ഇതിനിടെ ഫ്രാൻസിലെ സ്ട്രാസ്ബർഗിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളിൽ 97 കോവിഡ് രോഗികളിൽ ഗവേഷകർ നടത്തിയ പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോവിഡ് രോഗത്തെ തുടർന്ന് രുചിയും ഗന്ധവും നഷ്ടപ്പെട്ട രോഗികളിലാണ് പഠനം നടത്തിയത്. ഒരു വർഷം മുഴുവൻ നടത്തിയ പഠനത്തിൽ നാല് മാസത്തിലൊരിക്കൽ ഇവരിൽ സർവേ നടത്തിയിരുന്നു. ഈ പഠന റിപ്പോർട്ടാണ് ജമാ നെറ്റ്‌വർക്ക് ഓപ്പണിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചത്.
97 രോഗികളിൽ 51 പേരും സർവേകളിൽ വസ്തുനിഷ്ഠമായ പരിശോധനയ്ക്ക് വിധേയരായിരുന്നു. 51 രോഗികളിൽ 49 പേരും എട്ട് മാസത്തിനുള്ളിൽ അവരുടെ രുചിയും ഗന്ധവും പൂർണ്ണമായി വീണ്ടെടുത്തു. സുഖം പ്രാപിക്കാതിരുന്ന രണ്ട് രോഗികളിൽ ഒരാൾക്ക് മണം ലഭിച്ചു തുടങ്ങി. മറ്റൊരാൾക്ക് പഠനാവസാനത്തിലും മണം ലഭിച്ചു തുടങ്ങിയില്ല. 46 കോവിഡ് രോഗികൾ ഒരു വർഷത്തിനുശേഷമാണ് സുഖം പ്രാപിച്ചത്.
advertisement
ആറ് മാസത്തെ പഠനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 10 ശതമാനത്തിലധികം ആളുകൾ 12 മാസത്തിനുള്ളിൽ മണവും രുചിയും വീണ്ടെടുക്കുന്നതായി കണ്ടെത്തി. ആറുമാസത്തിനുള്ളിൽ 85.9 ശതമാനം രോഗികൾ സുഖം പ്രാപിച്ചതായാണ് മുമ്പ് കണ്ടെത്തിയത്. കോവിഡ് -19 അനുബന്ധ അനോസ്മിയ പെരിഫറൽ വീക്കം മൂലമാകാമെന്നാണ് സൂചനകൾ. എന്നാൽ ഈ അവസ്ഥ ഒരു വർഷത്തിനുള്ളിൽ പൂർണമായും ഭേദമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
തലവേദന, ശ്വാസതടസ്സം, തൊണ്ട വേദന, രുചിയും മണവും നഷ്ടപ്പെടൽ, തലകറക്കം, ജലദോഷം, വേദന, മൂക്കൊലിപ്പ്, ഛർദി, വയറിളക്കം, ചൊറിച്ചിൽ, ചെങ്കണ്ണ് എന്നിവയാണ് കോവിഡിന്റെ പ്രധാന ലക്ഷണങ്ങൾ. പുതിയ ചില പഠനങ്ങൾ അനുസരിച്ച് ശ്വാസകോശത്തെ മാത്രമല്ല ശരീരത്തിലെ എല്ലാ അവയവങ്ങളെയും കോവിഡ് ബാധിക്കും. കൂടാതെ കുട്ടികളിൽ അപൂർവ്വ അവസ്ഥയായ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി ലക്ഷണങ്ങൾക്കും കാരണമാകും. ഓർമ്മപ്രശ്നങ്ങൾ, മസ്തിഷ്ക വീക്കം, തലച്ചോറിൽ രക്തം കട്ടപിടിക്കൽ എന്നിവയ്ക്കും കാരണമായേക്കാം. ഉത്ക്കണ്ഠ, വിഷാദം എന്നിവ അടക്കം മാനസികാരോഗ്യത്തിനും കോവിഡ് കനത്ത വെല്ലുവിളി ഉയർത്തുന്നുവെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.