കൂടുതൽ പാളികൾ എന്നാൽ അതിനർഥം സുഷിരങ്ങൾ കുറഞ്ഞ മാസ്കെന്നാണ്. ഇത് സുരക്ഷിതമല്ലാത്ത രീതിയിൽ മുഖത്ത് വെച്ചാൽ വശങ്ങളിലും മുകളിലും താഴെയുമുള്ള വിടവുകൾ കൂടാൻ സാധ്യതയുണ്ടെന്നും പഠനം നടത്തിയ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെയും ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ പറയുന്നു. രണ്ട് പാളികളുണ്ടെങ്കിൽ നന്നായി ഫിറ്റായി മുഖത്തോട് ചേർന്ന് നിന്നാൽ മാത്രമേ ഗുണം ചെയ്യുകയുള്ളൂ. എന്നാലിത് ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും പഠനത്തിൽ പറയുന്നു.
കട്ടിയില്ലാത്ത തുണിയിൽ നെയ്തെടുത്ത മാസ്കുകൾ കോവിഡിനെതിരെ ഏറ്റവും കുറവ് പ്രതിരോധം സൃഷ്ടിക്കുന്നതാണെന്ന് ഗവേഷകർ പറയുന്നു. N95, KN95 എന്നീ മാസ്കുകളാണ് ഏറ്റവും കൂടുതൽ സുരക്ഷിതത്വം നൽകുന്നത്. രോഗം പടർന്ന് പിടിച്ചിട്ട് രണ്ട് വർഷമായിട്ടും ഇപ്പോഴും മാസ്ക് ഉപയോഗിക്കുന്ന രീതിയിലും അതിൻെറ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടും ആധികാരികമായി ആർക്കും വിശദീകരണം നൽകാൻ സാധിച്ചിട്ടില്ല. ഓരോ തരം മാസ്കും എങ്ങനെയാണ് മുഖത്ത് ഫിറ്റായി ഇരിക്കേണ്ടത്, എങ്ങനെയാണ് മുഖത്തിൻെറ ആകൃതിയും മാസ്കിൻെറ ആകൃതിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ ശാസ്ത്രീയമായ രീതിയിൽ പഠനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
advertisement
Also Read-ഒരിക്കൽ ബാധിച്ചവർക്ക് വീണ്ടും കോവിഡ് ഉണ്ടാകാനുള്ള കാരണമെന്ത്? വിദഗ്ധർ പറയുന്നത് ഇങ്ങനെ
തുണികൊണ്ടുള്ള മാസ്‌ക് ധരിച്ച മുതിർന്ന ഒരു പുരുഷന്റെ വായിൽ നിന്നുള്ള ചുമയെ പഠനത്തിന് വിധേയമാക്കി. മാസ്കിന്റെ മുൻവശത്തുകൂടി പരമാവധി ഈർപ്പം പുറത്ത് വരുന്നുണ്ടോയെന്നും സുഷിരങ്ങളിലൂടെയും അരികുകളിലൂടെയും പുറത്ത് വരുന്നുണ്ടോയെന്നുമെല്ലാം ശ്രദ്ധിച്ചു. 100 പുരുഷൻമാരിലും 100 സ്ത്രീകളിലും പരീക്ഷണം നടത്തിയ ശേഷമാണ് ഗവേഷകർ റിപ്പോർട്ട് തയ്യാറാക്കിയത്. ആളുകളുടെ മുഖങ്ങളുടെ ആകൃതിയിലെ ചെറിയ വ്യത്യാസങ്ങൾ പോലും മാസ്ക് ഫിറ്റായി നിൽക്കുന്നതിനെ ബാധിക്കുന്നുണ്ടെന്ന് അവർ കണ്ടെത്തി. ഉദാഹരണത്തിന്, ഒരു മാസ്ക് ചിലപ്പോൾ വലതുവശത്ത് നന്നായി ചേർന്നിരിക്കുന്നുണ്ടാവാം. എന്നാൽ ഇടതുവശത്ത് അതിന് കൂടുതൽ വിടവുകളുണ്ടായേക്കും.
"മുഖത്തിന്റെ രൂപഘടനയിലെ വ്യത്യാസം ചിലപ്പോൾ കണ്ണുകൾ കൊണ്ട് ദൃശ്യമാകില്ല. എന്നാൽ മുഖത്തിന്റെ ആകൃതിയ്ക്ക് അനുസരിച്ച് ഓരോരുത്തരും ചുമയ്ക്കുമ്പോൾ കഫം പുറത്തോട്ട് പോവുന്നത് വ്യത്യസ്ത രീതിയിലായിരിക്കും," ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരിൽ ഒരാളായ ടോമസ് സോളാനോ പറഞ്ഞു. ചിലർക്ക് മാസ്കിൻെറ മുകൾഭാഗത്തെ വിടവിലൂടെ ഉമിനീരിൻെറയും കഫത്തിൻെറയും ഈർപ്പം പുറത്ത് വന്നേക്കും. മുഖത്തിൻെറ രൂപഘടനയിലുള്ള വ്യത്യാസമനുസരിച്ച് താഴത്ത് കൂടിയും വശങ്ങളിലൂടെയുമെല്ലാം ഈർപ്പം പുറത്തേയ്ക്ക് വന്നേക്കാം, അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോരുത്തരുടെയും മുഖത്തിൻെറ ഘടനയ്ക്ക് അനുസരിച്ചുള്ള മാസ്ക് നിർമ്മിക്കുകയെന്നത് പ്രായോഗികമായ കാര്യമല്ലെന്നും പഠനത്തിൽ പറയുന്നു.
