കോവിൻ വെബ് പോർട്ടലിന് അടിത്തറയിട്ടത് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചറാണ്. അതിന്റെ കരുത്ത് തന്നെയാണ് 100 കോടി വാക്സിൻ ഡോസുകൾ പൗരന്മാർക്ക് വിതരണം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യൻ സർക്കാരിനെ പ്രാപ്തമാക്കിയതും. എല്ലാ പൗരന്മാർക്കും കോവിഡ് 19 വാക്സിനേഷൻ നൽകാനുള്ള ക്യാമ്പയിൻ ആരംഭിച്ചപ്പോൾ തന്നെ അത് സുശക്തമായ ഡിജിറ്റൽ സംവിധാനത്തിന് മുകളിലാണ് കെട്ടിപ്പടുക്കേണ്ടത് എന്ന് സർക്കാർ തിരിച്ചറിഞ്ഞിരുന്നു.
റെക്കോർഡ് സമയത്തിനുള്ളിലാണ് ആർ എസ് ശർമയുടെ കീഴിൽ ഈ ഡിജിറ്റൽ സംവിധാനം സജ്ജമാക്കിയത്. ഇന്ന് അത് ഡാറ്റയുടെ വലിയൊരു കലവറയായി മാറിയിരിക്കുന്നു. ഓരോ പൗരനും വാക്സിൻ ഡോസ് സ്വീകരിക്കുമ്പോൾ തന്റെ പേരും ആധാർ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ പോർട്ടലിൽ നൽകുന്നു. ആ വിവരങ്ങളൊക്കെ ഡിജിറ്റലായി സംഭരിക്കപ്പെടുന്നു. രണ്ടാം ഡോസ് സ്വീകരിക്കുമ്പോൾ ആ വിവരവും ഈ ഡാറ്റാബേസിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്. അതിനാൽ, സ്ഥിരീകരിക്കാവുന്ന വിവരങ്ങളാണ് ഈ ഡാറ്റാബേസിൽ ഉൾക്കൊള്ളുന്നത്.
advertisement
അവിശ്വസനീയമായ തലത്തിലേക്ക് കോവിഡ് വാക്സിനേഷൻ ഡ്രൈവിനെ ഉയർത്താൻ സഹായിച്ചത് ഈ ഡിജിറ്റൽ സംവിധാനമാണ്. ഒരൊറ്റ ദിവസം മാത്രം 2.26 കോടി ഡോസ് എന്ന റെക്കോർഡ് കൈവരിച്ചത് ഈ സംവിധാനത്തിന്റെ സഹായത്താലാണ്. പല ദിവസങ്ങളിലും ഒരു കോടിയിലേറെ കോവിഡ് ഡോസുകളുടെ വിതരണം ഇത്തരത്തിൽ രേഖപ്പെടുത്തി. ഒടുവിലിതാ 100 കോടി ഡോസ് എന്ന നേട്ടവും നമ്മൾ കൈവരിച്ചിരിക്കുന്നു.
വാക്സിൻ പൂർത്തിയാക്കിയതിന്റെ സാക്ഷ്യപത്രം ഡൗൺലോഡ് ചെയ്യാനും അത് ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവെയ്ക്കാനുമുള്ള സൗകര്യവും ഈ ഡിജിറ്റൽ സംവിധാനം ഒരുക്കി. മറ്റൊരു രാജ്യത്തും ഇത്ര വ്യാപകമായ രീതിയിലുള്ള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ നമ്മൾ കണ്ടിട്ടില്ല.
വികസിത രാജ്യങ്ങളായ യു കെയിലും യു എസിലും പോലും ഇപ്പോഴും ആളുകൾക്ക് കൈകൊണ്ട് എഴുതിയ സർട്ടിഫിക്കറ്റുകളാണ് നൽകുന്നത്. അവ ഡാറ്റാബേസിൽ സൂക്ഷിക്കപ്പെടുന്നില്ല. ഏതെങ്കിലും ഡാറ്റാബേസിലെ വിവരങ്ങൾ വെച്ച് അവ സ്ഥിരീകരിക്കാനും കഴിയില്ല. ഇന്ത്യയിൽ കോവിഡ് വാക്സിനേഷന്റെ തുടക്കം മുതൽ അത് പൂർണമായും ഡിജിറ്റലാക്കി മാറ്റി.
സെറം ഇൻസ്റ്റിറ്റ്യൂട്ടും മറ്റു വാക്സിൻ നിർമാണ കമ്പനികളും അഭൂതപൂർവമായ അളവിൽ വാക്സിൻ ഡോസുകൾ വിതരണം ചെയ്യാൻ കഴിയുന്ന വിധത്തിൽ വാക്സിൻ ഉത്പാദനം ത്വരിതപ്പെടുത്തിയത് കൊണ്ടുകൂടിയാണ് ഇത്ര ചെറിയ കാലയളവിനുള്ളിൽ 100 കോടി ഡോസ് എന്ന നേട്ടം നമുക്ക് കൈവരിക്കാൻ കഴിഞ്ഞത്.
മറ്റു രാജ്യങ്ങൾക്ക് കോവിൻ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ഇന്ത്യൻ സർക്കാർ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. 2015 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവെച്ച ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നത്തിന്റെ സൃഷ്ടിയാണ് ഇത്. വൻതോതിൽ കോവിഡ് വാക്സിനേഷൻ നടത്താൻ നമ്മുടെ രാജ്യത്തെ പ്രാപ്തമാക്കിയതും ഈ ഡിജിറ്റൽ സംവിധാനമാണ്.
(ആരിൻ ക്യാപിറ്റൽ പാർട്ണേഴ്സ് ചെയർമാനാണ് ലേഖകൻ. ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായങ്ങളാണ്. ഇത് മാധ്യമ സ്ഥാപനത്തിന്റെ നിലപാടിനെ പ്രതിനിധാനം ചെയ്യുന്നില്ല.)
