കോളജുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ സ്കൂളുകളും അടയ്ക്കണമെന്നാണ് ആരോഗ്യ വകുപ്പ് ഉന്നതരുടെ അഭിപ്രായം. 10,12 ക്ലാസുകൾ മാത്രം നിയന്ത്രണങ്ങളോടെ നടത്തുകയും മറ്റുള്ളവരുടെ പഠനം ഓൺലൈനാക്കുകയും വേണമെന്നതാണ് പ്രധാന നിർദേശം. നൂറിലേറെ വിദ്യാർഥികൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ് (സിഇടി) അടച്ചിരുന്നു. ഇന്ന് എല്ലാ വിദ്യാർഥികൾക്കും പരിശോധന നടത്തും.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കഴിഞ്ഞ ദിവസം ചർച്ച നടത്തി. അവലോകന യോഗത്തിൽ വിദഗ്‌ധരുടെ നിർദേശപ്രകാരം തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞതായി ശിവൻകുട്ടി വ്യക്തമാക്കി. നിലവിലെ ക്ലാസുകളുടെ സമയം കുറക്കുന്നതും ഓൺലൈനിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. എന്നാൽ പത്ത്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈനായി തുടരാനാണ് സാധ്യത. മാർച്ച് അവസാനം നിശ്ചയിച്ച വാർഷിക പരീക്ഷകൾ മാറ്റാനിടയില്ല.
advertisement
കോവിഡ് കേസുകൾ ഉയർന്നാൽ മൂന്ന് ഘട്ടങ്ങളായുള്ള പ്രത്യേക കർമ പദ്ധതി നടപ്പിലാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ആലോചന. സ്വകാര്യ ആശുപത്രികളെ കൂടി സജ്ജമാക്കാനും കോവിഡിതര ചികിത്സകൾ നിയന്ത്രിക്കാനും നിർദേശിച്ചാണ് മുന്നൊരുക്കം. ക്ലസ്റ്ററുകളിൽ ഒമിക്രോൺ ജനിതക പരിശോധനയും റാൻഡം പരിശോധനയും നടത്തും. ഓക്സിജൻ, ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ പരമാവധി ശേഷിയിലെത്തിക്കാനും പകരം സംവിധാനങ്ങൾ കരുതാനും ഒരുക്കം തുടങ്ങി. നിലവിലെ ചികിത്സാ സംവിധാനങ്ങളെ കോവിഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഴയരീതി വീണ്ടും കൊണ്ടുവരും.
59 പേർക്കുകൂടി ഒമിക്രോൺ
സംസ്ഥാനത്ത് വ്യാഴാഴ്ച 59 പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർകോട് 2, കണ്ണൂർ 1 എന്നിങ്ങനെയാണു കേസുകൾ. 9 പേർക്ക് സമ്പർക്കത്തിലൂടെയാണു ബാധിച്ചത്. തൃശൂരിലെ 3 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരാണ്. ഇതോടെ സംസ്ഥാനത്താകെ 480 ഒമിക്രോൺ കേസുകളായി.
