15 സെക്ടറൽ മജിസ്ട്രേറ്റുമാരെയാണ് ജില്ലയിൽ നിയമിച്ചിരിക്കുന്നത്. 15 ഉദ്യോഗസ്ഥരെ റിസർവ്ഡ് വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കണയന്നൂർ താലൂക്കിൽ മൂന്ന് ഉദ്യോഗസ്ഥരെയും മറ്റ് താലൂക്കുകളിൽ രണ്ട് ഉദ്യോഗസ്ഥരുമാണുള്ളത്. പോലീസിൻ്റെ സഹകരണത്തോടെ ആയിരിക്കും മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം. ഫെബ്രുവരി 28 വരെയാണ് നിയമനം. ഈ കാലയളവിൽ ക്രിമിനൽ നടപടി ചട്ടത്തിലെ വകുപ്പ് 21 പ്രകാരമുള്ള അധികാരം അവർക്ക് നൽകിയിട്ടുണ്ട്.
advertisement
എറണാകുളത്തിന് പുറമേ മറ്റു ജില്ലകളിലും മജിസ്ട്രേറ്റ് മാരെ നിയമിച്ചിട്ടുണ്ട്. ഉത്സവങ്ങൾ, സംസ്കാരിക പരിപാടികൾ, കലാപരിപാടികൾ തുടങ്ങിയവയ്ക്ക് ഇളവുകൾ നൽകിയ സാഹചര്യത്തിലാണ് നിരീക്ഷണത്തിനായി സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ വന്നതിനാൽ ആളുകൾ കൂടുതലെത്തുന്ന പരിപാടികളിലായിരിക്കും നിരീക്ഷണം ശക്തമാക്കുന്നത്. ഇത്തരത്തിലുള്ള പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ പോലീസ് മജിസ്ട്രേറ്റിന് കൈമാറണം.
ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ തന്നെയാണ് രണ്ടാം ഘട്ടത്തിലും നിയമിച്ചിരിക്കുന്നത്. ഇവർക്കായി നാഷണൽ ഇൻഫർമാറ്റിക് സെൻ്ററിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ പരിശീലനം നൽകാനും തീരുമാനമായി. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടികളുമായി മുന്നോട്ട് പോകാനാണ് നിർദ്ദേശം നല്കിയിരിക്കുന്നത്. കഴിഞ്ഞ തവണ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം വിജയകരമായിരുന്നെന്നാണ് വിലയിരുത്തൽ.