IKIGAI ജീവിതം സന്തോഷകരമാക്കി ആയുസ് കൂട്ടാം; 'ഇക്കിഗായ്' ജാപ്പനീസ് വിജയരഹസ്യം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഈ അടുത്ത കാലത്ത് ലോകത്താകമാനം പ്രശസ്തിനേടിയ ആശയമാണ് 'ഇക്കിഗായ്'
കൂടുതൽ നന്നായി ജീവിക്കാനുള്ള വഴികൾ ലോകത്തിനു പറഞ്ഞുതരാൻ ജപ്പാൻകാരോളം മിടുക്കർ മറ്റാരുമില്ലെന്നു തോന്നും. വീട്ടിലും ബന്ധങ്ങളിലും തൊഴിലിടങ്ങളിലും കൂടുതൽ നന്നായി ഇടപെടാനുള്ള ജാപ്പനീസ് വിദ്യകൾ അനേകമാണ്. ഇവയിൽ ഈ അടുത്ത കാലത്ത് ലോകത്താകമാനം പ്രശസ്തിനേടിയ ആശയമാണ് ‘ഇക്കിഗായ്’. ഒരർത്ഥത്തിൽ പറഞ്ഞാൽ, ജാപ്പനീസ് ജീവിതമൂല്യങ്ങളുടെ ആകെത്തുക തന്നെ ഈ വാക്ക് കൊണ്ട് സൂചിപ്പിക്കാൻ കഴിയും.
എങ്ങനെയാണ് ജീവിതം കൂടുതൽ നിറമുള്ളതും സന്തോഷകരവുമാക്കുന്നത്? കൂടുതൽ പണം? പ്രശസ്തി? ഇഷ്ടമുള്ള ജോലി? നല്ല ഭക്ഷണം? ഈ ചോദ്യത്തിനുള്ള ഉത്തരമായി ജപ്പാൻകാർ പറയുന്നത് ‘നിങ്ങളുടെ ഇക്കിഗായ് കണ്ടെത്തുന്നതിലൂടെ’ എന്നാണ്. മനോഹരമായ ഈ ആശയം ലോകശ്രദ്ധയിൽ കൊണ്ടുവന്നത് ഫ്രാഞ്ചെസ്ക് മിറാല്ലെസ്, ഹെക്ടർ ഗാർഷ്യ എന്നിവർ എഴുതിയ “ഇക്കിഗായ് : ദി ജാപ്പനീസ് സീക്രെട് ടു എ ലോങ്ങ് ആൻഡ് ഹാപ്പി ലൈഫ്” എന്ന പുസ്തകമാണ്. മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം പല ഭാഷകളിലായി ദശലക്ഷക്കണക്കിനു കോപ്പികളാണ് വിറ്റഴിഞ്ഞത്.
advertisement
എന്താണ് ‘ഇക്കിഗായ്’?
ജാപ്പനീസ് ഭാഷയിൽ ജീവിതം എന്നർത്ഥം വരുന്ന ‘ഇക്കി’, മൂല്യം എന്നർത്ഥം വരുന്ന ‘ഗായ്’ – ഇവ ചേർന്നതാണ് ഇക്കിഗായ് എന്ന വാക്കുണ്ടായത്. ലേശം പരത്തി പറഞ്ഞാൽ ‘ജീവിതത്തിന്റെ വില’, ‘ജീവിക്കുന്നതിനുള്ള കാരണം’, ‘ജീവിതത്തിന്റെ ലക്‌ഷ്യം’ എന്നൊക്കെ ആ വാക്കിനെ പരിഭാഷപ്പെടുത്താം. ഓരോ മനുഷ്യർക്കും ജീവിതം, ജീവിതവിജയം, എന്നിവ വ്യത്യസ്തമാണ്. സ്വന്തം ജീവിതത്തിൽ നിന്നും എന്ത് നേടണം എന്ന് തീരുമാനിക്കേണ്ടത് അവനവൻ തന്നെ ആണ്.
advertisement
ഈ അറിവാണ് ജീവിതവിജയത്തിലേക്കുള്ള ആദ്യപടി. ഈ അറിവിനെത്തന്നെയാണ് ഇക്കിഗായ് എന്ന് പേരിട്ടു വിളിക്കുന്നതും. ഇതിലൂടെ ജീവിതം കൂടുതൽ മധുരതരമാകും എന്ന് മാത്രമല്ല, ആയുസ്സും വർധിക്കും എന്നാണ് ജാപ്പനീസ് ഗുരുക്കന്മാർ പറയുന്നത്. ലോകത്ത് ഏറ്റവും ആയുർദൈർഘ്യമുള്ള ജനതയാണ് ജപ്പാനിലേത്.
സ്വന്തം ഇക്കിഗായ് എങ്ങനെ കണ്ടെത്താം?
നമ്മുടെ ജീവിതം ഏറ്റവും നല്ല രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്ന് തീരുമാനിക്കാൻ നാം കണക്കിലെടുക്കേണ്ട പല ഘടകങ്ങളുമുണ്ട്: നമ്മുടെ ജന്മസിദ്ധമായ കഴിവുകൾ, നമ്മുടെ ഇഷ്ടങ്ങൾ, നമ്മുടെ തൊഴിൽ അഥവാ വരുമാനമാർഗം ഇവയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക എന്നതാണ് നാം ആദ്യം ചെയ്യേണ്ടത്. ഇതിനായി സ്വല്പം സമയം ശാന്തമായി ചിന്തിക്കാൻ വിനിയോഗിക്കാം. കടലാസ്സും പേനയുമെടുത്ത് നിങ്ങളുടെ മനസ്സിൽ തോന്നുന്നതെന്ത് എന്നുള്ളത് എഴുതിവെക്കാം.
advertisement
തീർച്ചയായും, നിങ്ങളുടെ കഴിവുകളെക്കുറിച്ച് കൂട്ടുകാരോടും വീട്ടുകാരോടും മറ്റും അഭിപ്രായങ്ങളും ചോദിക്കാം. എന്നാൽ ആത്യന്തികമായി നിങ്ങളുടെ മനസ്സിന് ശരി എന്ന് തോന്നുന്നവ ആയിരിക്കണം നിങ്ങൾ എഴുതുന്നത്. ഇനി ഒരു കടലാസ്സെടുത്ത് അതിൽ നാല് വൃത്തങ്ങൾ വരയ്ക്കുക – ഒരു പൂവിന്റെ ഇതളുകൾ പോലെ തമ്മിൽ കൊരുത്ത നാല് വൃത്തങ്ങൾ.
- ഇതിൽ ആദ്യത്തെ വൃത്തമാണ് നിങ്ങളുടെ ഇഷ്ടങ്ങൾ അഥവാ പാഷൻ! എന്ത് ചെയ്യുന്നതാണ് നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നത്? അത് ചിത്രംവരയോ, എഴുത്തോ, കണക്കോ, യാത്രയോ, കൃഷിപ്പണിയോ എന്തുമാകട്ടെ. നിങ്ങൾ ആസ്വദിച്ച് ചെയ്യുന്നതെന്തോ ആ കാര്യങ്ങൾ ഒന്നൊന്നായി ഈ വൃത്തത്തിൽ എഴുതുക. മുൻപ് ആലോചിച്ചും കുറിച്ചും വെച്ച കാര്യങ്ങൾ ഇവിടെ സഹായകരമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
- രണ്ടാമത്തെ വൃത്തം നിങ്ങളുടെ കഴിവുകളുടെ വൃത്തമാണ്. എന്തൊക്കെയാണ് നിങ്ങൾ നന്നായി ചെയ്യുന്നത്? നിങ്ങൾ പാചകം ചെയ്യാൻ മിടുക്കൻ അല്ലെങ്കിൽ മിടുക്കിയാണോ? നിങ്ങൾക്ക് മറ്റാരേക്കാളും ചാതുരിയോടെ സംസാരിക്കാനാകുമോ? നിങ്ങൾക്ക് നന്നായി വസ്ത്രം ധരിക്കാൻ അറിയാമോ? എത്ര ചെറുതെന്ന് തോന്നുന്ന കഴിവ് പോലും വിട്ടു കളയാതെ ഈ വൃത്തത്തിൽ എഴുതിക്കൊള്ളൂ.
- മൂന്നാമത്തെ വൃത്തം നിങ്ങൾക്ക് ഈ ലോകത്തിനെന്തു കൊടുക്കാനാകും എന്നതാണ്. നിങ്ങളുടെ ചുറ്റുമുള്ളവർക്കുവേണ്ടി നിസ്വാർത്ഥമായി നിങ്ങൾക്ക് ചെയ്യാനാകുന്ന കാര്യങ്ങളാണ് ഈ വൃത്തത്തിൽ എഴുതിച്ചേർക്കേണ്ടത്. നിങ്ങൾക്ക് രോഗികളോടും പ്രായമായവരോടും ഒപ്പം സമയം ചെലവാക്കാൻ സാധിക്കുമോ? അതോ ഒരു സ്കൂളിൽ പഠനത്തിൽ പിന്നോക്കമുള്ള കുട്ടികളെ സഹായിക്കാമോ? മരങ്ങളും ചെടികളും വച്ച് പിടിപ്പിക്കാമോ? മടിക്കേണ്ട. മൂന്നാം വൃത്തത്തിൽ ചേർത്തോളൂ.
- നാലാമത്തെ വൃത്തം നിങ്ങൾക്ക് പ്രതിഫലം ലഭിക്കുന്ന എന്ത് ചെയ്യാനാകും എന്നുള്ളതാണ്. സ്വസ്ഥമായി ജീവിക്കാൻ പണം അത്യാവശ്യം തന്നെയാണ്. അത് അംഗീകരിച്ചു കൊണ്ടാണ് ഈ ജാപ്പനീസ് ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. വരുമാനം അല്ലെങ്കിൽ പ്രതിഫലം ലഭിക്കുന്ന നമ്മുടെ പ്രവർത്തനമേഖലകളാണ് നാലാമത്തെ വൃത്തത്തിൽ എഴുതേണ്ടത്.
advertisement
നിങ്ങൾ വളരെയേറെ ഇഷ്ടപ്പെടുന്ന, നിങ്ങൾക്ക് ചെയ്യാൻ കഴിവുള്ള, നിങ്ങളുടെ ചുറ്റും ഉള്ളവർക്ക് ആവശ്യമുള്ള, നിങ്ങൾക്ക് പ്രതിഫലം ലഭിക്കുന്ന ഒന്ന് – അതെ! അത് തന്നെയാണ് നിങ്ങളുടെ ‘ഇക്കിഗായ്’ – നിങ്ങളുടെ ജീവിത വിജയത്തിന്റെ താക്കോൽ!!
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 17, 2023 10:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
IKIGAI ജീവിതം സന്തോഷകരമാക്കി ആയുസ് കൂട്ടാം; 'ഇക്കിഗായ്' ജാപ്പനീസ് വിജയരഹസ്യം