പുതിയ വകഭേദം കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം. രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചതിന് ശേഷം ഇതുവരെ കുറഞ്ഞത് 213 ഒമിക്രോണ്‍ കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഓഫീസിലേക്ക് മടങ്ങാനുള്ള പദ്ധതികളില്‍ ഇപ്പോള്‍ ജാഗ്രത പാലിക്കുകയാണെന്ന് കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനക്കാരില്‍ 10 ശതമാനം പേർ മാത്രമാണ് നിലവില്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നതെന്ന് ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി (TCS) അറിയിച്ചു. ഓഫീസിലേക്ക് ജീവനക്കാരെ പൂര്‍ണ്ണമായി തിരിച്ചു വിളിക്കാനുള്ള ഏത് പദ്ധതിയും നടപ്പിലാക്കുന്നത് സാഹചര്യങ്ങള്‍ ശ്രദ്ധയോടെ വിലയിരുത്തിയതിന് ശേഷം മാത്രമായിരിക്കും എന്നും കമ്പനി പറഞ്ഞു.
advertisement
'ആരോഗ്യ സംബന്ധിച്ച് മാറിവരുന്ന സാഹചര്യം' കണക്കിലെടുത്തു കൊണ്ട് 'ജാഗ്രതയോടു കൂടിയ സമീപനമാണ് സ്വീകരിക്കുകയെന്ന് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി രംഗത്തെ പ്രമുഖ കമ്പനി ഇന്‍ഫോസിസ് (Infosys) അറിയിച്ചു. എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനി തങ്ങളുടെ ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരുമെന്ന് മുമ്പ് പറഞ്ഞിരുന്നു. സമാനമായ ഒരു നീക്കത്തിന് പദ്ധതിയിട്ടിരുന്ന എച്ച്‌സിഎല്‍ ടെക്‌നോളജീസും (HCL Technologies) ഇപ്പോള്‍ ജാഗ്രത പുലര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജീവനക്കാരുടെ സഞ്ചാരത്തെ പരിമിതപ്പെടുത്തുന്ന കോവിഡ് 19 വകഭേദങ്ങളുടെ ആവിര്‍ഭാവവും ആഘാതവും നിരീക്ഷിക്കുന്നത് തുടരുമെന്ന് കമ്പനി പറഞ്ഞു. കമ്പനിയുടെ പത്തില്‍ ഒന്ന് ജീവനക്കാര്‍ ഇപ്പോള്‍ ഓഫീസില്‍ വന്ന് ജോലി ചെയ്യുന്നുണ്ട്. നിലവിലെ ഈ ഹൈബ്രിഡ് മോഡല്‍ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ഇക്കണോണിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന കമ്പനികളുടെ പ്രസ്താവനകള്‍, കൊവിഡ് 19ന്റെ രണ്ടാം തരംഗം കുറഞ്ഞ് തുടങ്ങിയ സാഹചര്യത്തില്‍ അവര്‍ നടത്തിയ പ്രഖ്യാപനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒക്ടോബറില്‍ രണ്ടാംപാദഫലം പ്രഖ്യാപിച്ച വേളയിലാണ് ജീവനക്കാരെ പൂര്‍ണ്ണമായും ഓഫീസിലേക്ക് തിരികെ കൊണ്ടുവരാന്‍ പദ്ധതി ഉണ്ടെന്ന് കമ്പനികള്‍ അറിയിച്ചത്. അന്ന്, നിരവധി ഐടി കമ്പനികള്‍ 2021 ഡിസംബറിലോ 2022 ജനുവരിയിലോ ജീവനക്കാരെ ഓഫീസുകളിലേക്ക് ക്രമേണ തിരികെ വിളിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു, കൂടാതെ ഹൈബ്രിഡ് മോഡല്‍ പിന്തുടരേണ്ടി വരുമെന്നും പറഞ്ഞിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഔട്ട്‌സോഴ്‌സിങ് കമ്പനിയായ ടിസിഎസ്, ഈ വര്‍ഷാവസാനത്തോടെ അല്ലെങ്കില്‍ 2022 ന്റെ തുടക്കത്തോടെ കമ്പനിയിലെ 90 ശതമാനം ജീവനക്കാരെയും തിരികെ വിളിക്കാനുള്ള പദ്ധതിയെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. അതുപോലെ 2025 മോഡല്‍ പദ്ധതിയെക്കുറിച്ചും കമ്പനി മുമ്പ് സൂചനകള്‍ നല്‍കിയിരുന്നു. 2025 മോഡല്‍ എന്നത് കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്, 2025 വരെ കമ്പനിയിലെ മൊത്തം ജീവനക്കാരുടെ 25 ശതമാനം പേര്‍ക്ക് വീട്ടില്‍ ഇരുന്നു തന്നെ ജോലി ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള സംവിധാനമാണ്.
"ഇതിനോടകം 70 ശതമാനത്തോളം ടിസിഎസ് ജീവനക്കാരും പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു, കൂടാതെ 95 ശതമാനത്തോളം ജീവനക്കാര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ എങ്കിലും ലഭിച്ചിട്ടുണ്ട്. അതിനാല്‍ കമ്പനി സാവധാനം തങ്ങളുടെ ജീവനക്കാരെ തിരികെ ഓഫീസിലെത്തിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരികയാണ്, ഈ വര്‍ഷം അവസാനത്തോടെ ഈ ശ്രമങ്ങള്‍ ആരംഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്" എന്നാണ് രണ്ടാം പാദ വാര്‍ഷിക കണക്കുകള്‍ പ്രഖ്യാപിക്കുന്നതിനിടെ കമ്പനിയുടെ ചീഫ് എച്ച്ആര്‍ ഓഫീസറായ മിലിന്ദ് ലക്കാഡ് പറഞ്ഞത്. ആ സമയത്ത് സമര്‍പ്പിക്കപ്പെട്ട നാസ്‌കോമിന്റെ റിപ്പോട്ട് അനുസരിച്ച്, ഇരുപത്തിയഞ്ച് വയസ്സിന് മുകളിലുള്ള ജീവനക്കാരെ നവംബറോടെയും 40 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ അതിന് ശേഷവും ഓഫീസുകളിലേക്ക് തിരിച്ചു കൊണ്ടുവരാനാണ് കമ്പനികള്‍ ഉദ്ദേശിച്ചിരുന്നത്.
''വ്യവസായ മേഖലകള്‍ ക്രമേണ വീണ്ടും തുറക്കാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഓണ്‍സൈറ്റ്, റിമോട്ട് പ്രവര്‍ത്തന മാതൃകകള്‍ ഉള്‍പ്പെടുന്ന ഒരു ഹൈബ്രിഡ് പ്രവര്‍ത്തന രീതി വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നത്'' എന്ന് നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് അന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ച് രാജ്യത്തുടനീളമുള്ള ഏകദേശം 4.5 ദശലക്ഷം ജീവനക്കാര്‍ അവരുടെ ജോലിസ്ഥലങ്ങളിലേക്ക് ഉടന്‍ മടങ്ങിയെത്തുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദത്തെ കണ്ടെത്തുകയും ദിവസങ്ങള്‍ക്കുള്ളില്‍ അത് ഇന്ത്യയിലേക്ക് എത്തുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ പെട്ടെന്ന് മാറി. ഇത് തൊഴിലുടമകള്‍ വീണ്ടും അവരുടെ കാഴ്ചപ്പാട് മാറ്റാന്‍ കാരണമായി.
''ഇപ്പോള്‍, ജീവനക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഓഫീസുകളില്‍ ഹാജരാകാം എന്നതാണ് വ്യവസ്ഥ. ഇക്കാര്യത്തിൽ നേതൃത്വമേറ്റെടുക്കാന്‍ ഞങ്ങള്‍ മാനേജര്‍മാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ദിവസവും ഓഫീസില്‍ എത്താനോ സ്ഥലം മാറാനോ ഞങ്ങള്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല", ഇന്‍ഫോസിസിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും എച്ച്ആര്‍ മേധാവിയുമായ റിച്ചാര്‍ഡ് ലോബോ പറഞ്ഞു.
നവംബറോടെ ജീവനക്കാരെ തിരികെ വിളിക്കുമെന്ന് ടിസിഎസ് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍, കൊവിഡ് 19ന്റെ പുതിയ വകഭേദം പൊട്ടിപുറപ്പെട്ടിരിക്കുന്നതിനാല്‍ സഹാചര്യങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നത് തുടരുമെന്നാണ് കമ്പനിയുടെ പുതിയ പ്രസ്താവന എന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ മാരകമായ രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ അപകടസാധ്യതയെക്കുറിച്ച് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓഫീസിലേക്കുള്ള മടങ്ങി പോകല്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെ ആയതിനാല്‍ ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം തുടരേണ്ടി വരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
