വെസ്റ്റ് ആഫ്രിക്കയിൽ നിന്നെത്തിയ 40 വയസ്സുള്ളയാൾക്കും കോവിഡ് ഒമിക്രോൺ വകഭേദം കണ്ടെത്തിയതോടെ മഹാരാഷ്ട്രയിലെ നാഗ്പൂരിലും ഞായറാഴ്ച ആദ്യത്തെ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തു.
നവംബർ 27ന് അയർലണ്ടിൽ നിന്ന് മുംബൈയിലേക്കും പിന്നീട് വിശാഖപട്ടണത്തിലേക്കും യാത്ര ചെയ്ത 34കാരന് കോവിഡ് പോസിറ്റീവായിരുന്നു. ഇയാളുടെ സാമ്പിളുകളും ജീനോം സീക്വൻസിംഗിനായി അയച്ചിരുന്നു. തുടർന്ന് വൈറസ് ഒമിക്രോൺ വകഭേദമാണെന്ന് കണ്ടെത്തി. ഡിസംബർ 11ന് വീണ്ടും നടത്തിയ പരിശോധനയിൽ ഇയാൾ കോവിഡ് നെഗറ്റീവായി.
ആന്ധ്രാപ്രദേശിലും ആദ്യമായാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. ഇതുവരെ, വിദേശത്ത് നിന്നെത്തിയ 15 പേർ കോവിഡ് പോസിറ്റീവായി. എല്ലാ സാമ്പിളുകളും ജീനോം സീക്വൻസിംഗിനായി അയച്ചു. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുൻകരുതലുകൾ സ്വീകരിക്കുകയും സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും പതിവായി കൈകൾ കഴുകുകയും ചെയ്യുന്നത് തുടരണമെന്നും അധികൃതർ അറിയിച്ചു.
advertisement
ചണ്ഡീഗഡിൽ, നവംബർ 22ന് ഇറ്റലിയിൽ നിന്നെത്തിയ 20കാരനിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. ഡിസംബർ 1ന് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും തുടർന്നുള്ള പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിക്കുകയുമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ 34കാരനായ കർണാടക സ്വദേശിയ്ക്കും രോഗം ബാധിച്ചിരുന്നു. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. ഇദ്ദേഹവുമായി പ്രാഥമിക കോൺടാക്റ്റുള്ള അഞ്ച് പേരെയും സെക്കൻഡറി കോൺടാക്റ്റുള്ള 15 പേരെയും കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു.
ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും പുതിയ കോവിഡ് വേരിയന്റ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വ്യാപനശേഷി കൂടുതലാണ് എന്ന് കരുതപ്പെടുന്ന ഒമിക്രോൺ വകഭേദം കുറഞ്ഞത് 59 രാജ്യങ്ങളിലേക്കെങ്കിലും വ്യാപിച്ചിട്ടുണ്ട്. യുകെ, ഡെൻമാർക്ക്, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ആദ്യ മൂന്ന് രാജ്യങ്ങൾ.
കഴിഞ്ഞ ആഴ്ച, ലോകാരോഗ്യ സംഘടന ഏഷ്യ-പസഫിക് മേഖലയിലെ രാജ്യങ്ങളോട് പുതിയ വകഭേദത്തെ നേരിടാൻ ആളുകൾക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
വാക്സിൻ ലഭിച്ച ആളുകൾ രോഗബാധിതരായാലും വളരെ കുറഞ്ഞ രോഗ ലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂവെന്ന് ബാംഗ്ലൂരിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനറ്റിക്സ് ആൻഡ് സൊസൈറ്റി (ടിഐജിഎസ്) ഡയറക്ടർ രാകേഷ് മിശ്ര പറഞ്ഞു. വാക്‌സിനേഷൻ കവറേജ് കൂടുതൽ വിപുലീകരിക്കുകയും കുട്ടികൾക്കുള്ള വാക്‌സിനുകൾ പുറത്തിറക്കുകയും ചെയ്‌താൽ വലിയ രീതിയിൽ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേസുകൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ ഒമിക്രോൺ വ്യാപനം രാജ്യത്ത് ഏതാണ്ട് ഉറപ്പാണ്. എന്നാൽ രോഗലക്ഷണങ്ങൾ കുറവായതിനാൽ ഡെൽറ്റയേക്കാൾ സാഹചര്യം മെച്ചമായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
