കേരളത്തിൽ ആദ്യമായി (രാജ്യത്ത് തന്നെ ആദ്യം )കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ജനുവരി 30നാണ്. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥിയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ആദ്യ 500 രോഗികൾ തികയാൻ വേണ്ടിവന്നത് നാലുമാസം. എന്നാൽ അവസാന നാലുദിവസം മാത്രം കേരളത്തിലെ പുതിയ രോഗികളുടെ എണ്ണം 516 ആണ്. എന്നാൽ രോഗവ്യാപന നിരക്ക് കുറഞ്ഞുനിന്നവേളയിൽ നാം സ്വീകരിച്ച ജാഗ്രത ഇപ്പോൾ കാണുന്നില്ല.
തുടക്കം മികച്ചത്
കേരളത്തില്‍ ആദ്യ കൊറോണവൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുംമുമ്പ് തന്നെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. വുഹാനില്‍ പ്രത്യേകതരം ന്യുമോണിയ പടരുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് അതേക്കുറിച്ച് അന്വേഷിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കേരളത്തില്‍ നിന്നും ധാരാളംപേര്‍ പഠനത്തിനും ബിസിനസ്സ് ആവശ്യങ്ങള്‍ക്കും ചൈനയില്‍ പോയി വരുന്നതിനാലായിരുന്നു സര്‍ക്കാര്‍ കൊറോണവൈറസിനെ ശ്രദ്ധിച്ചു തുടങ്ങിയത്.
advertisement
ഫെബ്രുവരി 20ന് തൃശൂരില്‍ നിന്നും വന്നത് ശുഭവാർത്തയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചൈനയിൽ നിന്നുംവന്ന മെഡിക്കല്‍ വിദ്യാർഥിനി ആശുപത്രി വിട്ടു. മറ്റു രണ്ടുപേര്‍ നേരത്തേ തന്നെ ആശുപത്രി വിട്ടിരുന്നു. ഇതോടെ ഇനി പേടിക്കാനൊന്നും ഇല്ലെന്ന തോന്നൽ ജനങ്ങളിലുണ്ടായി.
പത്തനംതിട്ടയിൽ നിന്നുമുള്ള ആ വാർത്ത
ആശ്വാസത്തിന്റെ നാളുകളിലൂടെ കേരളം ജാഗ്രതയോടെ സഞ്ചരിച്ചുതുടങ്ങിയപ്പോഴാണ് പത്തനംതിട്ടയില്‍ നിന്നും ആ വാർത്ത എത്തിയത്. ജില്ലയില്‍ അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് 19 നാശം വിതച്ചു കൊണ്ടിരിക്കുന്ന ഇറ്റലിയില്‍ നിന്നും റാന്നിയിൽ മടങ്ങിയെത്തിയവരിലാണ് രോഗബാധ കണ്ടെത്തിയത്.
നാട്ടിലെത്തിയ എല്ലാ വിദേശികളേയും പോലെ ഇവർ സുഹൃത്തുക്കളേയും ബന്ധുക്കളേയും സന്ദര്‍ശിക്കുകയും ചെയ്തു. ഫെബ്രുവരി 29നാണ് ദോഹ വഴി നാട്ടിലെത്തിയ 55 വയസ്സുകാരനും ഭാര്യക്കും മകനും ഇയാളുടെ മൂത്ത സഹോദരനും ഭാര്യയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂത്ത സഹോദരനെ പനി മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ ഇളയ സഹോദരന്‍ ഇറ്റലിയില്‍ നിന്നുമെത്തിയ കാര്യം മനസ്സിലാക്കിയത്.
പിന്നീട് 90 വയസ്സിനുമേല്‍ പ്രായമുണ്ടായിരുന്ന ഈ വയോധിക ദമ്പതികര്‍ രോഗവിമുക്തരായത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആത്മാഭിമാനത്തിനുള്ള വകയായി.
പ്രതിരോധ നടപടികളിലേക്ക്
ഇതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് 19 രോഗബാധ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിരുന്നു. പത്തനംതിട്ടയിലെ രോഗ സ്ഥിരീകരണത്തോടെ രാജ്യത്തെ രോഗികളുടെ എണ്ണം 39 ആയി ഉയര്‍ന്നു. പത്തനംതിട്ടയില്‍ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ സംസ്ഥാനം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. വിവാഹങ്ങളും പൊതുയോഗങ്ങളും പൊതുപരിപാടികളും ഉത്സവങ്ങളും മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ അഭ്യർത്ഥിച്ചു. ജില്ലയില്‍ ഉത്സവങ്ങള്‍ മാറ്റിവച്ചുവെങ്കിലും തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാല നടത്തിയത് ആരോഗ്യവകുപ്പിന്റെ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു.
രോഗബാധിതര്‍ ആരെങ്കിലും പൊങ്കാല ഇടാന്‍ വരുമോയെന്ന ഭീതിയായിരുന്നു. എങ്കിലും പൊങ്കാലയില്‍ പങ്കെടുത്ത ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് രോഗവ്യാപനം സംഭവിച്ചില്ല. പിന്നീട് രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചപ്പോള്‍ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയും ചരിത്രത്തിലാദ്യമായി കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടേയും ആരാധനാലയങ്ങള്‍ അടയ്ക്കുകയും ചെയ്തു. വിനോദ സഞ്ചാര മേഖലയിലും നിയന്ത്രണം വന്നു. തിയേറ്ററുകളും അടച്ചു. സംസ്ഥാനത്ത് പത്താം ക്ലാസ്, പ്ലസ് ടു തുടങ്ങി എല്ലാ പരീക്ഷകളും നിര്‍ത്തിവച്ചു.
രാജ്യത്ത് ആദ്യമായി കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ കോവിഡ്19നെ നേരിടുന്നതിനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത് കേരളമാണ്. 20,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 19ന് പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ കേരളത്തിലെ രോഗികളുടെ എണ്ണം 28 ആയിരുന്നു.
സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ നല്‍കാനും പെന്‍ഷനില്ലാത്ത പാവങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കിയും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കാനും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാന്‍ 1000 കോടി രൂപയും ആരോഗ്യ പാക്കേജായി 500 കോടി രൂപയും സംസ്ഥാനം പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 25ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് കേരളം യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു. ഈ സമയങ്ങളിലെല്ലാം കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുതിച്ചുയരുന്നുണ്ടായിരുന്നു.
കേരളം തുടര്‍ന്ന് സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും വ്യവസായ വളര്‍ച്ചയ്ക്കും വരുമാന വര്‍ദ്ധനവിനുള്ള പദ്ധതികളും പ്രഖ്യാപിച്ചു. 15 കിലോ അരിയുള്‍പ്പെടെ അവശ്യ സാധനങ്ങള്‍ റേഷന്‍ കട വഴി നല്‍കി സംസ്ഥാനം ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തി. സംസ്ഥാനം രോഗ പ്രതിരോധത്തിനായി കര്‍ശന നടപടികള്‍ സ്വീകരിച്ചപ്പോഴും കാസര്‍ഗോഡും കണ്ണൂരും കേസുകളുടെ എണ്ണം വര്‍ദ്ധിച്ചത് ആശങ്കയുണര്‍ത്തി. എങ്കിലും ഇരു ജില്ലകളിലും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ രോഗ വ്യാപനം തടഞ്ഞു.
നൂറാം ദിവസം
നൂറാം ദിവസമായപ്പോള്‍ കേരളത്തില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 503 ആയിരുന്നു. രോഗബാധയെ തുടർന്ന് മൂന്ന് പേരാണ് മരിച്ചത്. തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും ഓരോരുത്തര്‍ വീതം. ആകെ 16 പേര്‍ മാത്രമേ ഇപ്പോള്‍ വൈറസ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നുള്ളൂ. അന്ന് നിരീക്ഷണത്തിലുണ്ടായിരുന്നത് 20,153 പേർ മാത്രം.
ഏറ്റവും ഉയർന്ന നിരക്ക് ഇന്നലെ
സംസ്ഥാനത്ത് കോവിഡ് രോഗം റിപ്പോർട്ട് ചെയ്ത ശേഷം, ഒരു ദിവസം റിപ്പോർട്ട് ചെയ്ത രോഗബാധിതരുടെ ഏറ്റവും ഉയർന്ന നിരക്ക് ഇന്നലെയായിരുന്നു. 138 പേർക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് നൂറിലേറെപേർ രോഗബാധിതരാകുന്നത്. ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശത്തുനിന്നും 47 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരനടക്കം നാലുപേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.
1540 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1747 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,351 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ജാഗ്രതക്കുറവുണ്ടായോ?
ലോക്ക്ഡൗണിന് ശേഷം കേരളം സാധാരണനിലയിലേക്ക് വന്നു. സ്കൂളുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ഷേത്രങ്ങളും തിയറ്ററുകളും ബാറുകളും ഒഴികെ ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്നു. റോഡുകളിൽ വാഹനങ്ങൾ നിറഞ്ഞു. നിരത്തുകളിൽ പൊലീസ് പരിശോധന കുറഞ്ഞതോടെ തോന്നുംപടി തിങ്ങിനിറഞ്ഞ് വാഹനത്തിൽ പോകുന്നത് പതിവ് കാഴ്ചയായി. ആദ്യനാളുകളിൽ മാസ്കുകൾ ധരിക്കുന്നത് ശീലമാക്കിയെങ്കിലും ദിവസം ചെല്ലുംതോറും ഇക്കാര്യത്തിലും മാറ്റംവരികയാണ്. പലരും മാസ്ക് ധരിക്കുന്നത് ജംഗ്ഷനുകളിലോ പൊലീസ് നിരീക്ഷണമുള്ള സ്ഥലങ്ങളിലോ മാത്രമായി. അതും ധരിച്ചെന്ന് വരുത്താനുള്ള കാട്ടിക്കൂട്ടലായി. ശാരീരിക അകലത്തിന്റെ കാര്യം മറന്നു.
കേരളത്തിൽ നിന്നുമടങ്ങിയ 95 പേർക്ക് രോഗം
കഴിഞ്ഞ അഞ്ചുദിവസത്തിനിടെ കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ 95 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലെത്തിയ 35 പേർക്കും കർണാടകത്തിലെത്തിയ 20 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതും ആശങ്കയോടെയാണ് കാണേണ്ടത്.
കോവിഡിൽ നിന്നും വിവാദങ്ങളിലേക്ക്
കോവിഡ് കാലം തുടങ്ങിയതുതന്നെ വിവാദത്തോടെയായിരുന്നു. മാർച്ച് ആറിന് ഇറ്റലിയിൽ നിന്ന് എത്തിയ കുടുംബത്തെ തിരിച്ചറിയുന്നതിനും നിരീക്ഷണത്തിലാക്കുന്നതിലും അധികൃതർക്ക് വീഴ്ചയുണ്ടായെന്ന വിമർശനമാണ് ആദ്യം ഉയർന്നത്. ഇതിന്റെ പേരിലുള്ള വാദപ്രതിവാദം കെട്ടടങ്ങിയപ്പോൾ സ്പ്രിങ്ക്ളർ ഡാറ്റാ വിവാദം ഉയർന്നു. രോഗികളുടെ വിവരം കൈകാര്യം ചെയ്യാൻ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനം ഉന്നയിച്ചു. ആഴ്ചകൾ നീണ്ട തർക്കവിതർക്കങ്ങൾക്കൊടുവിൽ വിഷയം കോടതിയിലെത്തി. ഡാറ്റാ ചോർച്ചയുണ്ടാകരുതെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു.
ബാറുകളിലൂടെ മദ്യവിൽപന ആരംഭിക്കുന്നതിനുള്ള തീരുമാനവും ബെവ് ക്യു ആപ്പും പിന്നാലെ വിവാദമായി. ബെവ് ക്യു ആപ്പിന്റെ പേരിൽ ശക്തമായ വിമർശനങ്ങൾ സർക്കാരിന് നേരിടേണ്ടിവന്നു. ഈ വിഷയവും ഒടുവിൽ ഹൈക്കോടതിയിലെത്തി.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയതോടെ ക്ഷേത്രങ്ങൾ തുറക്കുന്നതിനെ ചൊല്ലിയായിരുന്നു അടുത്ത വിവാദം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചു. പിന്നാലെ ബിജെപി അടക്കമുള്ള കക്ഷികൾ വിമർശനവുമായി എത്തി. സർക്കാരിന് ക്ഷേത്രങ്ങളിൽ നിന്നുള്ള പണത്തിലാണ് കണ്ണെന്നായിരുന്നു ബിജെപി നേതാക്കളുടെ വിമർശനം. ശബരിമല തന്ത്രിയും ക്ഷേത്രം തുറക്കരുതെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് കത്ത് നൽകി. വിവാദങ്ങൾക്കൊടുവിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ക്ഷേത്രം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനെ ചൊല്ലിയായിരുന്നു അടുത്ത വിവാദം. രോഗികളെയും സാധാരണക്കാരായ യാത്രക്കാരെയും ഒരുമിച്ച് ഒരേ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തു. ഇത് പ്രതിപക്ഷം ശക്തമായ ആയുധമാക്കി. പ്രവാസികളോട് നിഷേധാത്മക സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഈ വിഷയത്തിൽ പ്രതിപക്ഷം സമരവഴിയിലാണ്.
ഇതിനിടെയാണ് ആരോഗ്യമന്ത്രിക്കെതിരായ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശം വിവാദമായത്. കോവിഡ് കണക്കുകൾ പറയാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്താസമ്മേളനത്തിൽ കഴിഞ്ഞ ദിവസം അരമണിക്കൂർ നീക്കിവെച്ചത് 'മുല്ലപ്പള്ളി' വിഷയത്തിലെ രാഷ്ട്രീയ വിമർശനത്തിനായിരുന്നു.
കോവിഡ് ഉയർത്തുന്ന ആശങ്കകൾ വാർത്തകളിൽ നിന്നുപോലും മാറുകയാണ്. പകരം വിവാദങ്ങൾ വാർത്തകളിൽ ഇടംപിടിക്കുന്നു. കൂടുതൽ ഭയപ്പെടുത്തേണ്ട കോവിഡ് കണക്കുകളാണ് മുന്നിലുള്ളത്. ജാഗ്രത അൽപംപോലും കുറയേണ്ട സമയമല്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ നമ്മെ ഓർമിപ്പിക്കുന്നത്.
ഓർമിക്കുക, നാം സുരക്ഷിതരല്ല
തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ ഭാഗത്ത് കൂടി പോലും വാഹനങ്ങളിൽ, പ്രത്യേകിച്ച് തുറന്ന ജീപ്പിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ മാസ്ക് പോലും ധരിക്കാതെ യാത്ര ചെയ്യുന്നത് പതിവ് കാഴ്ചയായി. പൊലീസ് പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രിയും ഡിജിപിയും പ്രഖ്യാപിച്ച് മണിക്കൂറുകൾ കഴിയുമ്പോഴാണ് ഈ കാഴ്ച. കടകളിലും ചന്തകളിലും ജനം ശാരീരിക അകലം മറന്ന് തിക്കിത്തിരക്കിത്തുടങ്ങി. സെക്രട്ടറിയേറ്റിലെ ഞാറ്റുവേല ചന്തയിലെ തിക്കിത്തിരക്ക് കണ്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് പോലും പൊട്ടിത്തെറിക്കേണ്ടിവന്നത് വാർത്തായായിരുന്നു. കോവിഡിന് മുന്നേ എങ്ങനെയായിരുന്നോ, അതുപോലെയായി നമ്മുടെ പ്രവൃത്തികൾ, ഒരു പക്ഷേ അതിലുമേറെ.
രോഗവ്യാപന നിരക്ക് ഏറ്റവും കൂടി നിൽക്കുന്ന വേളയിലാണ് ഈ കാഴ്ചകളെല്ലാം. ആദ്യനാളുകളിലെ ഭയവും ജാഗ്രതയുമെല്ലാം മലയാളികൾ കൈവിട്ടുവെന്ന് തോന്നിപ്പിക്കുന്നതാണ് ഇവയെല്ലാം.