യംഗ് പ്രൊഫഷണല്‍സ് സ്‌കീം: അറിയേണ്ടതെല്ലാം
- 18നും 30നും ഇടയില്‍ പ്രായമുള്ള ഇന്ത്യയില്‍ നിന്നുള്ള 3,000 ബിരുദധാരികൾക്ക് യുകെയില്‍ രണ്ട് വര്‍ഷത്തേക്ക് താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നതാണ് ഈ പദ്ധതി.
- 2023 മാര്‍ച്ചില്‍ പദ്ധതി ആരംഭിക്കും.
- ഈ പദ്ധതി പ്രകാരം വിസയ്ക്ക് അപേക്ഷിക്കാന്‍ ജോബ് ഓഫര്‍ ആവശ്യമില്ല.
ഈ സ്‌കീം മൂന്ന് വര്‍ഷത്തേക്കാണ് അനുവദിച്ചിരിക്കുന്നത്. 2023 മാര്‍ച്ച് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വര്‍ഷം പദ്ധതിയുടെ പ്രഖ്യാപനം നടത്തിയിരുന്നു. ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ വച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. തന്റെ പ്രചാരണ വേളയില്‍, ഇന്ത്യയുമായുള്ള പരസ്പര വിനിമയവും ബന്ധവും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സുനക് പല തവണ സംസാരിച്ചിരുന്നു.
advertisement
Also read-IKIGAI ജീവിതം സന്തോഷകരമാക്കി ആയുസ് കൂട്ടാം; ‘ഇക്കിഗായ്’ ജാപ്പനീസ് വിജയരഹസ്യം
പദ്ധതി പ്രകാരം എല്ലാ വർഷവും 3000 ഇന്ത്യക്കാർക്ക് വിസ അനുവദിക്കുമെന്നും സുനക് വ്യക്തമാക്കിയിരുന്നു. ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുനക് കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇത്തരമൊരു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു.
‘ഇന്ത്യയുമായി നമുക്കുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം എത്രത്തോളം ഉണ്ടെന്ന് എനിക്ക് നേരിട്ട് അറിയാം. ഇന്ത്യയിലെ കൂടുതല്‍ മിടുക്കരായ യുവാക്കള്‍ക്ക് യുകെയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിലും തിരിച്ചും അത് ലഭിക്കുന്നതിലും എനിക്ക് സന്തോഷമുണ്ട്. ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയെയും ബന്ധത്തെയും കൂടുതല്‍ ശക്തിപ്പെടുത്തും”, എന്നാണ് സുനക് മുമ്പ് പ്രസ്താവനയില്‍ പറഞ്ഞത്.
ഇന്തോ-പസഫിക് മേഖലയിലെ മറ്റ് എല്ലാ രാജ്യങ്ങളെക്കാളും യുകെയ്ക്ക് ഇന്ത്യയുമായി കൂടുതൽ ബന്ധമുണ്ടന്നും ഡൗണിംഗ് സ്ട്രീറ്റിൽ നിന്നുള്ള പത്രക്കുറിപ്പിൽ മുമ്പ് പറഞ്ഞിരുന്നു. യുകെയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നാലിലൊന്നും ഇന്ത്യക്കാരാണ്. യുകെ-ഇന്ത്യ ബന്ധം സംബന്ധിച്ചു മാത്രമല്ല, ഇന്തോ പസഫിക്ക് മേഖലയുമായുള്ള യു.കെ.യുടെ ബന്ധത്തെ സംബന്ധിച്ചും സുപ്രധാനമായ നിമിഷം എന്നാണ് പദ്ധതിയെ യു.കെ ഗവൺമെന്റ് വിശേഷിപ്പിച്ചത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും സമ്പദ് വ്യവസ്ഥയും ദൃഢമാക്കുന്നതിന് ഈ പദ്ധതി വഴി സഹായിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് പ്രസ്താവനയിൽ പറഞ്ഞിരുന്നു.