2020- ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ പുതിയ തീരുമാനമെന്നും അറിയിച്ചിട്ടുണ്ട്. വിദഗ്ധ സമിതി ശുപാർശ ചെയ്തതിനെത്തുടർന്ന് മാർച്ച് 13ന് ചേർന്ന 578-ാമത് യുജിസി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തതെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. വർഷത്തിൽ ജൂൺ, ഡിസംബർ മാസങ്ങളിൽ രണ്ടുതവണയായാണ് നെറ്റ് പരീക്ഷ നടത്തുന്നത്. പുതിയ പ്രഖ്യാപനത്തോടെ, യുജിസി നെറ്റ് യോഗ്യതയുള്ള വിദ്യാർത്ഥികൾ മൂന്ന് വിഭാഗങ്ങളിലേയ്ക്കാണ് യോഗ്യത നേടുന്നത്.
1.ജെആർഎഫിനൊപ്പം പിഎച്ച്ഡി പ്രവേശനം കൂടാതെ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേയ്ക്കുമുള്ള യോഗ്യത
advertisement
2. ജെആർഎഫ് ഇല്ലാതെ പിഎച്ച്ഡി പ്രവേശനം, അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള യോഗ്യത
3. പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മാത്രം
എന്നാൽ യുജിസി നെറ്റ് സ്കോറുകള്‍ക്ക് 70 ശതമാനം വെയ്റ്റേജും അഭിമുഖ പരീക്ഷയ്ക്ക് 30 ശതമാനവും നൽകിയാണ് പിഎച്ച്‌ഡി പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് എന്ന കാര്യം വിദ്യാർഥികൾ ശ്രദ്ധിക്കേണ്ടതാണ്. എൻടിഎ അടുത്ത ആഴ്ച മുതൽ ഇതിന്റെ നടപടിക്രമങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായി യുജിസി ചെയർമാൻ മമിദാല ജഗദേഷ് കുമാർ പറഞ്ഞു. " 2024-2025 അക്കാദമിക വർഷം മുതല്‍, എല്ലാ സർവകലാശാലകള്‍ക്കും പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് നെറ്റ് സ്കോറുകള്‍ പരിഗണിക്കാം. 2024 ജൂണില്‍ നടക്കാനിരിക്കുന്ന നെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ അടുത്ത ആഴ്ച മുതല്‍ സ്വീകരിക്കാൻ ആരംഭിക്കും" എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
യുജിസി നെറ്റ് ജൂൺ 2024 സംബന്ധിച്ച വിജ്ഞാപനം ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ പുറത്തിറങ്ങും. നെറ്റ് സ്കോറിന് ഒരു വർഷത്തെ സാധുതയാണുണ്ടാകുക.