സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്സിനിൽ രാജ്യം മാത്രമല്ല, പ്രതീക്ഷയർപ്പിക്കുന്നത്, മറിച്ച് ലോകത്തെ ഒട്ടനവധി വികസ്വരരാജ്യങ്ങളും ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ 100 കോടി വാക്സിൻ ഡോസുകൾ ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 25 കോടി ഡോളറാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമയായ അഡാർ പൂനെവാല നിക്ഷേപിച്ചിരിക്കുന്നത്. വാക്സിൻ വികസിപ്പിക്കുന്നത് ഒരു പന്തയം പോലെയാണ്. വികസ്വര രാജ്യങ്ങളിൽ കോവിഡ് വാക്സിൻ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ പോകുന്നത് ഇന്ത്യയായിരിക്കുമെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
advertisement
വികസിത രാജ്യങ്ങൾ ഇതിനകം തന്നെ ലഭ്യമായ വാക്സിൻ വിതരണത്തിന്റെ വലിയൊരു ഭാഗം ഉറപ്പാക്കിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, കാനഡ എന്നിവ അവരുടെ മുഴുവൻ ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ തയ്യാറായി കഴിഞ്ഞു. എന്നാൽ മറുവശത്ത് വികസ്വര-അവികസിതമായ 150 ലധികം രാജ്യങ്ങൾ വളരെ ചുരുങ്ങിയ ഡോസ് വാക്സിൻ ലഭ്യത മാത്രമാണ് ഉറപ്പാക്കിയിട്ടുള്ളത്. ഇത് ഏകദേശം 700 ദശലക്ഷം ഡോസുകൾ മാത്രമാണ്.
വിജയകരമായി വാക്സിൻ വികസിപ്പിച്ച ഫൈസർ, തങ്ങളുടെ വാക്സിൻ വികസ്വര രാജ്യങ്ങളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വളരെ ചുരുങ്ങിയ കരാറുകളിൽ മാത്രാണ് ഏർപ്പെട്ടിരിക്കുന്നത്. ഫൈസറിന്റെ വാക്സിൻ വളരെ താഴ്ന്ന താപനിലയിൽ സൂക്ഷിക്കണമെന്നത് വലിയ വെല്ലുവിളിയാണ്. ഇതിന് ആവശ്യമായ അതീവ ശീതീകരണ ശ്രേണി ഒരുക്കുകയെന്നത് വികസ്വരരാജ്യങ്ങൾക്ക് കനത്ത വെല്ലുവിളിയാണ്.
“സമ്പന്ന രാജ്യങ്ങൾ എല്ലാ ആളുകൾക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് സാധ്യമായത്ര ഡോസുകൾ ഉറപ്പാക്കിയിട്ടുണ്ട്, ഇതു മറ്റ് രാജ്യങ്ങളിലെ ഉയർന്ന അപകടസാധ്യതയുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കാനാകാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിട്ടുണ്ട്” പട്ടിണിക്കെതിരെ പോരാടുന്ന പ്രമുഖ എൻജിഒയായ ഓക്സ്ഫാം അമേരിക്കയിലെ മുതിർന്ന ഉപദേശകൻ നിക്കോളാസ് ലൂസിയാനി പറഞ്ഞു
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളാകുന്നത് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ആയിരിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ, ഇന്ത്യ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ രോഗപ്രതിരോധ വാക്സിൻ കയറ്റുമതി ചെയ്യുന്നതിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുമെന്ന് ഡ്യൂക്ക് ഗ്ലോബൽ ഹെൽത്ത് ഇന്നൊവേഷൻ സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടർ ആൻഡ്രിയ ടെയ്‌ലർ പറഞ്ഞു.
ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കും ഉയർന്ന തോതിലുള്ള വാക്സിൻ ഉൽപാദന ശേഷിയുണ്ടെന്ന് ടെയ്‌ലർ പറഞ്ഞു. എന്നാൽ ഇന്ത്യൻ വാക്സിൻ നിർമ്മാതാക്കളെ അവർ ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കാരണം ആഗോള കമ്പനികളുമായി സഖ്യമുണ്ടാക്കാനും സ്വന്തം ഉൽപാദനം വർദ്ധിപ്പിക്കാനുമായി അവർ സ്വന്തം നിലയ്ക്കു വളരെ വേഗം നീങ്ങി. എന്നാൽ വാക്സിൻ ഉൽപാദനത്തിൽ ഇന്ത്യയുടെ കമ്പനികൾ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും, വികസ്വരരാജ്യങ്ങൾക്ക് ആവശ്യമായ ഡോസുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്നും ആൻഡ്രിയ ടെയ്‌ലർ പറഞ്ഞു.
നാല് പ്രധാന ഫാർമസ്യൂട്ടിക്കൽ കമ്പനികളായ ആസ്ട്രാസെനെക, നോവവാക്സ്, ജോൺസൺ & ജോൺസൺ, സനോഫി എന്നിവർ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കായി കുറഞ്ഞത് 3 ബില്ല്യൺ വാക്സിൻ ഡോസുകൾ നിർമ്മിക്കുന്നതിനുള്ള കരാറുകളിൽ എത്തിയിട്ടുണ്ടെന്ന് ഗവേഷണ സ്ഥാപനമായ എയർഫിനിറ്റി ലഭ്യമായ ഡാറ്റയുടെ വിശകലനത്തിൽ പറയുന്നു. ആ ഡോസുകളിൽ മൂന്നിൽ രണ്ട് ഭാഗവും നിർമ്മിക്കുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ആയിരിക്കും. വികസ്വര-അവികസിത രാജ്യങ്ങളിലേക്ക് വാക്സിൻ എത്തിക്കുന്നതിന് കോവിഡ് -19 വാക്സിൻസ് ഗ്ലോബൽ ആക്സസ് ഫെസിലിറ്റി അഥവാ കോവാക്സ് എന്നറിയപ്പെടുന്ന സംവിധാനം എൻജിഒയായ ഗവി ആവിഷ്ക്കരിച്ചിട്ടുണ്ട്. 2021 ന്റെ തുടക്കത്തിൽ വികസ്വര രാജ്യങ്ങളിൽ വിതരണം ചെയ്യുന്നതിനായി 20 കോടി വാക്സിൻ ഡോസുകൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് മുൻകൂറായി നൽകും. ഇതിനായി ബിൽ, മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സെപ്റ്റംബറിൽ ഗവി പ്രഖ്യാപിച്ചു. 60 കോടി ഡോളർ വാക്സിൻ നിർമ്മിക്കുന്നതിനായി ലഭ്യമാക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
വാക്സിനുകൾ ലഭ്യമാക്കുന്നതിൽ ഒരു രാജ്യവും പിന്നിലല്ലെന്ന് ഉറപ്പുവരുത്തുകയെന്ന ഗവിയുടെ വലിയ ലക്ഷ്യത്തിന് സെറവുമായുള്ള പങ്കാളിത്തം “നിർണായകമാണ്”, കുറഞ്ഞ വരുമാനത്തിൽ വാക്സിനുകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള ഗാവിയുടെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന ഡൊമിനിക് ഹെയ്ൻ പറഞ്ഞു. കരാർ പ്രകാരം, 60 ലധികം രാജ്യങ്ങൾക്ക് - പ്രധാനമായും ആഫ്രിക്കയിലും ഏഷ്യയിലും - ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത വാക്സിൻ അഥവാ നോവവാക്സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിൻ ലഭിക്കും.
മൂന്നാം ഘട്ട പരീക്ഷണങ്ങളിലുള്ള രണ്ട് വാക്സിനുകളും നിർമ്മിക്കാനുള്ള കരാറിലും സെറം ഇൻസ്റ്റിറ്റ്യൂട്ട് എത്തിയിട്ടുണ്ട്. അമേരിക്കൻ ബയോടെക്നോളജി സ്ഥാപനമായ കോഡജെനിക്സ് വികസിപ്പിച്ചെടുത്ത മറ്റ് രണ്ട് വാക്സിനുകൾ നിർമ്മിക്കുന്നതിനുള്ള കരാറുകളും സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചിട്ടുണ്ട്. വാക്സിൻ പരീക്ഷണം വിജയകരമായി പൂർത്തിയാകുന്നതോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇവ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ചു തുടങ്ങും. വൈകാതെ തന്നെ കുറഞ്ഞ ചെലവിൽ ലോകത്തെ അവികസിത-വികസ്വര രാജ്യങ്ങളിലേക്കു ഇന്ത്യയിൽനിന്ന് വാക്സിനുകൾ കയറ്റുമതി ചെയ്യാനാകുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നു.