ലാഭം നേടുന്നതിന് വേണ്ടി മിക്കപ്പോഴും സ്‌കൂളുകളില്‍ കുട്ടികളും അധ്യാപകരും തമ്മിലുള്ള അനുപാതം പാലിക്കപ്പെടുന്നില്ലെന്ന് ഡല്‍ഹിയിലെ മറ്റൊരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ അനിതാ സിങ് പറഞ്ഞു. ”ക്ലാസില്‍ എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ അതിന് ഞങ്ങളെ പഴിക്കും”, അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ 1.1 ലക്ഷം സ്‌കൂളുകളും ഏകാധ്യാപക വിദ്യാലയങ്ങളാണെന്ന് യുനെസ്‌കോയുടെ 2021-ലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
”കഴിഞ്ഞ 13 വര്‍ഷമായി ഞാന്‍ ഈ സ്‌കൂളില്‍ താത്ക്കാലിക അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. എന്റെ ജോലി സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെടുമ്പോഴൊക്കെ സ്‌കൂള്‍ അധികൃതര്‍ കൈമലര്‍ത്തും. അതിനപ്പുറം ഞാന്‍ പറഞ്ഞാല്‍ എന്റെ ജോലിയും പോകും”, പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപിക പറഞ്ഞു.
advertisement
ഇന്ത്യയിലെ സ്വകാര്യ, സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ 42 ശതമാനം അധ്യാപകരും കരാര്‍ പോലും ഇല്ലാതെയാണ് ജോലി ചെയ്യുന്നതെന്നും പ്രതിമാസം 10,000 രൂപയില്‍ താഴെയാണ് ശമ്പളം വാങ്ങുന്നതെന്നും യുനെസ്‌കോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വകാര്യ സ്‌കൂളിലെ അധ്യാപകരുടെ സ്ഥിതി ദയനീയമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരില്‍ 69 ശതമാനം പേരും കരാര്‍ കൂടാതെയാണ് ജോലി ചെയ്യുന്നത്. പെട്ടെന്നുള്ള പിരിച്ചുവിടല്‍, ശമ്പളം വെട്ടിക്കുറയ്ക്കല്‍, ശമ്പളം പിടിക്കല്‍, അമിത ജോലി ഭാരം എന്നിവയും ഇവര്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നൃത്താധ്യാപികയായ തന്നോട് കുട്ടികളെ മറാഠി കൂടി പഠിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി മുംബൈയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപിക പറഞ്ഞു. ചില സമയങ്ങളില്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടി വരാറുണ്ടെന്നും അവര്‍ കൂട്ടിച്ചേർത്തു. . ”പഠനത്തിനൊപ്പം കുട്ടികളെ എന്തെങ്കിലും പ്രത്യേക പരിപാടികള്‍ക്കോ നൃത്ത മത്സരങ്ങള്‍ക്കോ തയ്യാറെടുപ്പിക്കുന്നത് മൂലം അമിത ജോലിഭാരമാണ് ഞങ്ങള്‍ക്കുണ്ടാക്കുന്നത്”, അവര്‍ പറഞ്ഞു.
കുറഞ്ഞ വേതനം
”ഒന്‍പത് മുതല്‍ പത്ത് വര്‍ഷം വരെ പരിചയസമ്പത്തുണ്ടായിട്ടും ഈ സ്‌കൂളിലെ ഭൂരിഭാഗം അധ്യാപകരും പരമാവധി വേതനമായി 20,000 രൂവരെയാണ് കൈപ്പറ്റുന്നത്. പഠനകാര്യങ്ങള്‍ക്കൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങള്‍ മുന്‍തൂക്കം നല്‍കണം. ചില രീതിയില്‍ തന്നെ പഠിപ്പിക്കണമെന്ന് സ്‌കൂള്‍ ഭരണാധികാരികളില്‍ നിന്ന് ഞങ്ങള്‍ക്ക് സമ്മര്‍ദമുണ്ട്,” പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു അധ്യാപകന്‍ പറഞ്ഞു.
മുന്‍പരിചയമില്ലാത്ത അധ്യാപകര്‍ക്ക് 10,000 രൂപയില്‍ താഴെമാത്രമാണ് ശമ്പളം നല്‍കുന്നതെന്ന് ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപിക ന്യൂസ് 18-നോട് പറഞ്ഞു. അതേസമയം, ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്നുണ്ടെന്ന് കാണിക്കുന്നതിന് വലിയ തുക എഴുതിയ ചെക്കുകളില്‍ ഒപ്പിടാന്‍ സ്‌കൂള്‍ ഭരണകൂടം തങ്ങളോട് ആവശ്യപ്പെട്ടതായും അവര്‍ ആരോപിച്ചു. ”അധ്യാപകര്‍ക്ക് സ്‌കൂള്‍ അധികൃതര്‍ വാഗ്ദാനം ചെയ്യുന്ന വേതനം ലഭിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധന നടത്തണമെന്ന് ഞാന്‍ അവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഇല്ലെങ്കില്‍ സ്വകാര്യ സ്‌കൂളുകള്‍ അധ്യാപകരെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യും,”അവര്‍ ആവശ്യപ്പെട്ടു.
”കോവിഡ് സമയത്ത് ഞങ്ങളുടെ ശമ്പളത്തിന്റെ പകുതിയോളം പിടിച്ചിരുന്നു. എന്നാല്‍, കോവിഡ് ഭീഷണി മാറി, എല്ലാം സാധാരണ നിലയില്‍ ആയിട്ടും പിടിച്ച ശമ്പളം ഇതുവരെയും തിരികെ തന്നിട്ടില്ല”, ഡല്‍ഹിയലെ ഒരു സ്വകാര്യ സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപിക ശാലിനി സിങ് പറഞ്ഞു.
സ്‌കൂള്‍ അധികൃതരില്‍ നിന്നുള്ള സമ്മര്‍ദം
സ്‌കൂള്‍ അധികൃതരില്‍ നിന്ന് വലിയ തോതിലുള്ള സമ്മര്‍ദമാണ് അധ്യാപകര്‍ അഭിമുഖീകരിക്കുന്നത്. മിക്ക സ്വകാര്യ സ്‌കൂളുകളും സിബിഎസ്ഇ ആവശ്യപ്പെടുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ഡല്‍ഹിയിലെ മറ്റൊരു സ്‌കൂളിലെ അധ്യാപികയായ വന്‍ഷിക സിങ് പറഞ്ഞു. ”ആവശ്യത്തിന് ഫണ്ട് കിട്ടാതെ സ്‌കൂളുകള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അധ്യാപകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നും നല്‍കുന്നില്ലെങ്കിലും വിദ്യാര്‍ഥികള്‍ക്കായി പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാന്‍ അവര്‍ ഉത്സുകരാണ്. ഞങ്ങള്‍ക്ക് സ്വന്തമായി സമയം കിട്ടുന്നേയില്ല,” മറ്റൊരു അധ്യാപിക പറഞ്ഞു.
ഇത് കൂടാതെ കുട്ടികളുടെ മാതാപിതാക്കളില്‍ നിന്ന് യാതൊരുവിധ പിന്തുണയും തങ്ങള്‍ക്ക് ലഭിക്കാറില്ലെന്ന് അധ്യാപികമാര്‍ പരാതിപ്പെടുന്നു. പഠിപ്പിക്കുക എന്നത് അധ്യാപകരുടെ മാത്രം ഉത്തരവാദിത്വമായാണ് മാതാപിതാക്കള്‍ കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.