ചൊവ്വാഴ്ച രാത്രിയാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നീറ്റ് യുജി ഫലം പുറത്തുവിട്ടത്. ആദ്യ പത്ത് റാങ്കുകളിൽ നാലും തമിഴ്‌നാട് സ്വദേശികളാണ് സ്വന്തമാക്കിയത്. തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ പ്രഭഞ്ജൻ ജെ ആണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തിക്കൊപ്പം 720 മാർക്കോടെ ഒന്നാം റാങ്ക് പങ്കിട്ടത്. തമിഴ്നാട് സ്വദേശിയായ കൗതവ് ബൗരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
2019 ലും 2021ലും നീറ്റിലെ ആദ്യ 50 റാങ്കുകളിൽ സംസ്ഥാനത്തിന് പ്രാതിനിധ്യം ഉണ്ടായിരുന്നില്ല എന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ കഴിഞ്ഞ വർഷം, തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ടു പേർ ഈ ലിസ്റ്റിൽ ഇടം നേടി. ഈ വർഷം, സംസ്ഥാനത്തു നിന്ന് ആറു പേരാണ് ഉയർന്ന റാങ്കുകൾ നേടിയത്. ഇത് നീറ്റ് പരീക്ഷയിൽ സംസ്ഥാനത്തെ എക്കാലത്തെയും വലിയ വിജയമാണ്. ആദ്യ 50 റാങ്കുകളിൽ എട്ട് പേരുമായി ഡൽഹിയും ഏഴ് പേരുമായി രാജസ്ഥാനുമാണ് ഈ പട്ടികയിൽ മുൻപിലുള്ള മറ്റു സംസ്ഥാനങ്ങൾ.
advertisement
തമിഴ്നാട്ടിൽ നിന്നും നീറ്റ് പരീക്ഷയെഴുതുന്ന മൊത്തം വിദ്യാർത്ഥികളുടെ എണ്ണം 1.87 ശതമാനത്തിൽ നിന്നും 3.48 ശതമാനമായി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. 95 ശതമാനവും അതിൽ കൂടുതലും സ്‌കോർ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയാകുകയും ചെയ്തു.
2017 മുതൽ നീറ്റ് പരീക്ഷയെ തമിഴ്നാട് എതിർത്തു വരികയാണ്. തങ്ങളെ നീറ്റിൽ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം. ഭരണകക്ഷിയായ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു നീറ്റ് അനുവദിക്കില്ല എന്നത്. തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളെ നീറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ബിൽ കഴിഞ്ഞ വർഷം നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ബില്ലിന് ഏകകണ്ഠമായ പിന്തുണ ലഭിച്ചെങ്കിലും ഇതുവരെ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.
2017-18 കാലഘട്ടത്തിലാണ് സുപ്രീം കോടതി വിധിയെത്തുടർന്ന്, രാജ്യവ്യാപകമായി എല്ലാ മെഡിക്കൽ കോളേജുകളിലേക്കും പ്രവേശനം നേടുന്നതിന് നീറ്റ് നിർബന്ധമാക്കി മാറ്റിയത്. അതിനു മുൻപ് തമിഴ്‌നാട് മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് ബോർഡ് പരീക്ഷയിലെ മാർക്കിനെയാണ് ആശ്രയിച്ചിരുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ പലതും നീറ്റിനെക്കുറിച്ച് പല ആശങ്കകളും പങ്കുവെച്ചിരുന്നു. നഗരപ്രദേശങ്ങളിലെ വിദ്യാർഥികളെ അപേക്ഷിച്ച് ഗ്രാമങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് സാമ്പത്തിക ഞെരുക്കങ്ങൾ കാരണം കോച്ചിങിന് പോകാൻ കഴിയുന്നില്ല എന്നതാണ് എതിർപ്പിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.