ഡിസംബർ 19, 20 കൊച്ചിൻ സർവ്വകലാശാലയിൽ നടക്കുന്ന കോൺക്ലേവിന് പ്രാരംഭം കുറിച്ചുകൊണ്ട് ഡിസംബർ 7 മുതൽ 10 വരെ തിരുവനന്തപുരത്ത് 'ഉദ്യമ 1.0' അരങ്ങേറും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകൾക്ക് പ്രാമുഖ്യം കൊടുത്താണ് 'ഉദ്യമ 1.0'. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും വ്യവസായ പ്രതിനിധികളും ഉൾപ്പെട്ട പാനലിൻ്റെ നിർദ്ദേശങ്ങൾ സ്വാംശീകരിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് വിഷൻ ഡോക്യുമെൻ്റ് തയ്യാറാക്കലും നാലാം വ്യവസായ വിപ്ലവത്തിൻ്റെ ഭാഗമായി ഉരുത്തിരിയുന്ന നൂതന സാങ്കേതികവിദ്യകൾ സ്വായത്തമാക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കലും 'ഉദ്യമ 1.0'ൻ്റെ ഭാഗമായി നടക്കും. ഇത് ഡിസംബർ 19, 20 കൊച്ചിൻ സർവ്വകലാശാലയിൽ നടക്കുന്ന 'ഉദ്യമ 2.0' കോൺക്ലേവിന് പ്രവേശികയായിരിക്കും.
advertisement
'ഉദ്യമ 1.0' വെബ്സൈറ്റ് മന്ത്രി ഡോ. ആർ ബിന്ദു എറണാകുളം പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. ‘ഉദ്യമ 1.0‘യുടെ ഭാഗമായി നടക്കുന്ന വിദ്യാർത്ഥികളുടെ നൂതനാശയങ്ങളുടെ സമാഹരണവും പുതിയ സാങ്കേതികവിദ്യകളുടെയും ഉൽപ്പന്നങ്ങളുടെയും രജിസ്ട്രേഷനും ഗ്രാമീണ സാങ്കേതികവിദ്യകളുടെ രജിസ്ട്രേഷൻ തുടങ്ങിയവയും വെബ്സൈറ്റ് വഴി ഏകോപിപ്പിക്കും.തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകരായ ഡോ. അജയ് ജയിംസ്, പ്രഫ. സോണി പി, പ്രേംകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ പി. മനു കൃഷ്ണൻ, ജോസഫ് പോളി, പ്രണവ് കെ പ്രദീപ്, ഹൃദ്യ ശിവരാജൻ, മറിയ ട്രീസ ഫ്രാൻസിസ്, ആർ ആകാശ് കുമാർ, ബാദുഷ പരീത് എന്നിവരാണ്‘ഉദ്യമ 1.0‘ വെബ്സൈറ്റ് വികസിപ്പിച്ചത്.