ഈ ഐഐടി ബിരുദധാരിയെക്കുറിച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ദെബർഗ്യ ദാസ് പോസ്റ്റ് ഷെയർ ചെയ്തതിന് പിന്നാലെയാണ് സംഭവം വൈറലായതും ഇതേക്കുറിച്ച് കൂടുതലാളുകൾ അറിഞ്ഞതും.
ആറ് പ്രധാന കാരണങ്ങളാണ് ലണ്ടനിലെ ജോലി വിടാനും ഇന്ത്യയിലെത്തി വിരമിക്കാനുമുള്ള തീരുമാനം എടുത്തതെന്നും യുവാവ് ചൂണ്ടിക്കാട്ടുന്നത്. തന്റെ മാതാപിതാക്കളുമായി കൂടുതൽ അടുക്കാനും സമയം ചെലവഴിക്കാനുമുള്ള ആഗ്രഹം, വീട്ടുജോലിക്കാരെ ലഭിക്കാനുള്ള എളുപ്പം, യുകെയെ അപേക്ഷിച്ച് ഇന്ത്യയിലുള്ള കുറഞ്ഞ ജീവിതച്ചെലവ്, വിദേശത്ത് സാമൂഹിക ജീവിതം ഇല്ലാതാകുന്ന അവസ്ഥ, യുകെ സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുള്ള സംശയം, ഇന്ത്യയിൽ എത്തിയ ശേഷം ഒരു അറേഞ്ച് മാര്യേജ് നടത്താനുള്ള ആഗ്രഹം തുടങ്ങിയവയാണ് ആ ആറ് കാരണങ്ങൾ.
advertisement
ഡൽഹി ഐഐടിയിലെ പൂർവ വിദ്യാർത്ഥിയാണ് ഈ 33 കാരൻ. പഠനശേഷം അദ്ദേഹം ബാംഗ്ലൂരിലെ ഒരു ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നാല് വർഷം ക്വാണ്ടിറ്റേറ്റീവ് അനലിസ്റ്റായി ജോലി ചെയ്തിരുന്നു. തുടർന്ന് ലണ്ടനിലേക്ക് പോകുകയും ബാങ്കിംഗ് മേഖലയിൽ തന്നെ തുടരുകയും ചെയ്തു. 11 വർഷത്തെ കരിയറിനിടെ, ഇദ്ദേഹം വലിയൊരു തുക സമ്പാദ്യമായും ഉണ്ടാക്കിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചതിനു പിന്നാലെ, സ്വന്തം രാജ്യത്ത് ഉണ്ടായേക്കാവുന്ന ചെലവുകളും ഈ മുൻ ഐഐടി ബിരുദധാരി കണക്കാക്കിയിരുന്നു. കുറച്ചുകാലം ഏതായാലും തന്റെ മാതാപിതാക്കളോടൊപ്പം ആയിരിക്കും താമസിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യാത്ര, ഭക്ഷണം, ജിം തുടങ്ങിയ കാര്യങ്ങൾക്കായി ഇവിടെ നല്ലൊരു തുക ചെലവഴിക്കേണ്ടി വരുമെന്നും സമ്പത്തിനേക്കാൾ ആരോഗ്യത്തിനും ബന്ധങ്ങൾക്കും മുൻഗണന നൽകാനാണ് ഇപ്പോൾ താൻ ആഗ്രഹിക്കുന്നതെന്നും ആദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യയിലെത്തിയ ശേഷം ഒരു ജീവിത പങ്കാളിയെ കണ്ടെത്തുക, ഒരു കുടുംബം കെട്ടിപ്പടുക്കുക, 1000 കുട്ടികളെ ദത്തെടുക്കുക തുടങ്ങിയവയൊക്കെയാണ് തന്റെ ആഗ്രഹങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ദി ഓർഡിനറി ഇന്ത്യൻ പോഡ്‌കാസ്റ്റ്' എന്ന ഓഡിയോ പോഡ്‌കാസ്റ്റ് ഷോയിലും ഈ ഐഐടി ബിരുദധാരിയുടെ കഥ പ്രത്യക്ഷപ്പെട്ടിരുന്നു.