രാജ്യത്തിനും ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ചു കൊണ്ടായിരുന്നു ക്രിസ് ഗെയ്ലിന്‍റെ പ്രതികരണം. 'ജമൈക്കയക്ക് വാക്സിൻ സംഭാവന നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ ഗവൺമെന്‍റിനും ഇവിടുത്തെ ജനങ്ങൾക്കും നന്ദി അറിയിക്കുകയാണ്. ഇത് ശരിക്കും അഭിനന്ദനാർഹം തന്നെയാണ്' വീഡിയോ സന്ദേശത്തിൽ ഗെയ്ൽ പറയുന്നു. ജമൈക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്റർ പേജിലൂടെയാണ് 17 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈക്കമ്മീഷനിലെത്തിയ ക്രിസ് ഗെയ്ൽ ഇന്ത്യൻ ഹൈക്കമ്മീഷണർ ആർ.മസാകുയിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. 'ദി യൂണിവേഴ്സ് ബോസ്' എന്നാണ് ഇവരുടെ കൂടിക്കാഴ്ച ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററില്‍ കുറിച്ചിരുന്നത്.
തങ്ങളുടെ രാജ്യത്തിന് വാക്സിൻ സംഭാവന നൽകിയ ഇന്ത്യക്ക് നന്ദി അറിയിച്ചു കൊണ്ട് രണ്ട് ദിവസം മുമ്പാണ് ഗെയ്ലിന്‍റെ സഹതാരം ആൻഡ്രെ റസ്സെൽ രംഗത്തെത്തിയത്. വാക്സിനുകളെത്തിയെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വളരെ നന്ദിയെന്നുമാണ് വീഡിയോ സന്ദേശത്തിൽ റസ്സെൽ പറഞ്ഞത്.
ഇന്ത്യയും ജമൈക്കയും ഇപ്പോള്‍ സഹോദരങ്ങളാണെന്നും ലോകം സാധാരണ നിലയിലേക്ക് മടങ്ങിപ്പോകുന്നത് കാണാനാണ് ഇപ്പോൾ താൻ ആഗ്രഹിക്കുന്നതെന്നും റസ്സെൽ വീഡിയോയിൽ പറയുന്നു.
