യൂറോപ്പിലും (europe) അമേരിക്കയിലും കോവിഡ് -19 കേസുകളുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുകയാണ്. വീണ്ടും കേസുകൾ വർദ്ധിക്കുന്നതിനാൽ മിക്ക രാജ്യങ്ങളും വീണ്ടും ലോക്ക്ഡൗണ്‍ (lockdown) ഏര്‍പ്പെടുത്താനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്.
ഡിസംബര്‍ 20 ന് യുകെയില്‍ (uk) 91,743 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോർട്ട് ചെയ്തു. യുഎസില്‍, ഡിസംബര്‍ രണ്ടാം വാരത്തില്‍ കേസുകളുടെ എണ്ണത്തിൽ ഏകദേശം 73.2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 14 ദിവസങ്ങളെ അപേക്ഷിച്ച് 87 രാജ്യങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയില്‍ രേഖപ്പെടുത്തുന്ന കേസുകളുടെ എണ്ണം വളരെ കുറവാണ്.
advertisement
ഡിസംബര്‍ 21 ന്, രാജ്യത്ത് 5,326 പുതിയ കൊറോണ വൈറസ് കേസുകള്‍ രേഖപ്പെടുത്തി. 581 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ആക്ടീവ് കേസുകൾ 79,097 ആയി കുറഞ്ഞു, ഇത് 574 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇന്ന് വരെ രാജ്യത്ത് 200 ഓളം കേസുകളില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിട്ടുണ്ടെങ്കിലും, രണ്ട് മാസത്തിലേറെയായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തില്‍ താഴെയാണ്.
മൊത്തം അണുബാധകളുടെ 0.23 ശതമാനം ഉള്‍പ്പെടുന്ന സജീവ കേസുകള്‍ 79,097 ആയി കുറഞ്ഞു. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. അതേസമയം ദേശീയ കോവിഡ് 19 റിക്കവറി നിരക്ക് 98.40 ശതമാനമായി ഉയർന്നു. ഇത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എന്നാൽ, ഡെല്‍റ്റ-ഒമിക്രോണ്‍ വേരിയന്റുകള്‍ ജനുവരി അല്ലെങ്കില്‍ ഫെബ്രുവരി അവസാനത്തോടെ ഒരു നേരിയ മൂന്നാം തരംഗ സാധ്യതയ്ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ''ഒമിക്രോണ്‍ വേരിയന്റ് ഇതുവരെ എവിടെയും ഗുരുതരമായ അണുബാധയ്ക്ക് കാരണമായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ധാരാളം ആളുകള്‍ വാക്‌സിനേഷന്‍ എടുത്തിട്ടുള്ളതിനാഷ മൂന്നാം തരംഗത്തില്‍ ആശുപത്രി കേസുകള്‍ കുറവായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,''ആസ്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. ജഗദീഷ് ഹിരേമത്ത് പറഞ്ഞു.
കേസുകളുടെ എണ്ണം കുറയാനുള്ള ഒരു കാരണം, ഡെല്‍റ്റ വേരിയന്റ് കേസുകളാണ് ഇപ്പോഴും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്, ഒമിക്രോണല്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡിസംബര്‍ 18ന് പറഞ്ഞത്, കൊറോണ വൈറസിന്റെ ഡെല്‍റ്റ വേരിയന്റാണ് ഇപ്പോഴും ഇന്ത്യയിലെ വ്യാപിക്കുന്നത്. ഒമിക്രോണ്‍ ഇതുവരെ ഡെൽറ്റയെ മറികടന്നിട്ടില്ല. അതായത് നിലവിലെ കോവിഡ് നടപടിക്രമങ്ങളും വാക്‌സിനുകളും ഫലപ്രദമാണ് എന്നതു തന്നെ.
ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുമെങ്കിലും, അത് ആരോഗ്യസംരക്ഷണ സംവിധാനത്തില്‍ വലിയ പ്രശ്‌നം ഉണ്ടാക്കില്ലെന്ന് ഐസിഎംആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ സമീരന്‍ പാണ്ട പറഞ്ഞു.
യുണൈറ്റഡ് കിംഗ്ഡം
പ്രതിദിനം 91,743 കൊറോണ വൈറസ് കേസുകള്‍ രാജ്യത്ത് റെക്കോര്‍ഡ് നിലയില്‍ രേഖപ്പെടുത്തിയതിനാല്‍ മന്ത്രിസഭ കോവിഡ് 19 ഡാറ്റ മണിക്കൂര്‍ തോറും നിരീക്ഷിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തിങ്കളാഴ്ച പറഞ്ഞു. കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ക്രിസ്മസിന് മുന്നോടിയായി കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അമേരിക്ക
കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് യുഎസില്‍ കൊറോണ വൈറസ് കേസുകള്‍ 16 ശതമാനം വര്‍ധിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 5 ശതമാനം വര്‍ധിക്കുകയും ചെയ്തു. അതേസമയം, മരണനിരക്ക് 2.4 ശതമാനം കുറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു. അവധിക്കാലം അടുക്കുമ്പോള്‍, നിരവധി അമേരിക്കക്കാര്‍ യാത്ര ചെയ്യുകയും വലിയ കുടുംബ സമ്മേളനങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. ഇതിലൂടെ രാജ്യം വീണ്ടും പുതിയ അണുബാധകളുടെ ദ്രുതഗതിയിലുള്ള വ്യാപനം കാണേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നു.
യുഎസിലെ കൊറോണ വൈറസിന്റെ പ്രബലമായ പതിപ്പാണ് ഒമിക്രോണ്‍. കഴിഞ്ഞയാഴ്ച 73% പുതിയ അണുബാധകള്‍ ഉണ്ടായതായി ഫെഡറല്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പറഞ്ഞു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നമ്പറുകള്‍ പ്രകാരം, ഒമിക്രോണ്‍ അണുബാധകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഏകദേശം ആറിരട്ടി വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത് ഇതിലും കൂടുതലാണ്. ന്യൂയോര്‍ക്ക്, തെക്കുകിഴക്ക് ഏരിയ, ഇന്‍ഡസ്ട്രിയല്‍ മിഡ്വെസ്റ്റ്, പസഫിക് നോര്‍ത്ത്‌വെസ്റ്റ് എന്നിവിടങ്ങളില്‍ 90% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പുതിയ അണുബാധകള്‍ക്ക് കാരണം ഒമിക്രോണാണ്. കഴിഞ്ഞയാഴ്ച യുഎസില്‍ 650,000-ലധികം ഒമിക്രോണ്‍ അണുബാധകള്‍ ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
നെതര്‍ലന്‍ഡ്‌സ്
മൂന്നാഴ്ച മുമ്പ് നെതര്‍ലാന്‍ഡില്‍ ആദ്യമായി ഒമൈക്രോണ്‍ വേരിയന്റ് കണ്ടെത്തിയതിന് ശേഷം കേസുകള്‍ വര്‍ധിച്ചു, അതേസമയം ആശുപത്രി വാര്‍ഡുകളില്‍ കോവിഡ് -19 രോഗികളുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. ഡിസംബര്‍ 19 ന് രാജ്യത്ത് 24 മണിക്കൂറിനിടെ 14,616 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ വേരിയന്റിന്റെ വ്യാപനം തടയാന്‍ ക്രിസ്മസ്, പുതുവര്‍ഷം എന്നീ സമയങ്ങളില്‍ രാജ്യം കര്‍ശനമായ ലോക്ക്ഡൗണിലേക്ക് പോകുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ പ്രഖ്യാപിച്ചു. റെസ്റ്റോറന്റുകള്‍, മ്യൂസിയങ്ങള്‍, ജിമ്മുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ അവശ്യേതര കടകളും സേവനങ്ങളും ഞായറാഴ്ച മുതല്‍ ജനുവരി 14 വരെ അടച്ചിടും. എല്ലാ സ്‌കൂളുകളും ജനുവരി 9 വരെ അടച്ചിടും.
ഓസ്‌ട്രേലിയ
ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്ത് പുതിയ കോവിഡ് -19 കേസുകള്‍ ചൊവ്വാഴ്ച ആദ്യമായി 3,000 കവിഞ്ഞു. ഇത് ബൂസ്റ്റര്‍ ഷോട്ടുകളുടെ വ്യാപനം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനെ സമ്മര്‍ദ്ദത്തിലാക്കി. ന്യൂ സൗത്ത് വെയില്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,057 പുതിയ കൊറോണ വൈറസ് കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
''ഞങ്ങള്‍ ലോക്ക്ഡൗണിലേക്ക് തിരിച്ചു പോകുന്നില്ല. സാമാന്യബുദ്ധിയോടും ഉത്തരവാദിത്തത്തോടും കൂടി ഈ വൈറസിനൊപ്പം ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നു,'' ഒമിക്രോണ്‍ കേസുകളുടെ വര്‍ദ്ധനവുണ്ടായിട്ടും പ്രധാനമന്ത്രി മോറിസണ്‍ പറഞ്ഞു.
