മോൾനുപിരാവിർ 800 മില്ലിഗ്രാം ഡോസ് രണ്ട് നേരം അഞ്ച് ദിവസത്തേക്കാണ് കഴിക്കേണ്ടത്. ഇതിനായി ഒരു രോഗിക്ക് 200 മില്ലിഗ്രാം വീതമുള്ള 40 ഗുളികകൾ കഴിക്കേണ്ടതുണ്ട്. ടോറന്റ്, സിപ്ല, സൺ ഫാർമ, ഡോ. റെഡ്ഡീസ്, നാറ്റ്‌കോ, മൈലൻ, ഹെറ്ററോ എന്നിവയുൾപ്പെടെ 13 ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഈ ഗുളിക നിർമ്മിക്കും. കോവിഡ് 19 രോഗബാധിതരായ ഉയർന്ന അപകടസാധ്യതയുള്ള മുതിർന്ന രോഗികളുടെ ചികിത്സയ്ക്കായാണ് ഈ മരുന്ന് അംഗീകരിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ പരിമിതമായ ഉപയോഗത്തിനാണ് മരുന്ന് ലഭ്യമാക്കുക.
advertisement
എംഎസ്ഡി (MSD), റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്സ് (Ridgeback Biotherapeutics) എന്നിവ ചേർന്ന് വികസിപ്പിച്ചെടുത്ത മോൾനുപിരാവിർ യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌ട്സ് റെഗുലേറ്ററി ഏജൻസിയും (MHRA) യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (FDA) അംഗീകരിച്ചിട്ടുണ്ട്. ഗുരുതരമായ സ്ഥിതിയിൽ എത്താൻ സാധ്യതയുള്ള കോവിഡ്-19 രോഗികളുടെ ചികിത്സയ്ക്കായാണ് മോൾനുപിരാവിർ അംഗീകരിച്ചിരിക്കുന്നത്.
സിപ്ല, സൺ ഫാർമ, ഡോ റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയും വരും ആഴ്ചകളിൽ മോൾനുപിരാവിർ ക്യാപ്‌സ്യൂളുകൾ പുറത്തിറക്കും. മറ്റ് കമ്പനികളുടെ മരുന്നിന്റെ പൂർണ്ണ ചികിത്സയ്ക്ക് 2,000 മുതൽ 3,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലും മറ്റ് 100ലധികം താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും (എൽഎംഐസി) മോൾനുപിരാവിർ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഭൂരിഭാഗം കമ്പനികളും മെർക്ക് ഷാർപ്പ് ഡോഹ്മിയുമായി (എംഎസ്ഡി) കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
സിപ്മോൾനു (Cipmolnu) എന്ന പേരിൽ മോൾനുപിരാവിർ വിപണനം ചെയ്യാനാണ് സിപ്ലയുടെ തീരുമാനം. സിപ്മോൾനു 200mg ക്യാപ്‌സ്യൂളുകൾ രാജ്യത്തുടനീളമുള്ള പ്രമുഖ ഫാർമസികളിലും കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും സമീപഭാവിയിൽ ലഭ്യമാകും. മോൾഫ്ലൂ എന്ന പേരിൽ ഉടൻ തന്നെ മോൾനുപിരാവിർ 200 മില്ലിഗ്രാം ക്യാപ്‌സ്യൂളുകൾ രാജ്യത്ത് പുറത്തിറക്കുമെന്ന് ഡോ. റെഡ്ഡീസും അറിയിച്ചിരുന്നു.
കോവിഡ് 19 നെ നേരിടാൻ കണ്ടെത്തിയ ആന്റിവൈറൽ ഗുളികകൾ (Antiviral Pills) മഹാമാരിയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ നാഴികക്കല്ലാകുമെന്ന് ലോകാരോഗ്യ സംഘടനയും കഴിഞ്ഞ ദിവസം വിലയിരുത്തി.
