ്യപ്പെടും. ഡിജിലോക്കറിലെ നല്‍കി രേഖകള്‍ എന്ന വിഭാഗത്തില്‍ വെര്‍ച്വല്‍ രൂപത്തില്‍ അപാര്‍ ഐഡി കാര്‍ഡ് കാണാന്‍ കഴിയും. യുഡൈസ് പ്ലസ് പോര്‍ട്ടലില്‍ അപാര്‍ മൊഡ്യൂളിന് താഴെയായി അപാര്‍ ഐഡി ട്രാക്ക് ചെയ്ത് കാണാവുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ അപാര്‍ ഐഡി നിര്‍മിച്ചതിന്റെ നില പരിശോധിക്കാന്‍ അവരവരുടെ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെടാവുന്നതുമാണ്.