കോവിഡ് 19 വൈറസിനെ നിർവീര്യമാക്കാൻ സ്രാവിലെ പ്രോട്ടീനുകൾക്ക് കഴിയുമെന്ന് പഠനം പറയുന്നു. കോവിഡ് വകഭേദങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാൻ ഈ പ്രോട്ടീന് കഴിയുമെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തൽ.
വിഎൻഎആർ (VNAR) എന്നറിയപ്പെടുന്ന ഈ പ്രോട്ടീന് മനുഷ്യനിലെ ആന്റിബോഡിയുടെ പത്തിലൊന്ന് മാത്രമേ വലിപ്പമുള്ളൂ. വലിപ്പം കുറവാണെങ്കിലും കോവിഡ് 19 വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമായി സവിശേഷമായ രീതിയിൽ ബന്ധിക്കപ്പെടാൻ ഇവയ്ക്ക് കഴിയുമെന്ന് ഗവേഷകർ പറയുന്നു. അണുബാധ തടയാനുള്ള ശേഷി കൂട്ടാൻ ഈ പ്രത്യേകത സഹായിക്കും.
കൊറോണ വൈറസ് മനുഷ്യകോശങ്ങളെ അതിന്റെ സ്പൈക്ക് പ്രോട്ടീൻ വഴിയാണ് ബാധിക്കുക. മനുഷ്യ ആന്റിബോഡികളെ അപേക്ഷിച്ച്, ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിച്ചെടുക്കാൻ ഈ പ്രോട്ടീൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
advertisement
വിദഗ്ദ്ധരുടെ അഭിപ്രായം എന്ത്?
"ലോകമെമ്പാടും അവതരിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെ കണ്ടെത്തുക എന്നതാണ് നമ്മുടെ മുന്നിലുള്ള വലിയ വെല്ലുവിളി. സ്രാവിന്റെ വിഎൻഎആർ എന്ന പ്രോട്ടീനിൽ നിന്ന് ഈ മഹാമാരിയെ ഫലപ്രദമായി ചെറുക്കാൻ സഹായിക്കുന്ന പുതിയ ആയുധം രൂപപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ", വിസ്കോൺസിൻ സർവകലാശാലയിലെ പാത്തോളജി ആൻഡ് ലബോറട്ടറി മെഡിസിൻ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറും ഈ പഠനത്തിന്റെ ഭാഗമായി പ്രവർത്തിച്ച ഗവേഷകനുമായ ആരോൺ ലെബ്യൂ പറയുന്നു. മനുഷ്യ ആന്റിബോഡിയ്ക്ക് എത്തിച്ചേരാൻ കഴിയാത്ത സ്ഥലങ്ങളിൽ പോലും കടന്നുചെല്ലാൻ സ്രാവിന്റെ പ്രോട്ടീന് കഴിയുമെന്നും കോവിഡ് അണുബാധയെ കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, വാക്സിൻ നിർമാണ കമ്പനിയായ ഫൈസർ കുട്ടികൾക്കായി മൂന്ന് ഡോസുള്ള വാക്സിൻ വികസിപ്പിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജര്‍മ്മനിയുടെ ബയോഎന്‍ടെക് എസ്ഇയുമായി ചേർന്നാണ് ഫൈസര്‍ കോവിഡ് 19 വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. കമ്പനികള്‍ ഒമിക്രോണ്‍ വേരിയന്റിനെ പ്രതിരോധിക്കാന്‍ അവരുടെ വാക്‌സിന്റെ പുതിയ പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, എന്നാല്‍ അത് ആവശ്യമാണോ എന്ന് തീരുമാനിച്ചിട്ടില്ല. ജനുവരിയില്‍ പുതിയ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫൈസര്‍ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു.
ഒമിക്രോണ്‍ വേരിയന്റിന്റെ വരവോടു കൂടി വീണ്ടും രോഗം ബാധിക്കാനുള്ള സാധ്യത 5.4 മടങ്ങ് കൂടുതലാണ്. എന്നാൽ ഇത് ഡെല്‍റ്റയെക്കാൾ മിതമായ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നതിന് തെളിവുകളില്ലെന്നും ലണ്ടനിലെ ഇംപീരിയല്‍ കോളേജ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
അതേസമയം, ആശുപത്രികളുടെയും ആരോഗ്യ സംവിധാനങ്ങളുടെയും ജോലി ഭാരം കുറയ്ക്കാന്‍ വാക്‌സിനേഷന്‍ ബൂസ്റ്റര്‍ കാമ്പെയ്നുകള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ രാജ്യങ്ങൾ നടത്തുന്നുണ്ട്. ഇതുവരെ, വൈറസിന്റെ വര്‍ധനവ് ബ്രിട്ടനിലും യൂറോപ്പിലെ മറ്റിടങ്ങളിലുമുള്ള ആശുപത്രിവാസത്തിലോ മരണങ്ങളിലോ വലിയ കുതിച്ചുചാട്ടത്തിന് കാരണമായിട്ടില്ല.