ചടങ്ങിൽ സ്കൂൾ അധ്യാപകരെയും, രക്ഷകർത്താക്കളെയും, സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴിയെയും സ്റ്റാലിൻ അഭിനന്ദിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഈ നേട്ടം കൈവരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ അധികാരത്തിൽ വന്ന് മൂന്ന് വർഷത്തിനിടയ്ക്ക് രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സർക്കാർ സ്കൂളിൽ പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാർഥികൾ പ്രവേശനം നേടിയതായും അദ്ദേഹം പറഞ്ഞു. 2022- ൽ രാജ്യത്തെ ഐഐടികൾ ഉൾപ്പെടെയുള്ളവയിൽ പ്രവേശനം നേടിയിരുന്ന തമിഴ് വിദ്യാർത്ഥികളുടെ എണ്ണം 75- ആയിരുന്നെങ്കിൽ 2023- ആയപ്പോഴേക്കും അത് 274- ആയി ഉയർന്നുവെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. കൂടാതെ ഈ വർഷം ഇതുവരെ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം 447- ആണെന്നും പ്രവേശന നടപടികൾ പൂർത്തിയാകാത്തതിനാൽ ഇനിയും ഈ എണ്ണം ഉയരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, സർക്കാരിന്റെ ദ്രാവിഡ മാതൃകയിലൂടെ എല്ലാ വകുപ്പുകളിലും പുരോഗതി ദൃശ്യമാണെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പുനരുജ്ജീവനത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ തമിഴ്നാട് ഒന്നാം സ്ഥാനത്താണെന്ന് അദ്ദേഹം അവകാശപ്പെട്ടു. സർക്കാർ സ്‌കൂളുകളിൽ പഠിച്ച പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി മാസം 1,000- രൂപ നൽകുന്ന "പുതുമൈ പെൺ" പദ്ധതി അവതരിപ്പിച്ചതിന് ശേഷം കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ നിരക്ക് 34- ശതമാനം വർധിച്ചു. സർക്കാർ സ്‌കൂളുകളിൽ പഠിക്കുകയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുമ്പോൾ അത് സാമൂഹിക പുരോഗതിയ്ക്ക് കാരണമാകുമെന്നും സ്റ്റാലിൻ പറഞ്ഞു.
രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികൾ, എൻഐടികൾ, നിയമ സർവകലാശാലകൾ, സ്പെയ്സ് സയൻസ് സ്ഥാപനങ്ങൾ എന്നിവിടങ്ങിലേക്ക് പ്രവേശനം നേടുന്നതിനൊപ്പം 14- വിദ്യാർത്ഥികൾ ജപ്പാൻ, മലേഷ്യ, തായ്‌വാൻ എന്നിവിടങ്ങളിൽ സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരവും നേടി. അനുമോദന ചടങ്ങിൽ 23- ഓളം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും, സർട്ടിഫിക്കറ്റും സ്റ്റാലിൻ വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ സ്‌കൂളുകളിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്നും വിദേശ രാജ്യങ്ങളിലേക്കെത്തുന്ന തങ്ങളുടെ കുട്ടികളെ സ്വന്തം മക്കളെ പോലെ സംരക്ഷിക്കണമെന്നും മലേഷ്യ, തായ്‌വാൻ എന്നീ രാജ്യങ്ങളിലെ അധികൃതരോട് സ്റ്റാലിൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ സ്വയം ആത്മവിശ്വാസം വളർത്തിയെടുക്കണമെന്നും ഏത് തരത്തിലുമുള്ള വെല്ലുവിളികളെയും നേരിടാൻ അവർക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.