കഴിഞ്ഞ ദിവസം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലൂടെയായിരുന്നു ഇന്ത്യയിലെ കോവിഡ് അവസ്ഥയിലുള്ള ആശങ്ക റാമോസ് പങ്കുവച്ചത്. ഇത് കൂടാതെ അതിന്റെ കൂടെ തന്നെ യൂണിസെഫിന്റെ വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് പങ്കു വെച്ച് മഹാമാരി സമയത്ത് ഇന്ത്യയെ സഹായിക്കാന്‍ തന്റെ ആരാധകരോടും ലോകമെമ്പാടുമുള്ള മനുഷ്യരോടും താരം ആഹ്വാനം ചെയ്തു.
'ഇന്ത്യയില്‍ മരണങ്ങളും, അണുബാധയും വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കില്‍ ഏറ്റവും മുന്നിലുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് യുണിസെഫ് ഭയപ്പെടുന്നു അവര്‍ക്ക് അടിയന്തരമായി നമ്മളുടെ സഹായം ആവശ്യമാണ്,' യുണിസെഫിന്റെ ലിങ്ക് പങ്കു വെച്ചു കൊണ്ട് റാമോസ് ട്വിറ്ററില്‍ കുറിച്ചു.
advertisement
അതേ സമയം, രണ്ടാഴ്ച മുന്‍പ് റാമോസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 10 ദിവസ നിര്‍ബന്ധിത ക്വാറന്റൈന് വിധേയനാവേണ്ടി വന്ന താരത്തിന് ചെല്‍സിക്കെതിരെ നടന്ന ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ സെമിയില്‍ കളിക്കാനായിരുന്നില്ല. എന്നാല്‍ നിലവില്‍ ടീമിനൊപ്പം മികച്ച രീതിയില്‍ പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞ റാമോസ്, ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ സെമിയില്‍ റയല്‍ നിരയില്‍ കളിക്കാനിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. സെമിയില്‍ ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞിരുന്നു. റയലിന്റെ ഹോം ഗ്രൗണ്ടില്‍ എവേ ഗോള്‍ നേടിയതിന്റെ മുന്‍തൂക്കവുമായാണ് ചെല്‍സി രണ്ടാം പാദത്തിന് ഇറങ്ങുക.
ഇന്ത്യയിലെ കോവിഡ് സ്ഥിതി കണ്ട് സഹായഹസ്തവുമായി ഫുട്‌ബോളില്‍ നിന്നും വരുന്ന ആദ്യ വിദേശ ഫുട്‌ബോള്‍ കളിക്കാരനാണ് സെര്‍ജിയോ റാമോസ്. നേരത്തെ, ഇന്ത്യയെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുവാനായി ക്രിക്കറ്റില്‍ നിന്നും ഒട്ടേറെ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഈ ആഴ്ച ആദ്യം ഓസ്ട്രേലിയയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പേസര്‍ പാറ്റ് കമ്മിന്‍സും ഇന്ത്യന്‍ ആശുപത്രികള്‍ക്കായി ഓക്‌സിജന്‍ സാധനങ്ങള്‍ വാങ്ങുന്നതിന് 50,000 യുഎസ് ഡോളര്‍ സംഭാവന നല്‍കിയിരുന്നു.
കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തെ സഹായിക്കാന്‍ ബ്രെറ്റ് ലീയും സംഭാവന ചെയ്തിരുന്നു. 41 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ താരമായ നിക്കോളാസ് പൂരന്‍ തന്റെ ഐപിഎല്‍ പ്രതിഫലത്തിന്റെ പകുതി നല്‍കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ഇവരെ കൂടാതെ ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാന്‍, ജയദേവ് ഉനദ്കട് എന്നിവരും സംഭാവന നല്‍കി. ഉനദ്കട് തന്റെ വേതനത്തിന്റെ 10 ശതമാനം നല്‍കുമെന്നും ധവാന്‍ 20 ലക്ഷം രൂപയും ഇതിന് പുറമെ ഐപിഎല്‍ മത്സരങ്ങളില്‍ തനിക്ക് കിട്ടുന്ന സമ്മാനത്തുക ടൂര്‍ണമെന്റിനോടുവില്‍ കൈമാറുമെന്നും അറിയിച്ചു. കൂടാതെ,
മഹാമാരിക്കെതിരായ പോരാട്ടത്തിന് ഐപിഎല്‍ ഫ്രാഞ്ചൈസികളായ രാജസ്ഥാന്‍ റോയല്‍സ്, ദില്ലി ക്യാപിറ്റല്‍സ് എന്നിവ യഥാക്രമം 7.5 കോടി, 1.5 കോടി രൂപ സംഭാവന ചെയ്തു.
മഹാമാരിയായ കോവിഡില്‍ വലയുന്ന ഇന്ത്യയ്ക്ക് ഒരു കോടി രൂപ സഹായവുമായി സച്ചിന്‍ തെണ്ടുല്‍ക്കറും രംഗത്തെത്തിയിരുന്നു. 'മിഷന്‍ ഓക്‌സിജന്‍' പദ്ധതിയിലേക്ക് ആണ് സച്ചിന്‍ ഒരു കോടി രൂപ സംഭാവന ചെയ്തത്. ഈ പണം കോവിഡ് ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ ഇറക്കുമതി ചെയ്യാനായി ഉപയോഗിക്കും. മുന്‍ ഇന്ത്യന്‍ താരം വിരെന്ദര്‍ സെവാഗ് നടത്തുന്ന സെവാഗ് ഫൗണ്ടേഷന്‍ കോവിഡ് ബാധിത കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കി അവരെ പരിപാലിച്ചു വരുന്നു.
