ഇതുവരെയുള്ള കണക്കനുസരിച്ച് നൽകിയ ഡോസുകളിൽ 45.14 കോടി ഡോസുകൾ പുരുഷന്മാർക്കും 41.51 കോടി ഡോസുകൾ സ്ത്രീകൾക്കുമാണ് ലഭിച്ചിരിക്കുന്നത്. അതായത് 51.88% പുരുഷന്മാർക്കും 47.70% സ്ത്രീകൾക്കുമാണ് ഡോസുകൾ നൽകിയിരിക്കുന്നത്. അതായത് സ്ത്രീകൾക്ക് നൽകിയതിനേക്കാൾ മൂന്ന് കോടിയിലധികം ഡോസുകൾ പുരുഷന്മാർക്ക് നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ പുരുഷന്മാരുടെ ജനസംഖ്യ സ്ത്രീകളേക്കാൾ കൂടുതലാണ്. എന്നാൻ ഹിന്ദുസ്ഥാൻ ടൈംസിൽ വന്ന ഒരു വിശകലനം ഈ വേർതിരിവിന് കാരണം ജനസംഖ്യയിലുള്ള വ്യത്യാസമാണെന്ന വാദത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞു. കാമ്പെയ്നിന്റെ തുടക്കത്തിൽ ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും വാക്സിനേഷൻ സ്വീകരിച്ചിരുന്നില്ല. ഇവർ വാക്സിൻ എടുക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ദ്ധർ ഉറപ്പ് നൽകുമ്പോളും ഇതിനെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾ നിലനിൽക്കുന്നതിനാൽ ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും വാക്സിനേഷൻ എടുക്കാൻ മടിക്കുന്നു. ആർത്തവ സമയത്ത് വാക്സിനേഷൻ എടുക്കുന്നതിനെ ചുറ്റിപറ്റിയും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനാൽ ഈ സമയത്തും സ്ത്രീകൾ വാക്സിനേഷൻ എടുക്കാൻ മടിക്കുന്നു. വാക്സിൻ വന്ധ്യകരണത്തിന് കാരണമാകുന്നുവെന്നത് വ്യാപകമായ മറ്റൊരു മിഥ്യാധാരണയാണ്, പ്രത്യേകിച്ച് ഗ്രാമീണ സ്ത്രീകൾക്കിടയിൽ. വാക്സിൻ എടുത്താൽ ഗർഭം ധരിക്കാനും കുട്ടികളെ പ്രസവിക്കാനുമുള്ള അവരുടെ കഴിവിനെ ബാധിക്കുമെന്നുമുള്ള അവരുടെ ഭയം വാക്സിനേഷനിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നു. ബോധവൽക്കരണത്തിനായി ധാരാളം വിഭവങ്ങൾ ഉപയോഗപ്പെടുത്തി പരിശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും വലിയതോതിൽ കേട്ടുകേൾവിയെ ആശ്രയിക്കുന്നതിനാൽ രാജ്യത്തിലെ ഗ്രാമീണർക്ക് വാക്സിനേഷൻ നൽകാനാകുന്നില്ല.
advertisement
ഇപ്പോഴും പല വീടുകളിലും സമ്പാദിക്കുന്നവർ പുരുഷന്മാർ മാത്രമാണ്. ജോലി തുടരുന്നതിനായി അവർ വാക്സിൻ എടുക്കാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകൾക്ക് ഇത് ലഭിക്കാതിരിക്കാനുള്ള മറ്റൊരു കാരണം വാക്സിനേഷൻ കേന്ദ്രങ്ങൾ ഗ്രാമങ്ങളിൽ നിന്ന് വളരെ അകലെ ആയതിനാലാണ്. ഇന്നും നിരവധി വീടുകളിൽ സ്ത്രീകൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ അനുവാദം ആവശ്യമാണ്, അതിന് അനുവാദം ലഭിച്ചാലും പലപ്പോഴും വാക്സിനേഷൻ സെന്ററുകളിലേക്ക് ഒറ്റയ്ക്ക് പോകാൻ അനുവദിക്കാറില്ല. കുടുംബത്തിലുള്ള ഒരു പുരുഷന്റെ സാന്നിദ്ധ്യത്തിൽ മാത്രമാണ് അവർക്ക് വാക്സിനേഷൻ എടുക്കാൻ സാധിക്കുകയുള്ളൂ. കുടുംബത്തിന്റെ പരിചരണം പ്രധാനമായും നടത്തുന്നത് സ്ത്രീകളായതിനാൽ വാക്സിനേഷന് ശേഷമുള്ള പാർശ്വഫലങ്ങൾ വീട്ടുജോലിയെ ബാധിക്കാതിരിക്കാൻ പലപ്പോഴും വാക്സിൻ ഡോസ് എടുക്കുന്നത് പിന്നീടത്തേയ്ക്ക് മാറ്റിവെയ്ക്കുന്നു. അത് മാത്രമല്ല പല വീടുകളിലും സ്ത്രീകൾക്ക് സ്മാർട്ട്ഫോണുകൾ ലഭിക്കുന്നില്ല. സാങ്കേതികവിദ്യയിലേക്കുള്ള ആക്സ് ലഭിക്കാത്തതുമൂലം ചിലർക്ക് രജിസ്റ്റർ ചെയ്യാനും വാക്സിനേഷൻ എടുക്കാനും സാധിക്കുന്നില്ല.
പ്രചാരണം ആരംഭിച്ച ആദ്യ മാസങ്ങളിൽ വളരെയധികം കൂടുതലായിരുന്ന വാക്സിനേഷനിലെ ലിംഗഭേദ വേർതിരിവ് ഇപ്പോൾ ക്രമേണ കുറയുന്നതായി തോന്നുന്നു. ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട്, മിസോറാം, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ പുരുഷന്മാരേക്കാൾ കൂടുതൽ വാക്സിൻ ഡോസുകൾ ലഭിച്ചിരിക്കുന്നത് സ്ത്രീകൾക്കാണ്.
കുറഞ്ഞ വരുമാനം ഉള്ളവർ, ഗ്രാമീണർ എന്നിവർക്കായി പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാക്കുന്നതിനായി എടുത്ത നടപടികൾ സ്ത്രീകൾക്കും പ്രയോജനം ചെയ്യുന്നതാണ്. ചില സംസ്ഥാനങ്ങൾ ഗ്രാമങ്ങളിൽ കേന്ദ്രീകൃതമല്ലാത്ത വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കപ്പെടുന്നതിലൂടെ ദീർഘദൂര യാത്ര ഒഴിവാക്കികൊണ്ട് അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് തന്നെ ആളുകൾക്ക് ഡോസുകൾ ലഭിക്കുന്നു. ഇത് വാക്സിൻ എടുക്കാൻ കൂടുതൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കാനും സാധ്യതയുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇപ്പോൾ സ്പോട്ട് രജിസ്ട്രേഷനുകളും വോക്ക്-ഇൻ സ്ലോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. അതിനാൽ കോ-വിൻ പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യാൻ അറിയാത്ത സ്ത്രീകൾക്ക് കേന്ദ്രത്തിൽ നേരിട്ട് ചെന്ന് വാക്സിനേഷൻ എടുക്കാനുള്ള സൗകര്യവും ഉണ്ട്. മുംബൈയിൽ നഗരത്തിലുടനീളമുള്ള കേന്ദ്രങ്ങളിൽ വാക്-ഇൻ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചു, പ്രത്യേകിച്ച് സ്ത്രീകൾക്കായി.
ലിംഗഭേദ വേർതിരിവ് ഇല്ലാതാക്കാനുള്ള നടപടികൾ ഇതൊക്കെയാണെങ്കിലും വാക്സിനുകൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കുന്നതിനായി ഈ ശ്രമങ്ങൾ സംസ്ഥാനങ്ങളിലുടനീളം വർദ്ധിപ്പിക്കേണ്ടതുണ്ട്. പൊതുജനാരോഗ്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കൂടുതൽ സ്ത്രീകളെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരുന്നതിനും പ്രാധാന്യം നൽകേണ്ടകുണ്ടെന്നാണ് ദേശീയ വനിതാ കമ്മീഷന്റെ (NCW) കണ്ടെത്തൽ. അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകൾ (ASHA), അങ്കണവാടി വർക്കർമാർ, മറ്റ് സാമൂഹിക ആരോഗ്യ പ്രവർത്തകർ എന്നിവരിലൂടെ ഇത് പ്രാവർത്തികമാക്കാനാകും. പുരാതന കാലം മുതലുള്ള ലിംഗഭേദ സംബന്ധമായ സ്റ്റീരിയോടൈപ്പുകൾ തകർത്തെറിയേണ്ടതും രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകേണ്ടതും അത്യന്താപേക്ഷിതമാണ്.
നിലവിൽ കോ-വിൻ ഡാഷ്ബോർഡിലെ 'മറ്റുള്ളവ' വിഭാഗത്തിൽപ്പെടുന്ന ട്രാൻസ്ജെൻഡർ, നോൺ-ബൈനറി, ജെൻഡർ ഫ്ലൂയിഡ് എന്നിവർക്ക് നൽകിയ വാക്സിനേഷനെകുറിച്ച് പരിമിതമായ ഡാറ്റ മാത്രമാണുള്ളത്. 191690 വാക്സിൻ ഡോസുകൾ ഈ ഗ്രൂപ്പിന് നൽകിയിട്ടുണ്ട്.
