ഉത്തർപ്രദേശിലെ ബല്ലിയയിലെ ഇബ്രാഹിമാബാദ് ഗ്രാമത്തിലാണ് ശ്യാം ബാബു താമസിക്കുന്നത്. പിതാവിന് പലചരക്ക് കടയുണ്ടായിരുന്നു. അഞ്ച് ഇളയ സഹോദരിമാരും ഒരു മൂത്ത സഹോദരനുമുണ്ട് ശ്യാം ബാബുവിന്. 2005ൽ റാണിഗഞ്ചിലെ ശ്രീ സുധീഷ് ബാബ ഇന്റർ കോളേജിൽ നിന്ന് 12-ാം ക്ലാസ് ബോർഡ് പരീക്ഷ പാസായി. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞതു മുതൽ ജോലി നേടാനുള്ള എല്ലാ ശ്രമങ്ങളും ശ്യാം ബാബു നടത്തുന്നുണ്ടായിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ കഠിനാധ്വാനവും സ്ഥിരോൽസാഹവും ഫലം കണ്ടു.
2005ൽ ഉത്തർപ്രദേശ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അദ്ദേഹത്തെ കോൺസ്റ്റബിളായി തിരഞ്ഞെടുത്തു. ജോലി ചെയ്യുന്നതിനിടയിൽ 2008ൽ ബിരുദപഠനം പൂർത്തിയാക്കി. അവിടം കൊണ്ടും അദ്ദേഹം പഠനം നിർത്തിയില്ല. 2012ൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കി. അതിനോടൊപ്പം നെറ്റ് യോഗ്യത നേടി. ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (യുപിപിഎസ്‌സി) പരീക്ഷ എഴുതാൻ അദ്ദേഹം എപ്പോഴും തയ്യാറെടുപ്പുകൾ നടത്തുമായിരുന്നു. 2016 മാർച്ചിൽ പ്രിലിമിനറിയും സെപ്റ്റംബറിൽ മെയിൻസും പരീക്ഷകൾ എഴുതി. 2018 നവംബറിൽ ഇതിന്റെ ഫലം വന്നു.
advertisement
രണ്ട് വർഷത്തിന് ശേഷം 2018 ഡിസംബർ 10 ന് അഭിമുഖത്തിന് അവസരം ലഭിച്ചു. 2019 ഫെബ്രുവരി 23ന് അഭിമുഖത്തിന്റെ പ്രഖ്യാപിച്ചപ്പോൾ ശ്യാം ബാബു വാർത്തകളിൽ നിറഞ്ഞു. അന്ന് അദ്ദേഹം 52-ാം റാങ്ക് നേടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (SDM) സ്ഥാനത്തെത്തി. 14 വർഷം ശ്യാം ബാബു ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്തു. എസ്‍ഡിഎം ആയപ്പോഴേക്കും ആയപ്പോൾ അദ്ദേഹത്തിന്റെ അഞ്ച് സഹോദരിമാരുടെയും വിവാഹം കഴിഞ്ഞിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഉമേഷ് കുമാർ ആദായനികുതി വകുപ്പിൽ ഇൻസ്പെക്ടർ റാങ്കിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്തു.
യുപിപിഎസ്‌സി ഫലം വന്നപ്പോൾ മറ്റേതൊരു ദിവസത്തെയും പോലെ ഹെഡ് കോൺസ്റ്റബിളിന്റെ ഡ്യൂട്ടിയിലായിരുന്നു ശ്യാം ബാബു. ഡെപ്യൂട്ടി എസ്പി അദ്ദേഹത്തെ ഒരു കപ്പ് ചായ എടുത്ത് കൊണ്ട് വരാനായി പറഞ്ഞയച്ച സമയത്താണ് പരീക്ഷ ഫലം അറിയിച്ചുകൊണ്ടുള്ള ഫോൺ വരുന്നത്. ചായയുമായി മടങ്ങി വന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡി.എസ്.പിയെ പരീക്ഷാഫലം അറിയിച്ചപ്പോൾ അദ്ദേഹം എഴുന്നേറ്റ് നിന്ന് തനിക്ക് സല്യൂട്ട് നൽകി എന്നും ശ്യാം ബാബു പറയുന്നു.