പെൺകുട്ടിയെ പരിശോധിക്കുന്നതിന് മുമ്പ് ദന്തഡോക്ടർ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനയിൽ പെൺകുട്ടി കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. “തുടർന്ന് അടുത്ത സമ്പർക്കങ്ങൾ കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തു” ആരോഗ്യ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കൊവിഡ് പോസിറ്റീവ് പരിശോധനയ്ക്ക് ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി നൈജീരിയയിൽ നിന്ന് മഹാരാഷ്ട്രയിലെത്തിയത്. “ആദ്യത്തെ പരിശോധനയിൽ നാല് കുടുംബാംഗങ്ങളും നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ടാമത്തെ ടെസ്റ്റിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാവരും ജിജാമാതാ ആശുപത്രിയിൽ ക്വാറന്റൈനിലാണെന്നും ” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
advertisement
വിദേശത്ത് നിന്നെത്തിയ ഒരാൾ ആർടി-പിസിആർ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട അധികൃതർ വ്യക്തിയുടെ വീട് സന്ദർശിക്കുകയും രോഗലക്ഷണങ്ങളെ ആശ്രയിച്ച്, ഹോം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർദ്ദേശിക്കുമെന്നും നടപടിക്രമങ്ങൾ വിശദീകരിച്ചുകൊണ്ട് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഒമിക്രോൺ ഭീഷണിയെ തുടർന്ന് 'അപകടസാധ്യതയുള്ള' രാജ്യമായി തരംതിരിച്ചിരിക്കുന്ന രാജ്യത്തിൽ നിന്നെത്തിയതിനാൽ
പെൺകുട്ടിയുടെ കുടുംബത്തിന്റെ സാമ്പിളുകൾ എൻഐവിയിലേക്ക് അയച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒമിക്രോണിന് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ കുടുംബാംഗങ്ങളിൽ 18 മാസം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. ഇവക്കാർക്കും രോഗലക്ഷണങ്ങളില്ല. ഇവർക്ക് മൾട്ടി വൈറ്റമിൻ ഡോസുകൾ മാത്രമാണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
രണ്ട് തവണ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നത് വരെ രോഗികൾ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ആയിരിക്കുമെന്ന് പിസിഎംസി ഉദ്യോഗസ്ഥർ പറഞ്ഞു.
ആന്ധ്രാപ്രദേശ്, ചണ്ഡീഗഡ്, നാഗ്പൂർ എന്നിവിടങ്ങളിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ മൂന്ന് കേസുകൾ കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ഞായറാഴ്ച ഇന്ത്യയിലെ ഒമിക്രോൺ കേസുകളുടെ എണ്ണം 37 ആയി ഉയർന്നു. കേരളത്തിലും ആദ്യമായി ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 38 ആയി. ഡിസംബർ 6ന് യുകെയിൽ നിന്ന് കൊച്ചിയിലെത്തിയ രോഗി ഡിസംബർ 8ന് കോവിഡ് -19 പോസിറ്റീവായിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.
ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും പുതിയ കോവിഡ് വേരിയന്റ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാപനശേഷി കൂടുതലാണ് എന്ന് കരുതപ്പെടുന്ന ഒമിക്രോൺ വകഭേദം കുറഞ്ഞത് 59 രാജ്യങ്ങളിലെങ്കിലും വ്യാപിച്ചിട്ടുണ്ട്. യുകെ, ഡെൻമാർക്ക്, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മൂന്ന് രാജ്യങ്ങൾ.
