നേച്ചര്‍ ഏജിംഗ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണം പേടിപ്പെടുത്തുന്ന ഫലങ്ങളാണ് കാണിക്കുന്നത്. 50 വയസോ അതില്‍ കൂടുതലോ പ്രായമുള്ള മുതിര്‍ന്നവരില്‍ 43 ശതമാനം പേരും പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ മിതമായതോ ഉയര്‍ന്ന തലത്തിലുള്ളതോ ആയ വിഷാദം പ്രകടമാക്കിയതായി പഠനത്തില്‍ പറയുന്നു. കാലക്രമേണ ഇത് കൂടുതല്‍ വഷളായി.
പ്രധാന ഗവേഷകനായ പര്‍മീന്ദര്‍ റെയ്‌ന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് വാര്‍ധക്യത്തെ കുറിച്ചുള്ള ഈ പഠനം നടത്തിയത്. ക്രിസ്റ്റീന വുള്‍ഫ്സണ്‍, ലോറന്‍ ഗ്രിഫിത്ത്, സൂസന്‍ കിര്‍ക്ക്ലാന്‍ഡ് എന്നിവരാണ് മറ്റ് ഗവേഷകര്‍. നിലവിലുള്ള ആരോഗ്യ പരിരക്ഷ കോവിഡ് 19 രോഗികള്‍ക്കായി ഉപയോഗിക്കുന്നതിനാല്‍ പ്രായമായ പലര്‍ക്കും മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമായില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഈ ഘടകങ്ങളും മറ്റ് പ്രശ്‌നങ്ങളും അവരുടെ സമ്മര്‍ദ്ദം കൂട്ടിയെന്നും പഠനത്തില്‍ പറയുന്നു.
advertisement
ഏതെങ്കിലും തരത്തിലുള്ള അക്രമത്തിന് വിധേയരായ പ്രായമായവരില്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നതായും ഗവേഷണത്തില്‍ കണ്ടെത്തി. തൊഴിലില്ലായ്മ, തൊഴില്‍ നഷ്ടം, കുടുംബത്തിനുള്ളിലെ സംഘര്‍ഷങ്ങള്‍ അല്ലെങ്കില്‍ മുതിര്‍ന്നവരെ ദുരുപയോഗം ചെയ്യുന്ന കുടുംബാംഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ തുടങ്ങിയ നിരവധി ഘടകങ്ങള്‍ അവരുടെ മാനസികവും വൈകാരികവുമായ സമ്മര്‍ദ്ദത്തിന് കാരണമാകുന്നു.
സാമൂഹിക ഒത്തുചേരലുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ കുടുംബാംഗങ്ങളില്‍ നിന്ന് അകന്നുപോകുന്നതിനും മുതിര്‍ന്നവര്‍ക്കിടയില്‍ ഏകാന്തത വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കി. ഇത് കൂടുതല്‍ മാനസിക വൈകല്യങ്ങള്‍ക്ക് കാരണമാവുകയും ഇതിനകം നിലവിലുള്ള മാനസികരോഗങ്ങളുടെ തീവ്രത കൂട്ടുകയും ചെയ്തു. മഹാമാരിയുടെ കാലഘട്ടത്തില്‍ ഉത്തരവാദിത്തങ്ങളും ജോലിഭാരവും വര്‍ദ്ധിച്ചതിനാല്‍ പരിചരിക്കുന്നവര്‍ക്കിടയില്‍ ക്ഷീണവും മറ്റ്അസ്വസ്ഥതകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ടെലിഫോണ്‍, വെബ് സര്‍വേ ഡാറ്റയാണ് അവര്‍ പഠനത്തിനായി ഉപയോഗിച്ചത്. ആരോഗ്യ സംബന്ധിയായ ഘടകങ്ങളും വരുമാനം, സാമൂഹിക പങ്കാളിത്തം തുടങ്ങിയ സാമൂഹിക ഘടകങ്ങളും കോവിഡ് വ്യാപന ഘട്ടത്തിൽ വിഷാദ രോഗലക്ഷണങ്ങളുടെ വ്യാപനത്തെ എങ്ങനെ ബാധിച്ചുവെന്നാണ് അവര്‍ ഇതിലൂടെ പരിശോധിച്ചത്.മഹാമാരിയുടെ സമയത്ത് നിരവധി പേർ കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞതായും ആരോഗ്യ പരിപാലനത്തിൽ തടസങ്ങൾ നേരിട്ടതായും റിപ്പോര്‍ട്ട് ചെയ്തു.
