'ഡെന്‍മാര്‍കിന്റെ വാക്‌സിനേഷന്‍ പ്രചാരണം അസ്ട്രസെനക വാക്‌സിന്‍ ഇല്ലാതെ മുന്നോട്ട് പോകും'ഡാനിഷ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ സോറന്‍ ബ്രോസ്‌ട്രോം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശകള്‍ അവഗണിച്ചുകൊണ്ടാണ് ഈ തീരുമാനം. 'വാക്‌സിനും കുറഞ്ഞ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ടും തമ്മില്‍ ക്രോസ് പ്രതികരണ സാധ്യതയുണ്ട്. അസ്ട്രസെനക വാക്‌സിന് കഴിഞ്ഞ ഒരാഴ്ച മുതല്‍ പത്തു ദിവസം വരെ ഇതു സംഭവിക്കുന്നു'ബ്രോസ്‌ട്രോം പറഞ്ഞു.
ഈ തീരുമാനം സാഹചര്യങ്ങള്‍ കണക്കിലെടുത്താണെന്നും ഡെന്‍മാര്‍ക്കില്‍ അപകടസാധ്യതയുള്ളവര്‍ക്കും ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കി കഴിഞ്ഞെന്നും മഹാമാരി നിയന്ത്രണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വാക്‌സിന്റെ ഗുണങ്ങള്‍ അപകടസാധ്യതകളെ മറികടക്കുമെന്ന ഇഎംഎയുടെ വാദം താന്‍ പങ്കുവക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
'മറ്റു രാജ്യങ്ങളില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. സ്ഥിതിഗതികളില്‍ മാറ്റം ഉണ്ടായാല്‍ വാക്‌സിന്‍ വീണ്ടും ഉപയോഗത്തില്‍ കൊണ്ടുവരും' ബ്രോസ്‌ട്രോം വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിച്ചവരില്‍ അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടക്കുന്ന അവസ്ഥ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ അസ്ട്രസെനക വാക്‌സിന്‍ ഉപയോഗിക്കുന്നത് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.
അസ്ട്രസെനക വാക്‌സിന്‍ പൂര്‍ണമായി നിര്‍ത്തിവച്ചതോടെ ഡെന്‍മാര്‍ക് ഇപ്പോള്‍ ഫൈസര്‍, മോഡേണ വാക്‌സിനുകളാണ് ഉപയോഗിച്ച് വാകസിനേഷന്‍ തുടരും. ഫെബ്രുവരിയില്‍ വാക്‌സിന്‍ ദക്ഷിണാഫ്രിക്ക ഒഴിവാക്കിയിരുന്നു. ഡെന്‍മാര്‍കില്‍ നിലവില്‍ 200,000 ഡോസ് അസ്ട്രസെനക വാക്‌സിന്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്. അത് താല്‍ക്കാലത്തേക്ക് സൂക്ഷിച്ചുവെക്കുമെന്ന് ആരോഗ്യ അതോറിറ്റി അറിയിച്ചു.
അതേസമയം വാക്‌സിന്റെ ശക്തമായ രോഗപ്രതിരോധ ശേഷിയാണ് ഈ വിചിത്ര കേസുകള്‍ ഉണ്ടാകുന്നതിന് കാരണമെന്ന് നോര്‍വയിലെ ഓസ്ലോയിലെ നാഷണല്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ സംഘം പറയുന്നു. സ്വിറ്റ്‌സര്‍ലന്‍ഡും അമേരിക്കയും ഇപ്പോഴും അസ്ട്രസെനക വാക്‌സിന് അംഗീകാരം നല്‍കിയിട്ടില്ല.
