കാൻഡിഡേറ്റ് ലോഗിൻ
പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിക്കുന്നതിൻ്റെ ആദ്യ ഘട്ടം കാൻഡിഡേറ്റ് ലോഗിൻ ആണ്. പത്താംക്ലാസിൽ പഠിച്ച സ്കീം, രജിസ്റ്റർ നമ്പർ, പരീക്ഷയെഴുതിയ മാസവും വർഷവും, ജനനത്തീയതി, മൊബൈൽ നമ്പർ തുടങ്ങിയവ നൽകിയാണ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കേണ്ടത്.
അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ
ജനറൽ വിഭാഗത്തിലെ അപേക്ഷകർ, അപേക്ഷയ്ക്കൊപ്പം പ്രത്യേക സർട്ടിഫിക്കറ്റുകൾ ഒന്നും തന്നെ അപ്‌ലോഡ് ചെയ്യേണ്ടതില്ല. എന്നാൽ ഭിന്നശേഷി വിഭാഗത്തിലെ പ്രത്യേക പരിഗണന അർഹിക്കുന്നവർ, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ സ്കാൻചെയ്ത പകർപ്പ് അപ്ലോഡ് ചെയ്യണം. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ സ്കീമുകളില്ലാതെ മറ്റുവിഭാഗങ്ങളിൽ പത്താംതരം ജയിച്ചവരും മാർക്കു പട്ടിക, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് അപ്ലോഡ് ചെയ്യണം.
advertisement
മറ്റുള്ളവർ ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പത്താംക്ലാസ് പരീക്ഷയിൽ വിവിധ വിഷയങ്ങളുടെ ഗ്രേഡും അർഹതയുള്ള ബോണസ് പോയിന്റും ടൈബ്രേക്ക് പോയിന്റും ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചുള്ള വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് (ഡബ്ള്യു.യു.ജി.പി.എ.) അനുസരിച്ചാണ് അപേക്ഷകരുടെ റാങ്ക് നിശ്ചയിക്കുന്നത്. സ്വന്തം നിലയിൽ ഇതു പരിശോധിക്കാവുന്നതാണ്. പ്രവേശന പ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന വെബ്സൈറ്റിൽ ഡബ്ള്യു.ജി.പി.എ. കാൽക്കുലേറ്റർ കാണാം. ഇതിൽ വിവരങ്ങൾ നൽകുമ്പോൾ അപേക്ഷാർത്ഥികൾക്ക് അവരുടെ ആകെ ഗ്രേഡ് പോയിന്റ് മനസ്സിലാക്കാവുന്നതാണ്. അപേക്ഷാർത്ഥി, ഓപ്ഷൻ നൽകാൻ ഉദ്ദേശിക്കുന്ന സ്കൂളുകളിൽ കഴിഞ്ഞ അധ്യയനവർഷം പ്രവേശനം ലഭിച്ച ഏറ്റവും താഴ്ന്ന റാങ്കുകാരുടെ വിവരങ്ങൾ പ്രവേശന വെബ് സൈറ്റിൽ നിന്നു ലഭിക്കും. കഴിഞ്ഞവർഷത്തെ പ്രവേശനനിലയുമായി അവരവരുടെ ഗ്രേഡ് പോയിൻ്റ് താരതമ്യം ചെയ്താൽ, ആ സ്കൂളിലെ പ്രവേശനത്തിൻ്റെ സാധ്യതകളെ മനസ്സിലാക്കാം.
ബോണസ് പോയിന്റ്
പ്രവേശനത്തിൽ നിർണായകമായ ഒന്നാണ് ബോണസ് പോയിന്റ് . ഒരാൾക്ക് പരമാവധി ലഭിക്കാവുന്ന ബോണസ് പോയിന്റ് 10 ആണ്. പത്താം ക്ലാസ്സിൽ നിലവിൽ ഗ്രേസ് മാർക്ക് ലഭിച്ച അപേക്ഷാർത്ഥികൾക്ക്, എൻ.സി.സി, സ്കൗട്ട്, എസ്.പി.സി, ലിറ്റിൽ കൈറ്റ്സ് എ ഗ്രേഡ് എന്നിങ്ങനെയുള്ള ബോണസ് പോയിന്റുകൾക്ക് വീണ്ടും അർഹതയുണ്ടാകില്ല. മാത്രവുമല്ല, അപേക്ഷയിൽ അവകാശപ്പെടുന്ന ബോണസ് പോയിന്റ്, ടൈബ്രേക് പോയിന്റ് എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ പ്രവേശന സമയത്ത് അപേക്ഷാർത്ഥി ഹാജരാക്കണം. ഇതിനുകഴിയാത്തവരുടെ അലോട്മെന്റ് സ്വാഭാവികമായും റദ്ദാക്കപെടും. വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വരുന്നഘട്ടത്തിൽ റാങ്കു നിർണയത്തിനായി ടൈബ്രേക് പോയിന്റുകൾ പരിഗണിക്കും. ഗ്രേസ് മാർക്ക് ലഭിക്കാത്ത അപേക്ഷകർ, ഇംഗ്ലീഷിലെ ഉയർന്ന ഗ്രേഡ്, ഒന്നാംഭാഷയിലെ ഉയർന്ന ഗ്രേഡ് എന്നീ ഘടകങ്ങളാണ് പരിശോധിക്കുന്നത്.
വിവിധ തലങ്ങളിലെ ബോണസ് പോയിന്റ്
വീരമൃത്യുവരിച്ച സൈനികരുടെ മക്കൾക്ക് അഞ്ച് ബോണസ് പോയിന്റ് ലഭിക്കും. ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളിലെ ജവാന്മാർ, വിമുക്തഭടന്മാർ എന്നിവരുടെ മക്കൾക്ക് മൂന്നു പോയിന്റും. എൻ.സി.സി., സ്കൗട്ട്, എസ്.പി.സി. എന്നിവയിലെ മികവിന് നിബന്ധനകൾക്കു വിധേയമായി രണ്ട് ബോണസ് പോയിൻ്റും ലഭിക്കുന്നതാണ്.എ ഗ്രേഡ് സർട്ടിഫിക്കറ്റുള്ള ലിറ്റിൽ കൈറ്റ് അംഗം-ഒരു പോയിന്റ്, അപേക്ഷിക്കുന്ന സ്കൂളിലെ വിദ്യാർഥി-രണ്ട്, താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സ്കൂൾ-രണ്ട്, അതേ താലൂക്ക്-ഒന്ന്, ഗവ., എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളില്ലാത്ത ഗ്രാമപ്പഞ്ചായത്തിലെ വിദ്യാർഥി അതേ താലൂക്കിൽ അപേക്ഷിക്കുമ്പോൾ-രണ്ട്, എസ്.എസ്.എൽ.സി. പരീക്ഷയിലൂടെ യോഗ്യതനേടുന്നവർ-മൂന്ന് എന്നിങ്ങനെയാണ്, മറ്റു ബോണസ് പോയിൻ്റുകൾ.
ഏതു സ്കൂളിലും ഏതു ജില്ലയിലും അപേക്ഷിക്കാം
അപേക്ഷാർത്ഥികൾക്ക് ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. മാത്രവുമല്ല എത്ര ഓപ്ഷനുകളും നൽകാൻ അവസരമുണ്ട്.
അപേക്ഷ സമർപ്പണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പ്രോസ്പെക്ടസിൽ നിന്ന് സ്കൂൾ, കോഴ്സുകൾ എന്നിവ വിശദമായി പരിശോധിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളിന്റെ കോഡ്, കോഴ്സ് കോഡ് എന്നീ ക്രമത്തിൽ ഓപ്ഷൻ പട്ടിക അപേക്ഷാർത്ഥി തയ്യാറാക്കണം. ഇതു നോക്കി മാത്രമേ ഓപ്ഷൻ നൽകാവൂ. ഇഷ്ടപ്പെട്ട സ്കൂളും വിഷയവും ആദ്യം നൽകണം. പോകാനുള്ള സൗകര്യം കൂടി പരിഗണിച്ച് അടുത്തുള്ള മറ്റു സ്കൂളുകളിലേക്കുള്ള ഓപ്ഷനും തിരഞ്ഞെടുക്കണം. ഒരു സ്കൂളിൽ മാത്രം ഓപ്ഷൻ നൽകിയാൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡുണ്ടെങ്കിലും ആദ്യ അലോട്മെന്റിൽ ഉൾപ്പെടണമെന്നില്ല.
അഘോട്ട്മെൻ്റ് ലഭിച്ചാൽ
കൊടുത്ത ആദ്യ ഓപ്ഷനിൽത്തന്നെ അലോട്മെന്റ് ലഭിച്ചാൽ, അതാത് സ്കൂളുകളിൽ പോയി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനുകളിലാണ് അലോട്ട്മെന്റ് ലഭിക്കുന്നതെങ്കിൽ താത്കാലിക പ്രവേശനം നേടി, അടുത്ത അലോട്മെൻ്റിന് കാത്തിരിക്കണം. എന്നാൽ ഒരിയ്ക്കൽ, അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ ഏക ജാലക പ്രവേശന പ്രകിയയിൽ നിന്ന് ഒഴിവാക്കും. അത്തരക്കാരെ തുടർ അലോട്മെന്റുകളിൽ പരിഗണിക്കുകയില്ലെന്നു ചുരുക്കം.
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ- (കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)