രാജ്യത്ത് ഇതുവരെ 1,38,73,825 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,23,36,036 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 13,65,704 സജീവ കേസുകളാണുള്ളത്. സജീവ രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നതാണ് ആശങ്ക ഉയർത്തുന്ന മറ്റൊരു ഘടകം. കോവിഡ് നിയന്ത്രണവിധേയമായ ഒരുഘട്ടത്തിൽ രാജ്യത്തെ സജീവ കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ വൻ വര്‍ധനവാണുണ്ടായിരിക്കുന്നത്.
Also Read-ആരോഗ്യപ്രവർത്തകരുടെ ദൗർലഭ്യം; മധ്യപ്രദേശിലെ ആശുപത്രിയില്‍ സാമ്പിളുകൾ ശേഖരിക്കുന്നത് പൂന്തോട്ടക്കാരൻ
advertisement
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഒറ്റദിവസത്തിനിടെ 1027 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിനകണക്ക് കൂടിയാണിത്. ഇതുവരെ ആകെ 1,72,085 കോവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷൻ ദൗത്യമാണ് രാജ്യത്ത് പുരോഗമിക്കുന്നത്. കണക്കുകൾ പ്രകാരം 1.1കോടിയിൽ അധികം ആളുകൾ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കോവിഡ് പരിശോധനകളും ഉയര്‍ത്തിയിട്ടുണ്ട്. 14ലക്ഷത്തിലധികം സാമ്പിളുകളാണ് കഴിഞ്ഞ ദിവസം മാത്രം പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റെ കണക്കുകള്‍ പ്രകാരം ഇതുവരെ 26,06,18,866 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്.
രാജ്യത്ത് കോവിഡ് പ്രതിദിനകണക്കിൽ മുന്നിൽ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്ന് മഹാരാഷ്ട്രയാണ്. ആകെ കേസുകളിൽ നല്ലൊരു പങ്കും റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനത്ത് ഇന്നലെ 60,212 കേസുകളും 281 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് പതിനഞ്ചു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെ നിരോധനാജ്ഞ ഏർപ്പെടുത്തുന്നതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് അറിയിച്ചത്.
