നിരവധി പേരുടെ അക്ഷീണമായ പ്രയത്‌നത്തിന്റെ ഫലമായി രാജ്യത്തെ വാക്‌സിന്‍ ഡ്രൈവ് മികച്ച രീതിയിലാണ് നടക്കുന്നത്. അത്തരത്തിൽ ഒരു ആരോഗ്യ പ്രവർത്തകയുടെ ധീരമായ പ്രയത്‌നത്തെ കാണിക്കുന്ന ചില ചിത്രങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.
രാജസ്ഥാനിലെ ബര്‍മര്‍ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ഒരു വനിതാ ആരോഗ്യ പ്രവര്‍ത്തക ഒട്ടകപ്പുറത്ത് കയറി എത്തിയതിന്റെ ചിത്രങ്ങളായിരുന്നു അത്. കേന്ദ്ര സര്‍ക്കാരിന്റെ 'ഹര്‍ ഘര്‍ ദസ്തക്' കാമ്പെയ്നിന്റെ ഭാഗമായി കോവിഡ് -19 വാക്സിന്‍ നല്‍കുന്നതിനായാണ് ആ ആരോഗ്യ പ്രവര്‍ത്തക ഥാര്‍ മരുഭൂമിയിലെ ഒരു ഗ്രാമത്തിലേക്ക് ഒട്ടകത്തിന്റെ പുറത്ത് കയറി പോയത്.
advertisement
കേന്ദ്രമന്ത്രി പങ്കുവെച്ച ചിത്രത്തില്‍ ഒട്ടകത്തിന്റെ മുകളിൽ ഇരിക്കുന്ന ഒരു സ്ത്രീ തന്റെ മെഡിക്കല്‍ ബോക്‌സുമായി യാത്ര ചെയ്യുന്നത് കാണാം. മറ്റൊരു ചിത്രത്തില്‍ അവര്‍ ഒരു ഗ്രാമവാസിക്ക് വാക്‌സിന്‍ നല്‍കുന്നതും കാണാം. രാജ്യത്തുടനീളമുള്ള, കേന്ദ്ര സര്‍ക്കാരിന്റെ 'ഹര്‍ ഘര്‍ ദസ്തക്' വാക്‌സിനേഷന്‍ ഡ്രൈവിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയും മാണ്ഡവിയയുടെ ട്വീറ്റ് പങ്കിട്ടു. എല്ലായിടത്തും കോവിഡ് -19 വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
''പര്‍വതപ്രദേശങ്ങള്‍ മുതല്‍ മരുഭൂമികള്‍ വരെയുള്ള മേഖലകളിലെ വിദൂര ഗ്രാമങ്ങളില്‍ ഉള്‍പ്പടെ വാക്സിൻ എത്തിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ വാക്‌സിന്‍ ഡ്രൈവ് കോവിഡ് -19 നെ പരാജയപ്പെടുത്താനുള്ള പോരാട്ടം തുടരുകയാണ്. ഇത് സാധ്യമാക്കിയ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യവും നന്ദിയും അറിയിക്കുന്നു'', ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി ട്വിറ്ററില്‍ കുറിച്ചു.
ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ദീര്‍ഘദൂരം സാഹസികമായി സഞ്ചരിക്കാന്‍ ധൈര്യപ്പെടുന്നത് ഇതാദ്യമല്ല. ജൂലൈയില്‍ രാജ്യത്തെ ആരോഗ്യ പ്രവർത്തകരുടെ ഒരു സംഘം 9 മണിക്കൂര്‍ കാല്‍നടയാത്ര നടത്തി അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലെ 16 ഓളം വീടുകളിലെത്തി വാക്‌സിനേഷന്‍ നല്‍കിയിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 14,000 അടി ഉയരത്തിലായിരുന്നു ഈ പ്രദേശം.
കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നതിനായി ജമ്മു കശ്മീരിലെ രജൗരിയിലെ ഒരു വിദൂര ഗ്രാമത്തില്‍ എത്താന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഒരു സംഘം, നല്ല ഒഴുകും ശക്തമായ തണുപ്പുമുള്ള സമയത്ത് മുട്ടിന് മുകളില്‍ വരെ വെള്ളമുള്ള ഒരു നദി മുറിച്ചുകടന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
