കൊമേഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ നാല് മുസ്ലീം വനിതകളാണ് രാജ്യത്ത് ഇതുവരെയുണ്ടായിട്ടുള്ളത്. അതില്‍ ഏവിയേഷന്‍ മേഖലയിലേക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ് സയേദ സല്‍വ ഫാത്തി. ന്യൂസിലാന്‍ഡില്‍ നിന്നുെ മള്‍ട്ടി-എഞ്ചിനിന്‍ പരിശീലനവും ബഹ്‌റൈനില്‍ നിന്നും ടൈപ്പ് റേറ്റിങ് പരിശീലനവും പൂർത്തിയാക്കിയ സയേദ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് (ജിഡിസിഎ) എയര്‍ബസ് 320 പറത്തുന്നതിനുള്ള അനുമതിയും നേടിയിരിക്കുകയാണ്. ഏറെ വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും തന്റെ ജീവിതാഭിലാഷം നേടിയെടുക്കുന്നതില്‍ നിന്ന് അവര്‍ തെല്ലും പിന്നോട്ടു പോയില്ല.
advertisement
ന്യൂസിലാന്‍ഡില്‍ മള്‍ട്ടി എഞ്ചിന്‍ വിമാനം 15 മണിക്കൂറോളം പറത്തി പരിചയസമ്പത്ത് നേടിയ സയേദ സല്‍വ ബഹ്റൈനിലെ ഗള്‍ഫ് ഏവിയേഷന്‍ അക്കാദമിയില്‍ നിന്നാണ് ടൈപ്പ്-റേറ്റിങ് പരിശീലനം സ്വന്തമാക്കിയത്. ഇതിന് പുറമെ 52 മണിക്കൂര്‍ നീളുന്ന മള്‍ട്ടി-ഫങ്ഷന്‍ ഡിസ്‌പ്ലെ പരിശീലനവും 62 മണിക്കൂര്‍ നേരത്തെ മോഷന്‍ സിമുലേറ്റര്‍ പരിശീലനവും സയേദ നേടിയിട്ടുണ്ട്. ഇവ രണ്ടും കൊമേഷ്യല്‍ പൈലറ്റാകുന്നതിന് നിര്‍ണായകമായ നേട്ടങ്ങളാണ്.
എന്‍ട്രന്‍സ് പരീക്ഷയ്ക്കുവേണ്ടിയുള്ള പരിശീലന ക്ലാസിനിടെയാണ് തനിക്ക് പൈലറ്റ് ആകണമെന്ന ആഗ്രഹം സയേദ ആദ്യമായി തുറന്ന് പറയുന്നത്. സിയാസാറ്റിന്റെ എഡിറ്ററായ സാഹിദ് അലിയാണ് ആരാകണമെന്ന് ചോദ്യം സയേദയോട് ചോദിച്ചത്. അദ്ദേഹമാണ് തന്റെ സ്വപ്‌നം പിന്തുടരാന്‍ സയേദയെ സഹായിക്കുകയും 2007-ല്‍ ആന്ധ്രാപ്രദേശ് ടൂറിസം അക്കാദമിയില്‍ പ്രവേശനം നേടിക്കൊടുക്കുകയും ചെയ്തത്.
പൈലറ്റാവുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സയേദയുടെ മുന്നില്‍ ഒട്ടേറെ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. മൂന്ന് തവണ നേവിഗേഷന്‍ പരീക്ഷയില്‍ പരാജയപ്പെട്ടിട്ടും സാഹിദ് അലിയുടെ പ്രോത്സാഹനം അവരെ വിജയത്തിലേക്ക് എത്തിച്ചു. അഞ്ച് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ സയേദ, സെസന 152 (Cessna 152) എന്ന അമേരിക്കൻ എയർക്രാഫ്റ്റ് 200 മണിക്കൂര്‍ പറത്തിയിട്ടുമുണ്ട്.. ഇത് കൂടാതെ 123 മണിക്കൂര്‍ സോളോ ഫ്‌ളൈയിങ്ങും അവര്‍ നടത്തി.
ഒരാളുടെ വിദ്യാഭ്യാസവും കഴിവുകളുമാണ് ആത്യന്തികമായി ഒരാളുടെ വിജയത്തെ നിര്‍വചിക്കുന്നതെന്ന് സയേദ പറയുന്നു. കഴിവുകള്‍ പ്രകടിപ്പിക്കുകയെന്നതാണ് പ്രധാനകാര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ 100 മുസ്ലിങ്ങളില്‍ 11 പേര്‍ മാത്രമാണ് ഉന്നതവിദ്യാഭ്യാസം നേടുന്നതെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ 2013-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റുള്ള വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ സാക്ഷതരതാ നിരക്കും തൊഴിലവസരങ്ങളുമാണ് മുസ്ലിം സ്ത്രീകള്‍ക്ക് ഉള്ളത്.