പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യയുടെ ചരിത്രപരവും അഭൂതപൂർവവുമായ വാക്സിൻ യുദ്ധത്തിന്റെ കഥ മാർച്ച് 24 മുതൽ ഹിസ്റ്ററി ടിവി18 ൽ കാണാം. കോവിഡ് -19 വാക്‌സിൻ വികസിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഇന്ത്യ നേടിയ വിജയവും വാക്സിൻ നിർമിക്കുന്നതിലേക്ക് എത്തിയ ഉൾക്കഥകളുമെല്ലാം ‘ദി വയൽ’ വിശദീകരിക്കുന്നു. 60 മിനുട്ടാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം.
കൊറോണ വൈറസ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്റെ കഥയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിവരിക്കുന്ന ആദ്യത്തെ ഡോക്യുമെന്ററി കൂടിയാണിത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവല്ല, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് എന്നിവരും ഡോക്യുമെന്ററിയിൽ ഭാഗമാകുന്നു.
advertisement
പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി മുതൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും എത്തിച്ച ലോകത്തിലെ ഏറ്റവും ഫലപ്രദമായ രണ്ട് വാക്‌സിൻ കാൻഡിഡേറ്റുകളുടെ കോടിക്കണക്കിന് കുപ്പികൾ റെക്കോർഡ് സമയത്ത് നിർമ്മിക്കുന്നത് വരെയുള്ള പ്രവർത്തനമാണ് ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നത്.
ഇന്ത്യയുടെ കോവിഡ് -19 വാക്‌സിൻ യാത്ര ശ്രദ്ധേയമായ നേട്ടമാണെന്ന് ഡോക്യുമെന്ററി വിശദീകരിച്ച മനോജ് ബാജ്പേയി പറഞ്ഞു. ഇന്ത്യക്കാരെന്ന നിലയിൽ നാമെല്ലാവരും അതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം. നിരവധി വെല്ലുവിളികൾക്കിടയിലും കുറഞ്ഞ സമയത്തിനുള്ളിൽ വാക്‌സിനുകൾ നിർമ്മിക്കുകയും വാക്‌സിനേഷൻ ഡ്രൈവ് നടപ്പിലാക്കുകയും ചെയ്‌ത നമ്മുടെ ആരോഗ്യപരിപാലന വിദഗ്ധർക്കും മുന്നണിപ്പോരാളികൾക്കുമുള്ള ആദരവ് കൂടിയാണ് ഈ ഡോക്യുമെന്ററി. ഇന്ന് നാം ആത്മവിശ്വാസത്തോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന്റെ കാരണം അവരാണെന്നും അദ്ദേഹം പറഞ്ഞു.
വെല്ലുവിളികളെ അതിജീവിച്ച് വിദൂര പ്രദേശങ്ങളിൽ പോലും ജനങ്ങൾക്ക് വാക്സിനുകൾ ലഭ്യമാക്കാൻ ഇന്ത്യൻ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിശ്ചയദാർഢ്യത്തെ ശ്രദ്ധയിൽപ്പെടുത്തുന്ന ചില വിശദാംശങ്ങളും ‘ദി വയൽ’ വിവരിക്കുന്നു.
ഇന്ന്, ഇന്ത്യയിലെ 1.3 ബില്യൺ ജനങ്ങളിൽ ഭൂരിഭാഗത്തിനും കുറഞ്ഞത് ഒരു റൗണ്ട് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട് – രാജ്യത്തിന്റെ വൈവിധ്യം കണക്കിലെടുത്ത് ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. 100 രാജ്യങ്ങളിലായി 232.43 ദശലക്ഷം ഡോസ് കോവിഡ് -19 വാക്സിൻ നൽകിയ വാക്സിൻ മൈത്രി സംരംഭത്തിലൂടെ ഇന്ത്യ ലോകത്തിന് മാതൃകയായി.
